2021 സെപ്റ്റം 28

തൃപ്പൂണിത്തുറ ഹിൽപാലസ്


വളരെ അപ്രതീക്ഷിതമായി ഉണ്ടായ ഒരു യാത്രയായിരുന്നു തൃപ്പൂണിത്തുറ ഹിൽ പാലസ് ലേക്കുള്ളത്.



കൃത്യമായി പറഞ്ഞാൽ 2017 ജൂൺ മാസം. കൊച്ചിയിലെ പാസ്പോർട്ട് സേവാ കേന്ദ്രത്തിൽ പോയതാണ്. വിചാരിച്ചതിലും നേരത്തെ, ഓഫീസ് തുറക്കുന്നതിന് മുന്നേ തന്നെ അവിടെ എത്തി.

ഒരുപാട് തിരക്കൊന്നും ഇല്ലാത്തതിനാൽ അവിടത്തെ കാര്യങ്ങളൊക്കെ പെട്ടെന്ന് തന്നെെ തീർന്നു 

തിരികെ പോരാൻ  ബസ് കാത്തുനിൽക്കുമ്പോഴാണ് വെറുതെ ഗൂഗിൾ മാപ്പ് തുറക്കാൻ തോന്നിയത്. നോക്കിയപ്പോ തൊട്ടടുത്ത് ഹിൽപാലസ് മ്യൂസിയം നടന്നു പോയാൽ 10 മിനിറ്റ്.എന്നാപിന്നെ ഒന്നു പൊയ്ക്കളയാം.
ശരിക്കും അന്നുമുതൽ ആണ് ഒറ്റക്കുള്ള യാത്രകളെ ഞാൻ ഇഷ്ടപ്പെട്ടു തുടങ്ങിയത്.

അങ്ങനെ നടക്കാനുള്ള മടികൊണ്ട് ഒരു ഓട്ടോ പിടിച്ചു ഞാനവിടെയെത്തി.



പല തട്ടുകളായുള്ള മനോഹരമായ പൂന്തോട്ടം ആണ് ഹിൽപാലസ് മ്യൂസിയത്തിലേക്ക് കടക്കുമ്പോഴുള്ള  മുഖ്യ ആകർഷണം...
..
..കൊട്ടാരത്തിന്റെ മുന്നിലുള്ള ഈ  പൂന്തോട്ടം  അവസാനം ഭരിച്ചിരുന്ന രാമ വര്‍മ പരീക്ഷിത്ത് തമ്പുരാന്‍  ആയിരുന്നു   ഇതുപോലെ മനോഹരമായ രൂപകൽപ്പന ചെയ്തത്.
..




ചരിത്രത്തിലേക്ക് ഒരു എത്തിനോട്ടം നടത്താം.
 നാലുകെട്ടും ഊട്ടുപുരയുമായി  1853 -1864 വരെ ഭരിച്ചിരുന്ന രവി വര്‍മ തമ്പുരാൻ ഉണ്ടാക്കിയത് ആണെന്ന് പറയപെടുന്നു ആദ്യത്തെ കൊട്ടാരം ഒരു എട്ടു കെട്ടു ആയിരുന്നത്രേ
.പൂമുഖം ,അകത്തളം ,ഹോമപ്പുര ,മടപ്പള്ളി ,ഊട്ടുപുര,തേവരപുര ,കുളപ്പുര മാളിക ,വിലംപുപുര ,വലിയ ഊട്ടുപ്പുര ,എല്ലാം ചേര്‍ന്ന കൊട്ടാരം ഇരിക്കുന്നത് 51 ഏക്കറില്‍ ആണ് .
ഈ വലിയ കൊട്ടാരം ചെയ്യും യൂറോപ്യൻ ഡിസൈനാണ്.പിന്നിട് വന്ന മഹാരാജാക്കന്മാർ പലപ്പോഴായി മാറ്റങ്ങൾ വരുത്തി.



ചെരിപ്പുകളും ബാഗ് മൊബൈൽഫോൺ എല്ലാം പുറത്ത് ഒരു റൂമിന് സൂക്ഷിക്കുക അതിനുശേഷം 30 രൂപ പാസ് അവിടേക്ക് കയറാം. അതിനുള്ളിൽ ക്യാമറ അനുവദിനീയമല്ല.


മ്യുസീയത്തില്‍ കൊച്ചി രാജകുടുംബത്തിലെ    സിംഹാസനവും, കീരിടവും , ആഭരണങ്ങളും, ധാരാളം രത്നങ്ങളും,പഴയ നാണയങ്ങളും, ആയുധങ്ങളും, അമൂല്യ ശിലകളും, രഥവും, പല്ലക്കും, കൊച്ചി രാജാക്കന്മാരുടെ തലപ്പാവും (സ്വര്‍ണനൂലുകൊണ്ട്  മനോഹരമായ ചിത്ര തുന്നലുകള്‍ ഉള്ള തലപാവ്)   തുടങ്ങിയ ഒട്ടേറെ കാര്യങ്ങൾ കാണാനും അറിയാനും ആസ്വദിക്കാനും ഉണ്ട്


ഇത് പോലുള്ള വിലമതിക്കാനാവാത്ത വസ്തുക്കളെ നമ്മള്‍ ശരിയായി  രീതിയില്‍ ചേര്‍ത്ത് പിടിക്കാതെ ഇരുന്നാല്‍ വരും  തലമുറയ്ക്ക് വേണ്ടി  ഒന്നും ബാക്കി ഇല്ലാതെയും വരും എന്ന് തോന്നിപ്പോയി .ഇനിയുമെത്ര തലമുറകൾക്ക് കാണാനുള്ള അത്ഭുത സൃഷ്ടികളാണ് ഓരോ മുക്കിലും മൂലയിലും പൊടിപിടിച്ച് കിടക്കുന്നത്.




മ്യൂസിയത്തിന് ഉള്ളിലെ കാര്യങ്ങളെല്ലാം കണ്ട് പുറത്തിറങ്ങി ബാഗ് മൊബൈൽഫോൺ ഒക്കെ എടുത്തു കൊട്ടാരത്തിന്റെ പുറത്തുകൂടി കുറെ കാഴ്ചകൾ കണ്ടു.

പൂന്തോട്ടത്തിന് മുന്നിലുള്ള ദിനോസറിന്റെ പ്രതിമ.നല്ലൊരു നിർമിതി തന്നെയാണ്.

പണ്ട് രാജാക്കന്മാർ കുളിച്ചുകൊണ്ടിരുന്ന കുളം. കുളത്തിലെക്ക് ഇറങ്ങി പോകാൻ ഉള്ള പടവുകളും മറ്റും മനോഹരമായി നിർമ്മിച്ചിരിക്കുന്നു.



പിന്നീട് പോയത്  മാൻ പാർക്കിലേക്കാണ്. ഒരുപാട് മാനുകൾ ഉണ്ട് ഇവിടെ. സഞ്ചാരികൾക്കും ഏറെ ഇഷ്ടമുള്ള സ്ഥലമാണ്. കാഴ്ചകൾ കണ്ടു നടക്കുന്നതിനിടയിൽ രണ്ടു കുട്ടികളെയും പരിചയപ്പെട്ടു 😍.

അവരെക്കൊണ്ട് എന്നും ഹൃദയത്തിൽ സൂക്ഷിച്ചുവയ്ക്കാൻ ഇഷ്ടപ്പെടുന്ന ഒരു ഫോട്ടോയും എടുപ്പിച്ചു.


തിരികെ നടക്കുമ്പോൾ ഒരുപാട് കാര്യങ്ങളെ കാണാനും ആസ്വദിക്കാനും അറിയാനും സാധിച്ചതിന്റ സന്തോഷമായിരുന്നു മനസ്സിൽ.

2021 സെപ്റ്റം 3

പാതിരാമണൽ - ഓളപ്പരപ്പിലെ കൗതുക ലോകം

 വേമ്പനാട്ടു കായലാൽ ചുറ്റപ്പെട്ട് പ്രകൃതി ഒരുക്കിയ ഒരു സുന്ദരദ്വീപ്.ചെറിയൊരു തുരുത്താണ് എങ്കിലും അനേകം പക്ഷിജീവജാലങ്ങൾക്ക് ഇവിടം സ്വർഗത്തുല്യം.


മുഹമ്മ തീരത്ത് നിന്നും നോക്കിയാൽ ഒരു സ്വപ്ന തീരം എന്ന് വിശേഷിപ്പിക്കാവുന്ന പാതിരാമണൽ ദ്വീപ്. ആരെയും ആകർഷിക്കുന്ന പ്രകൃതിഭംഗി. 



മുഹമ്മ -കുമരകം ജലപാതയിൽ ഉള്ള ഈ ചെറുദ്വീപ് നൂറുകണക്കിന് ദേശാടന പക്ഷികളുടെയും സങ്കേതമാണ്.

 കായൽ ഭംഗി ആസ്വദിച്ചുകൊണ്ട് ദ്വീപിലേക്കുള്ള ബോട്ട് യാത്ര മറക്കാനാവാത്ത ഒരു അനുഭവമായിരുന്നു. ബോട്ടിൽ നിന്ന് നോക്കുമ്പോൾ കായലിന് മുന്നിൽ കിടക്കുന്ന ഒരു ചെറു പച്ചത്തുരുത്ത്.



കായലോളങ്ങളെ കീറിമുറിച്ചുകൊണ്ട് ബോട്ട് ദ്വീപിലേക്ക് അടുക്കുന്തോറും ആ സ്വപ്നഭൂമിയിലെ അത്ഭുതങ്ങൾ കാണാനുള്ള ആകാംഷയും കൂടിവന്നു.


 ദ്വീപിൽ ഇറങ്ങി മുന്നോട്ടു നടന്നു.ഇടതൂർന്ന വള്ളിപ്പടർപ്പുകളും വന്മരങ്ങളും കണ്ടൽക്കാടുകളും ചതുപ്പുനിലങ്ങളും വ്യത്യസ്തങ്ങളായ സസ്യഗണങ്ങളാലും  സമ്പന്നമായ ഈ ദ്വീപ് വേമ്പനാട്ടുകായലിന്റെ മുഖ്യ സൗന്ദര്യമായി നിലകൊള്ളുന്നു .



 കല്ലുപാകിയ സുന്ദരമായ നടപ്പാതയിലൂടെ ഉള്ള യാത്രയിൽ എപ്പോഴും ഒരു കാടിന്റെ നറുമണം  ആസ്വദിക്കാൻ സാധിച്ചു.



 ഇടക്കൊക്കെ നിശബ്ദതയെ മാറ്റിനിർത്തി ക്കൊണ്ട് പേരറിയാത്ത ഏതൊക്കെയോ പക്ഷികളുടെ പാട്ട് 



 കയറിവരുമ്പോൾ തന്നെ ദ്വീപിലെ വിവരങ്ങളടങ്ങിയ ഒരു ബോർഡ് നമുക്ക് കാണാം(school of environmental studies "mahathmagandhi university") അതിൽ പറഞ്ഞിരിക്കുന്നത് പ്രകാരം,നൂറ്റി അറുപതിയൊന്ന് സപുഷ്പികളായ സസ്യങ്ങൾ ഒൻപതോളം പന്നൽ സസ്യങ്ങൾ 53 മരങ്ങളും 22 കുറ്റിച്ചെടികൾ 73 ചെറുസസ്യങ്ങൾ പതിമൂന്നോളം വള്ളിച്ചെടികൾ 24 ഓളം ഇനത്തിൽപ്പെട്ട തുമ്പികളും 34 ഇനം ചിത്രശലഭങ്ങളും ഇരുപത്തിമൂന്നിൽപരം ചിലന്തികളും 44 ഇനങ്ങളിൽപ്പെട്ട മത്സ്യങ്ങളും 7 ഇനം പാമ്പുകളും 9 ഇനത്തിൽപ്പെട്ട വ്യത്യസ്തങ്ങളായ സസ്തനികളും 93 ഓളം അസ്ഥിര വാസികളായ പക്ഷികളും പലകാലങ്ങളിലായി എത്തുന്ന മറ്റ് ദേശാടനപക്ഷികൾ എല്ലാം കൊണ്ട് സമ്പന്നമാണ് ഇവിടം.



 കാണാൻ സാധിക്കുന്നതിനും അപ്പുറമാണ്. ദ്വീപിന്റെ ഉള്ളറകളിലെ  നിഗൂഢതകൾ.എന്ന് തോന്നിപ്പോകുന്നു. ചതുപ്പുനിലങ്ങൾ ആയതിനാൽ അവിടേക്ക് കടന്നു ചെല്ലൽ ദുഷ്കരമാണ്.


ഒരു കാലത്ത് പതിനാലോളം വീടുകൾ ഉണ്ടായിരുന്നത്രേ ഈ ദ്വീപിൽ. പിന്നീട് സംരക്ഷണത്തിനായി ദ്വീപ് സർക്കാർ ഏറ്റെടുക്കുകയും ദ്വീപിൽ താമസിച്ചിരുന്നവർക്ക് മുഹമ്മ പഞ്ചായത്തിൽ തന്നെ പല സ്ഥലങ്ങളിലായി വേറെ വീടുകൾ നൽകുകയും ചെയ്തു. പക്ഷേ അങ്ങനെയൊരു ചരിത്രത്തിന്റെ യാതൊരുവിധ  ശേഷിപ്പുകളും ഇവിടെ കാണുന്നില്ല. നിറയെ കണ്ടൽ ചെടികളും കാട്ടുവള്ളികളും തോടുകളും ചതുപ്പുകളും ഒക്കെയായി നിറഞ്ഞുനിൽക്കുന്ന സ്ഥലമാണ് ഇപ്പോൾ ഈ പാതിരാമണൽ ദ്വീപ്.


 ഇപ്പോഴിവിടം കേരള ടൂറിസം വകുപ്പിന് കീഴിൽ സഞ്ചാരികൾക്കായി തുറന്നു കൊടുത്തിരിക്കുകയാണ്.




ശാന്തമായി ഒഴുകുന്ന വേമ്പനാട്ടുകായലിലെ അതീവ ശാന്തമായ ഒരു ദ്വീപ് അതാണ് പാതിരാമണൽ.

 സഞ്ചാരികൾ കൊണ്ടുവരുന്ന പ്ലാസ്റ്റിക് കുപ്പികളും മറ്റും ദ്വീപിന്റെ പലസ്ഥലങ്ങളിലും അലക്ഷ്യമായി വലിച്ചെറിഞ്ഞിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു.ഇവിടെ വരുന്നവർ ആ കാര്യം കൂടി ശ്രദ്ധിക്കേണ്ടതാണ്.

 നമ്മുടെ പൂർവികർ ഈ ഭൂമിയിൽ നമുക്കായി പല അത്ഭുതങ്ങളെയും സംരക്ഷിച്ചു വെച്ചു. ഇന്ന് നമുക്ക് അതെല്ലാം കാണാനും ആസ്വദിക്കാനും സാധിക്കുന്നു. മനോഹരമായ ഈ ദ്വീപിനെ വരും തലമുറക്കായി സംരക്ഷിക്കേണ്ടത് നമ്മുടെ ബാധ്യത ആണ്.


പട്ടാപ്പകൽ ഇരുട്ടാകുന്ന പാതിരാവിൽ തിളങ്ങുന്ന ഈ തുരുത്തി ലേക്കുള്ള യാത്ര തീർത്തും ആസ്വാദ്യകരവും കൗതുകം നിറയ്ക്കുന്നതുമായ ഒന്നായിരുന്നു.



സ്വപ്നവിത്തുകൾ

കാലം കെട്ടിപ്പൊക്കിയ ചിതലരിച്ച പരിഷ്കാരങ്ങളിൽ കുടുങ്ങി നീർവറ്റി വരണ്ടുകീറിയ തടങ്ങളിൽ കൂടി എന്റെ സ്വപ്നങ്ങളങ്ങനെ വേച്ചു വേച്ചു നടന്നു കിതച്ചു...