പള്ളിക്കര v/$ കിഴക്കേമൂല - 1

          


Karthika thinkal

"ടാ അരുണേ ബോൾ ഇട്. ഞാൻ ചെയ്യാം ഈ കളി കൂടി തോറ്റാ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ല"

"വേണ്ടെടാ ഈ ഓവർ ജാസിമിന് കൊടുക്കാം നീ ലാസ്റ്റ് ഓവർ ഒന്ന് പിടിച്ചെറിഞ്ഞാൽ മതി കളി നമ്മുടെ കയ്യിലാ."


അരുണും നസീബും കൂടി പൊരിഞ്ഞ പ്ലാനിങ്ങിലാണ്. പള്ളിക്കര ടീമിന്റെ ക്യാപ്റ്റനാണ് നസീബ്. അരുൺ ആണ് നമ്മുടെ സീനിയർ കളിക്കാരൻ . ഒരു അവധി ദിവസം കിട്ടിയാൽ ചങ്ങാതിമാരെല്ലാം ബാറ്റും ബോളുമെടുത്ത് ഗ്രൗണ്ടിലേക്കാണ്. 


"ജാസിം എറിയണോടാ കഴിഞ്ഞ തവണ ഇവനെറിഞ്ഞിട്ട് ഒരോവറിൽ രണ്ട് വെടിക്കെട്ട് സിക്സാണ് കൊടുത്തത്.ഇത്തവണ കൂടി തോറ്റാൽ കിഴക്കേമൂലക്കാര് നമ്മളെ കൂകി പൊളിക്കും "


"എന്നാൽ ഉമ്മറൂട്ടി എറിയട്ടെ. ഈ ഓവർ റൺസ് പോയില്ലെങ്കി നമുക്ക് അടിച്ചെടുക്കാവുന്നതല്ലേ ഒള്ളൂ "  അരുണിന്റെ അഭിപ്രായം ശരിയാണെന്നു തോന്നി 

"ഉമ്മറൂട്ടീ ടാ" നസീബ് നീട്ടിവിളിച്ചു 

"നീ ബോൾ എറിഞ്ഞോ നോക്കി എറിയണംട്ടോ ഈ കളികൂടി കയ്യിന്നു പോകരുത്"

"കൈ വേദനയാടാ രാവിലെ ജാസിമിനോട് സ്റ്റമ്പ് തറക്കാൻ പറഞ്ഞതാ അവൻ സ്റ്റമ്പിനിട്ട് അടിച്ചത് കൊണ്ടത് എന്റെ കയ്യിലാ അത് മാത്രല്ലടാ ആ ജോണ്സനാ ബാറ്റ് ചെയ്യുന്നേ എന്തടിയാടാ കഴിഞ്ഞ ഓവറിൽ ആ തെണ്ടി അടിച്ചെ " കൈ തിരുമ്മിക്കൊണ്ട് ഉമ്മറൂട്ടി പറഞ്ഞു 


ഗെയിൽ ജോൺസൺ. ജോൺസന്റെ കടുംവെട്ട് ബാറ്റിംഗ് കാരണം വീണ പേരാണ്  . കിഴക്കേമൂല ടീമിന്റെ ഓപ്പണർ ആണ് ആള്. 


"അതൊക്കെ ശരിയാ എന്നാലും സാരമില്ല നീ എറിയ്. അവനെ നോക്കണ്ട."


ഉമ്മറൂട്ടി ആ ഓവർ നന്നായി തന്നെ പന്തെറിഞ്ഞു.  13റൺസു മാത്രമേ കൊടുത്തുള്ളൂ കൂടെ ഒരു വിക്കറ്റും. ജോൺസന്റെ ക്യാച്ച് ഓഫ്‌സൈഡിൽ ബൗണ്ടറിക്ക് അടുത്തുനിന്ന ജാസിമിന്റെ കയ്യിൽ. 

അവസാന ഓവറിൽ നസീബ് ഏഴ് റൺ മാത്രം വിട്ടുകൊടുത്ത് ബാക്കിയുണ്ടായിരുന്ന രണ്ട് വിക്കറ്റുകൂടി ഇങ് എടുത്തു. 


"നസീബെ തകർത്തു ടാ. അവർക്കിപ്പോ ടോട്ടൽ എത്രയുണ്ട് " ആൽബിനാണ് ചോതിച്ചത് നമ്മുടെ ഓപ്പണർ ആണ് കക്ഷി. 

"ആടാ അവർക്ക് പത്ത് ഓവറിൽ എഴുപത്തിനാല് ഉണ്ട്. വലിയ കുഴപ്പമില്ല നമുക്ക് അടിച്ചെടുക്കാം. "

ആൽബിന്റെ കയ്യിലേക്ക് ബാറ്റ് കൊടുത്തുകൊണ്ട് നസീബ് പറഞ്ഞു 


"ജാസിമെ കലക്കിടാ ആ ക്യാച്ചെടുത്തില്ലായിരുന്നെങ്കിൽ അവൻ അടിച്ചുകൂട്ടിയേനെ" അരുണിന്റെ വക അഭിനന്ദനം. 

"അരുണേ, ആൽബിനും ജാസിമും ഓപ്പണിങ് ഇറങ്ങട്ടെല്ലേ. നീ ആദ്യം ഇറങ്ങി ചുമ്മാ വിക്കറ്റ് കളയണ്ട." നസീബിന്റെ ഉപദേശം. 


"ക്യാപ്റ്റന്റെ വാക്ക് കേട്ടില്ലെന്നുവേണ്ട വാടാ പെട്ടെന്ന് ഇറങ്."ഒന്ന് ചിരിച്ചുകൊണ്ട് അരുൺ പറഞ്ഞു 

"അതെയതെ കൂടെനിന്ന് തന്ത്രം മെനഞ്ഞ ക്യാപ്റ്റൻ ഈ കളിയിൽ തന്നെ രണ്ട് ക്യാച്ചാ വിട്ടത്." ജാസിമിന്റെ ആയിരുന്നു അടുത്ത ഊഴം 

"മതിയെടാ മതി ചെന്ന് കളിക്കാൻ നോക്ക് "


ചിരിയും ചർച്ചയൊക്കെ കഴിഞ്ഞ് ബാറ്റിംഗ് തുടങ്ങി അങ്ങനെ ആൽബിനും നിസാമും കൂടി ഓപ്പണിങ് ഇറങ്ങി. 

പള്ളിക്കരയുടെയും കിഴക്കേമൂലയുടെയും കളി കാണാൻ ആളുകൾ ഒക്കെ അവിടിവിടെയായി ഗ്രൗണ്ടിന് പുറത്തുണ്ട്. 

"ബഷീർക്കാ.... മോനു എവിടെ അവനോട് പോയി കുറച്ചു വെള്ളം എവിടുന്നേലും കൊണ്ടുവരാൻ പറയ് വെയിലത്തു നിന്നു മടുത്തു."

"ആ ഇപ്പൊ റെഡിയാക്കാടാ. അച്ചൂട്ടി നീ പോയി കുറച്ചു വെള്ളം കൊണ്ടൊന്നെ മോനൂനെ കൂടി കൂട്ടിക്കോ വേഗം ചെല്ല് "


പള്ളിക്കരയുടെ റിട്ടയേഡ് കളിക്കാരനാണ് ബഷീർക്ക. ഇപ്പൊ ടൗണിൽ ഒരു പ്രൈവറ്റ് സ്കൂളിന്റെ സ്കൂൾബസിൽ ഡ്രൈവർ ആണ്. ടീമിന്റെ സ്പോൺസർ എന്ന് വേണമെങ്കിൽ പറയാം. പള്ളിക്കര ടീമിന്റെ ബാറ്റ്, ബോൾ ഒക്കെ പുള്ളിയുടെ സംഭാവനയാണ്. 


ആൽബിനും ജാസിമും കൂടി ഓപ്പണിങ് തുടങ്ങി ഓരോവർ കഴിഞ്ഞപ്പോൾ നാല് റൺസ് എടുക്കാനേ പറ്റിയിട്ടുള്ളൂ. 

"ജാസിമെ ബാറ്റിൽ കിട്ടുന്നില്ലെങ്കിൽ സിംഗിൾ ഇട്ടോ. ബോൾ ഒരുപാട് കളയണ്ട" ആൽബിന്റെ ഉപദേശം 

"പിന്നേ ഓരോവർ നിന്ന് തുഴഞ്ഞിട്ട് ആകെ ഒരു ഫോറടിച്ചു എന്നിട്ടാണ് അവന്റെ ഉപദേശം. ഒന്ന് പോയെടാ" ജാസിം തമാശ മട്ടിൽ പറഞ്ഞുകൊണ്ട് ബാറ്റ് ചെയ്യാനൊരുങ്ങി. 


ആദ്യത്തെ മൂന്ന് ബോൾ കടന്നുപോയപ്പോൾ തന്നെ നസീബ് പുറത്തുനിന്ന് ഓരോന്ന് പറഞ്ഞുതുടങ്ങി "ആദ്യം തന്നെ ഇവനെ ഇറക്കണ്ടായിരുന്നല്ലേ. നമുക്ക് അടിച്ചെടുക്കാവുന്ന റൺ ആണെന്ന് ഓർത്തു "

"ആ നിക്കട്ടെടാ കളിയൊക്കെ ഇപ്പോഴും നമ്മുടെ കയ്യിലല്ലേ. ഒത്തിരി സിമ്പിൾ ആയി കാണാതിരുന്നാൽ മതി " അരുൺ ഇപ്പോഴും നല്ല വിശ്വാസത്തിലാണ്. 


ജാസിം ഒന്ന് ചുറ്റും നോക്കി പള്ളിക്കരയുടെ കളികാണാൻ നാട്ടുകാരൊക്കെ കൂടിയിട്ടുണ്ട് ഗ്രൗണ്ടിന് പുറത്തെ ബദാം മരത്തിന് കീഴെ കൂട്ടുകാരികളോടൊപ്പം കളികണ്ടു നിൽക്കുന്ന ഒരു മുഖം അവന്റെ മനസ്സിലുടക്കി 'സുലൈഖ'.

പണ്ടൊരിക്കൽ ഓത്തുപള്ളിയിൽ പോകുന്ന കാലത്തെങ്ങോ ജാസിം ആദ്യമായ് ഇഷ്ടം പറഞ്ഞ പെണ്ണാണ്. അതിന് മൊല്ലാക്കയുടെ കയ്യിന്ന് നല്ല അടിയും കിട്ടിയിരുന്നു. 

എന്നാലും അവൻ വിട്ടിട്ടില്ല പ്രീ ഡിഗ്രി കഴിഞ്ഞിട്ടും അവനിപ്പോഴും അവളുട പിന്നാലെതന്നെ. 


ഇന്ന് കുറേക്കാലം കൂടി പെട്ടെന്ന് കണ്ടതിന്റെ ഷോക്കിലാണ് കക്ഷി. 

"പടച്ചോനേ ഓൾക്ക് വരാൻ കണ്ട നേരം. ഓള് കണ്ടോണ്ടിരിക്കുന്നുമുണ്ട് ഇതുവരെ ഒരു റൺ പോലും അടിച്ചിട്ടുമില്ല. " മനസ്സിൽ ഓരോന്ന് പിറുപിറുത്തുകൊണ്ട് അവൻ അടുത്ത പന്തിനെ നേരിടാനൊരുങ്ങി. 


നാലാമത്തെ ബോളാണ്. കണ്ണും പൂട്ടി അടിച്ച ബോൾ ഓഫ്‌സൈഡിൽ ഫീൽഡിൽ നിന്ന മാത്തൂട്ടിടെ കയ്യിലേക്ക്. ആസമയത്ത് ഒരു ലോട്ടറി എടുത്തിരുന്നെങ്കിൽ ചിലപ്പോ ജാസിമിന് ഒന്നാം സമ്മാനം അടിച്ചേനെ എന്ന് തോന്നി. ക്യാച്ചിനായി ഓടിയ മാത്തൂട്ടി സ്പോട്ടിൽ സ്ലിപ്പായി ഗ്രൗണ്ടിൽ വീണു. ക്യാച്ചുവന്ന പന്ത് വീണുകിടന്ന മാത്തൂട്ടിയുടെ തലയിൽ വന്നു കൊണ്ട് ഫോർ ലൈനിലേക്കും. 


അങ്ങനെ ഔട്ടായി എന്നോർത്തിരുന്ന നേരത്ത് ഫോറടിച്ച ജാസിമിന് ഡബിൾ കോൺഫിഡൻസ്. 


അഞ്ചാമത്തെ ബോൾ ഒരു ഫാസ്റ്റ് യോർക്കർ. സ്റ്റമ്പ് രണ്ടുവട്ടം മിന്നി എന്നോർത്ത പന്ത്‌ എന്തോ ഭാഗ്യത്തിന് കടന്നുപോയി. 


ബോളെറിഞ്ഞിട്ട് നിലത്തുവീണ വട്ടത്തൊപ്പി എടുത്ത് തലയിൽ വെച്ചിട്ട് തന്നെ നോക്കി ഇളിച്ചോണ്ട് നിന്ന ജാബിറിന്റ മുഖത്തേക്ക് എന്തോരേറാ എന്ന മട്ടിൽ ഒന്ന് നോക്കിയിട്ട് ജാസിം തിരിഞ്ഞു. 

"സുനൈന ക്ക് മുന്നിൽ നാണം കെടെണ്ടെന്നുവെച് എങ്ങനൊക്കെയോ ഒരു ബോള് ബാറ്റിൽ കൊള്ളിച്ചു പിടിച്ചു നിന്നപ്പോ ഇടിവാള് പോലെയുള്ള പന്താണ് എറിയുന്നത് തെണ്ടി " മനസ്സിൽ പലതും പിറുപിറുക്കുന്നുണ്ടെങ്കിലും പുറത്തേക്കൊന്നും വരുന്നില്ല. 


ഈ ഓവറിലെ അവസാന ബോളാണ് ഇടത്ത്സൈഡിൽ ബാറ്റിൽ കിട്ടിയ ഒന്നാന്തരം ഒരു പുൾടോസ് പടച്ചോനേ ഇങ്ങള് കാത്തോളീ ന്നും പറഞ്ഞു കാല് ഒന്ന് പിന്നോട്ട് വെച്ചിട്ട് തകർപ്പൻ ഒരു ഷോട്ട്  ലെഗ്‌സൈഡിൽ പാറക്കുളത്തിനടുത്ത് റബറിന് ഷീറ്റടിക്കുന്ന മെഷീൻ പുരക്കകത്തു പോയി ചാടി. തകർപ്പനൊരു സിക്സ്. 


Karthika thinkal



കിഴക്കേമൂല ടീമിനൊഴികെ കളികാണാൻ വന്നിരുന്നവർക്കൊക്കെ എല്ലാവർക്കും ആവേശം . അപ്പോഴും സുനൈന പ്രത്ത്യേകിച്ചൊരു ഭാവ വ്യത്യാസവുമില്ലാതെ ഇപ്പോഴും ആ മരത്തിന്റെ ചുവട്ടിൽ കൂട്ടുകാരികളുടെ കൂടെ ഓരോന്ന് പറഞ്ഞുകൊണ്ടിരിക്കുന്നു. 


"ഇനി അവളിതൊന്നും കാണുന്നില്ലേ. ഏയ് കളിയൊക്കെ കാണുന്നുണ്ട് . ഇനി ഓളുടെ ടീമിനെതിരെ അടിച്ചത് കൊണ്ടാണോ.  ആണ്ടിലൊരിക്കലെ ഒരു സിക്സൊക്കെ അടിക്കാറുള്ളൂ. അതൊക്കെ ഒന്ന് കണ്ടാലെന്താ.ഒരു ചിരി അല്ലെങ്കിലൊരു കയ്യടി ഒക്കെ തന്നാലെന്താ പൈസ മുടക്കൊന്നുമില്ലല്ലോ"

ജാസിമിന്റെ മനസ്സ് എന്തൊക്കെയോ പറഞ്ഞുകൊണ്ടിരിക്കുന്നു. 


"അടിച്ചു തകർത്തോടാ മുത്തേ " എന്നും പറഞ്ഞു മൂന്നാമത്തെ ഓവറിലേക്ക് ആൽബിന് ബാറ്റ് കൊടുത്തു. ഇത്തവണ എന്തായാലും ഒന്നും മിണ്ടിയില്ല ചിരിച്ചുകൊണ്ട് തന്നെ ആൽബിൻ ബാറ്റ് ചെയ്യാനിറങ്ങി.


മൂന്നാമത്തെ ഓവറാണ് ജമാലാണ് ബോൾ എറിയാൻ വരുന്നത്. ആ പറയാൻ വിട്ടുപോയി ഇപ്പോഴീ പന്തെറിയാൻ വരുന്ന ജമാലിന്റ പെങ്ങളാണ് നമ്മുടെ സുനൈന.

ജമാൽ കിഴക്കേ മൂലയുടെ ഓൾറൗണ്ടർ കളിക്കാരൻ ആണ്. 

ജമാലിന്റെ കൂടെ പണ്ടൊക്കെ കൂട്ടുകാരികളോടൊപ്പം കളികാണാനൊക്കെ സുനൈന ഇങ്ങനെ വരുമായിരുന്നു പത്താം തരം കഴിഞ്ഞ് പിന്നെ അങ്ങനെ ഒന്നും ഇറങ്ങാറില്ലായിരുന്നു. ഇന്നിപ്പോ എന്താണോ. 


ഓരോന്ന് ചിന്തിച്ചിരിക്കുന്നതിനിടയിൽ ജമാൽ ഒന്നാമത്തെ ബോളെറിഞ്ഞു ആബോൾ മുന്നിൽ തന്നെ തട്ടിയിടാൻ മാത്രമേ ആൽബിന് പറ്റിയുള്ളൂ. രണ്ടാമത്തെ ബോൾ ഒരു യോർക്കർ ആയിരുന്നെങ്കിലും ഒരു സ്റ്റെപ്പ് കയറി ആൽബിന് സ്‌ട്രൈറ്റ് ഒരു സിക്സർ പറത്തി. കാണികൾക്ക് വീണ്ടും കയ്യടിയും ബഹളവും. 


പക്ഷെ ആരവങ്ങൾക്ക് ഒരുപാടായുസുണ്ടായില്ല അടുത്ത രണ്ട് ബോൾ വെറുതേ പോയി അഞ്ചാമത്തെ ബോളിൽ ആൽബിന്റെ വിക്കറ്റും പോയി.  ക്‌ളീൻ ബൗൾഡ്. 


"നീ എന്ത് നോക്കി നിൽക്കുവാ വിക്കറ്റ് പോയെടാ പോയി ബാറ്റ് ചെയ്യ് " കളികണ്ടിരുന്ന നസീബിനെ പിടിച്ചു എഴുന്നേൽപ്പിച്ചു ക്കൊണ്ട് അരുൺ പറഞ്ഞു 

"ദാഹിച്ചിട്ട് വയ്യളിയാ മോനു വെള്ളം കൊണ്ടുവരാൻ പോയിട്ടുണ്ടല്ലോ.കുടിച്ചിട്ട് ഇറങ്ങിയാൽ പോരെ അവൻ വരുന്ന വരെ വേറെ ആരോടേലും കേറാൻ പറ" 

"ആ മോനു വരട്ടെ എന്നിട്ട് കുടിക്കാം നീപോയി ബാറ്റ് ചെയ്യ് റൺ ഇല്ല. നീ എന്തൊരു ക്യാപ്റ്റൻ ആടാ . എടാ ചെല്ലെടാ  "  


ഒടുക്കം നസീബ് ഇറങ്ങി മൂന്നാമത്തെ ഓവറിലെ ബാക്കി ഉണ്ടായിരുന്ന ഒരുബോള് നസീബ് അടിച്ചു ബൗണ്ടറി കടത്തി. 

നാലാമത്തെ ഓവയിലേക്കായി ജാസിമിന് ബാറ്റ് കൊടുക്കുമ്പോൾ നസീബ് അവനോട് പറഞ്ഞു

" ടാ ഇന്ന് സുനൈന വന്നിട്ടുണ്ടല്ലോ കണ്ടില്ലേ.സാദാരണ അങ്ങനെ കാണാത്തതാണല്ലോ."

"ആ ഞാൻ കണ്ടെടാ കൂട്ടുകാരികളുടെ കൂടെ കൂടി വന്നതാവും. കിഴക്കേക്കര യുടെ കൂടെ ജമാലും ഉണ്ടല്ലോ. " കറുത്ത തട്ടവുമിട്ട് മരച്ചുവട്ടിൽ കൂട്ടുകാരികളോടൊപ്പം കളി പറഞ്ഞുകൊണ്ടിരുന്ന അവളെ നോക്കിക്കൊണ്ട് ജാസിം പറഞ്ഞു 

"ആ എന്തായാലും പോയി തകർത്തു കളിക്ക് അവൾക്കൊരു ഇമ്പ്രഷൻ ആയിക്കോട്ടെ"

"എന്തായിക്കോട്ടേന്ന്"

"പോടാ പോയി കളിക്കെടാ"ചിരിച്ചുകൊണ്ട് തന്റെ കയ്യിലിരുന്ന ബാറ്റ് കൊണ്ട് ജാസിമിന്റെ ബാറ്റിൽ ഒന്ന് തട്ടി. 

ആ ഓവറിൽ മാത്രം രണ്ടാളും കൂടി  19 റൺ അടിച്ചുകൂട്ടി 

ഏഴ്  ഓവർ പൂർത്തിയായപ്പോഴേക്ക് രണ്ടാളും കൂടി ടീമിന്റ സ്കോർ 58 റണ്ണിൽ എത്തിച്ചു 

എട്ടാമത്തെ ഓവർ ഒന്നാം ബോളിൽ നസ്സീബിന്റെ വിക്കറ്റ് വീണു. ഇനി ടീമിന് ജയിക്കാൻ 17 റൺ കൂടി മതി. 


"സാരമില്ലടാ നന്നായി കളിച്ചു ഗുഡ് ബാറ്റിംഗ് ബാക്കി ഈസി അല്ലേ ഞാൻ നോക്കിക്കോളാം. നീ കുറച്ചുനേരം തണലത്ത് പോയിരുന്നു വെള്ളം കുടിക്ക് " നിരാശനായി മടങ്ങുന്ന നസീബിനെ അരുൺ തോളത്ത് തട്ടി ആശ്വസിപ്പിച്ചിട്ട് ബാറ്റ് വാങ്ങി ഇറങ്ങി  


ബാക്കി ഞാനേറ്റു എന്ന് പറഞ്ഞു വന്ന അരുണിന്റെ മിഡിൽ സ്റ്റമ്പ് ആദ്യ പന്തിൽ തന്നെ വിക്കറ്റ് കീപ്പറുടെ കാൽച്ചുവട്ടിൽ. 

"അടിപൊളി" 

പിന്നെ വന്ന ഉമ്മറോട്ടിയും കാർത്തിയും രണ്ട് റൺ മാത്രം സമ്മാനിച്ചു മടങ്ങേണ്ടി വന്നു. 


"ശേ ഇവമ്മാരിതെന്നാ കാണിക്കണെ 15 റൺ കൂടി വേണം 12 ബോളിന്ന്. " അരുൺ വീണ്ടും പുറത്തിരുന്ന് പിറുപിറുത്തു 


"എന്നാ നിനക്ക് നിന്ന് അടിക്കായിരുന്നില്ലേ ബാറ്റെടുത്ത് ഇറങ്ങുന്ന കണ്ടു .  ഗോൾഡൻ ഡക്കില് പോയിട്ട് .   കയ്യിലിരുന്ന കളി കൊണ്ട് കളഞ്ഞിട്ട് കരക്ക്‌ വന്നിരുന്നു കുറ്റം പറയുന്നോ മിണ്ടാതിരുന്നോണം. " പറഞ്ഞു തുടങ്ങിയപ്പോഴേ നസീബ് വേണ്ട മറുപടിയും കൊടുത്തു. 

"അതുപിന്നെ അതുപോലുള്ള ഏറല്ലേ വരുന്നത്."

"ആ അങ്ങനല്ലേ എല്ലാരും"


ഓരോന്ന് പറഞ്ഞുകൊണ്ടിരിക്കെ ഇപ്പൊ ബാറ്റ് ചെയ്യുന്നത് കുഞ്ഞോനും ജാസിമും ആണ്. കുഞ്ഞോൻ ഒന്നാം ബോളിൽ ഓഫ്‌സൈഡിൽ തട്ടിയിട്ട സിംഗിൾ ഓടി ജാസിം ക്രീസിലെത്തി പിന്നെയുള്ള രണ്ട് പാന്ത്‌ തട്ടിട്ടിട്ടെങ്കിലും നാലാം ബോളും അഞ്ചാം ബോളും ഓഫ് സൈഡിൽ ബൗണ്ടറി കടത്തി ലാസ്റ്റ് ബോൾ അടിച്ചു ഒരു റൺ ഓടിയെടുത്ത് നോക്കുമ്പോ പന്ത് മുൻപ് ക്യാച് കളഞ്ഞ മാത്തന്റെ കയ്യിലാണ്. ആ പൊട്ടൻ എറിഞ്ഞാലൊന്നും കൊള്ളില്ലെന്ന് വിചാരിച്ചു രണ്ടാമത്തെ റണ്ണിന് ഓടിയപ്പോ ഇതുവരെ കയ്യിലേക്ക് പോലും മര്യാദക്ക് പന്തിട്ട് കൊടുക്കാത്ത മാത്തൻ നേരിട്ട് കുറ്റിയിൽ എറിഞ്ഞു കൊള്ളിച്ചു ശുഭം. ജാസിം റൺ ഔട്ട്. 


ഇനി ആറ് ബോളിൽ അഞ്ചു റൺസ് കൂടി വേണം. ബാറ്റ് ചെയ്യാൻ വന്നിരിക്കുന്നത് കുട്ടനും പിന്നെ ഇപ്പൊ ക്രീസിലുള്ള കുഞ്ഞോനും.


 പുറത്ത് കൂടി നിൽക്കുന്ന പള്ളിക്കര ക്കാരിൽ ഇപ്പൊ മുൻപുള്ള ആവേശം ഒന്നും കാണാനില്ലാത്തപോലെ. മൊത്തത്തിൽ ഒരു ശോകം. 

എന്നാൽ കിഴക്കേമൂല ടീമിന്റെ മുഖമൊക്കെ ഇപ്പോഴാണ് തെളിഞ്ഞു കണ്ടത്. 


ആദ്യത്തെ രണ്ടുബോളും പ്രത്ത്യേകിച്ചൊന്നും സംഭവിക്കാതെ കടന്നുപോയി മൂന്നാമത്തെ ബോൾ അടിച്ചിട്ട് കുഞ്ഞോൻ ഒരു സിംഗിൾ ഇട്ടതോടെ. നസീബിന്റെയും അരുണിന്റേയുമൊക്കെ ഒള്ള പ്രതീക്ഷയും പോയി. 

ക്രീസിലിപ്പോൾ കുട്ടനാണ്. പന്തെറിയുന്നത് ജമാലും അവൻ കൈ കറക്കി ഓടി വരുന്നത് കണ്ടാലേ പേടിയാകും ബോൾ ആണെങ്കിൽ നല്ല സ്പീഡിലും .  ബോൾ കയ്യിലും കാലിലുമൊന്നും കൊള്ളാതിരിക്കാൻ ബാറ്റ് ഒന്ന് കറക്കിയിട്ട് ഒഴിഞ്ഞു മാറാൻ നോക്കിയതാണ് പാവം കുട്ടൻ. പന്ത് വന്ന് ബാറ്റിന്റ എഡ്ജിൽ തട്ടി ബൗണ്ടറി കടന്നു. 

"ഏ..  ഹോ.... പള്ളിക്കര ജയിച്ചേ" 🕺🕺

ഗാലറിയിൽ ആർപ്പുവിളികളും കയ്യടികളും ആരവങ്ങളും നിറഞ്ഞപ്പോഴും ബാറ്റ് ചെയ്ത കുട്ടൻ മാത്രം ഇപ്പോഴും ഞെട്ടലിലാണ് പന്ത് ബൗണ്ടറി കടന്നത് എങ്ങനെയെന്നു അവനിപ്പോഴും മനസ്സിലായിട്ടില്ല. 


തോൽക്കുമെന്നുറപ്പിച്ച കളി രണ്ടുബോൾ ബാക്കി നിൽക്കെ ജയിച്ച ആവേശത്തിൽ പള്ളിക്കരക്കാരെല്ലാം കൂടി കുട്ടനെ എടുത്തുയർത്തി. 

ഗാലറിയിൽ ഞെട്ടിത്തരിച്ചിരിക്കുന്ന അരുണിന്റെ തലക്കിട്ട് രണ്ട് തട്ട് കൊടുത്തിട്ട് ജാസിമും ഗ്രൗണ്ടിലേക്കിറങ്ങി.അരുണിനും അപ്പോഴാണ് ഞെട്ടൽ മാറിയത് . 

കിഴക്കേമൂല ടീമിനെതിരെ കളിയാക്കലും കൂക്കിവിളികളുമായി പള്ളിക്കരക്കാർ ആഘോഷത്തിലാണ്. 


"കഴിഞ്ഞ അഞ്ചു കളി തോറ്റിട്ടാണ് അവമ്മാര് നമ്മളെ കൂവുന്നത്. ഒരു കളി ജയിച്ചതിന് ഇത്രക്ക് അഹങ്കരിക്കാനൊന്നൂല്ലാ  നീ വാടാ.അങ്ങനെ കിഴക്കേമൂലയെ ഇവിടൊരുത്തനും കൂവണ്ട " ജമാല് കട്ടക്കലിപ്പ്.കയ്യിൽ കിട്ടിയ ഒരു ബാറ്റുമെടുത്ത് ജോൺസനെയും വിളിച്ചു പള്ളിക്കരയുടെ ആഘോഷത്തിനിടയിലേക്ക് ചെന്നു. 😡😡😡😡


തുടരും ❤️

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

സ്വപ്നവിത്തുകൾ

കാലം കെട്ടിപ്പൊക്കിയ ചിതലരിച്ച പരിഷ്കാരങ്ങളിൽ കുടുങ്ങി നീർവറ്റി വരണ്ടുകീറിയ തടങ്ങളിൽ കൂടി എന്റെ സ്വപ്നങ്ങളങ്ങനെ വേച്ചു വേച്ചു നടന്നു കിതച്ചു...