2022 ജൂൺ 22

അടവിയിലെ സുന്ദരി 💜




ഒരു ദിവസത്തേക്ക് വേണ്ടി പെട്ടെന്ന് തട്ടിക്കൂട്ടിയ ഒരു യാത്ര.

നഗരത്തിന്റെ തിക്കും തിരക്കും ഒന്നും വേണ്ട. എല്ലാ തിരക്കുകളിൽ നിന്നും ഒഴിഞ്ഞ് ശാന്തമായ ഒരിടം വേണം. കാടും മലയും മരങ്ങളും പുഴയും പൂക്കളും അരുവിയും വെള്ളച്ചാട്ടങ്ങളും എല്ലാം ഉള്ള ഒരിടം. ഇങ്ങനെ തെരഞ്ഞെടുത്തതാണീ അടവി.

പത്തനംതിട്ട ജില്ലയിലെ കോന്നി വനം ഡിവിഷനിൽ ഉൾപ്പെട്ട ഒരു പ്രദേശം.



ഇവിടുത്തെ മുളങ്കുടിലുകളും കല്ലാർന്റെ കുളിരും കാടറിഞ്ഞുള്ള യാത്രകളും കുട്ടവഞ്ചി സവാരിയും എല്ലാം കേട്ടറിവുകൾ മാത്രം.

കേട്ടറിവുകളിലൂടെ മാത്രം പരിചിതമായ അടവിയിലേക്കുള്ള  യാത്രയിൽ ചെന്നെത്തിയ സ്ഥലങ്ങളെക്കാൾ മനസ്സു നിറച്ചത് അവിടേക്കുള്ള വഴിയായിരുന്നു.
ചുറ്റും വന്യമായ അന്തരീക്ഷം, ചീവീടുകളുടെ കാതടപ്പിക്കുന്ന ശബ്ദം. വൻമരങ്ങളും വള്ളിപ്പടർപ്പുകളും നിബിഡമായി വളരുന്ന ഇരുട്ടറയിൽ കൂടെയുള്ള യാത്ര.



മുന്നോട്ടു പോകുന്തോറും ആ പച്ചപ്പ് മനസ്സിൽ തൊട്ടു വരുന്നു. നഗരത്തിരക്കിലെ കോൺക്രീറ്റ് കാടുകളോട് വളരെ മുൻപേ വിടപറഞ്ഞിരുന്നു.




അടവിയിൽ നമ്മളെ സ്വാഗതം ചെയ്യുന്നത് കല്ലാർ ആണ്. വന്യമായ അന്തരീക്ഷത്തിൽ ശാന്തമായൊഴുകുന്ന  കല്ലാർ.
ചെന്നെത്തിയപ്പോഴാവട്ടെ കാണാൻ കൊതിച്ച ഒരാളെ ഒരുപാട് കാലത്തിനു ശേഷം കണ്ടുമുട്ടിയ ഒരു പ്രതീതി.



കല്ലാറിൽ കൂടെയുള്ള  കുട്ടവഞ്ചി സവാരി ആണ് ഏറ്റവും ആകർഷകമായത്.
തികച്ചും സുരക്ഷിതമാണ് കുട്ടവഞ്ചി യാത്ര.ലൈഫ് ജാക്കറ്റ് ഒക്കെ ഇട്ട് വേണം കയറാൻ, അതി വിദഗ്ധരായ തുഴച്ചിൽകാരും.



വിശാലമായ കല്ലാറിന്റെ ഹൃദയത്തിലൂടെ കാട് കണ്ടൊരു അരമണിക്കൂർ നേരത്തെ യാത്ര. കാടിന് നടുവിലൂടെ കല്ലാനോട് കിന്നാരം പറഞ് വെറുതെ ഇങ്ങനെ ഒഴുകിനടന്നു കുറച്ചുനേരം.

അനുവദിച്ചിരിക്കുന്ന സമയം കഴിഞ്ഞു. തിരികെ തുഴയാൻ തുടങ്ങി.



മനസ്സിനും ശരീരത്തിനും കുളിർമയേകിയ കല്ലാനോടും, തണൽ ഒരുക്കിയ പച്ചിലച്ചാർത്ത്കളോടും,തഴുകി തലോടി കടന്നു പോയ കാറ്റിനോടും വിട പറഞ്ഞു തിരികെ മടങ്ങുന്നു.



തിരികെ ഇറങ്ങുമ്പോൾ കുടുംബശ്രീയുടെ വനശ്രീ ഹോട്ടലിൽ നിന്നും നല്ല ചായയും ചൂട് പരിപ്പുവടയും.



കുറച്ചു ദൂരെ മാറി മണ്ണീറയിൽ ഒരു വെള്ളച്ചാട്ടം ഉണ്ട്.

 തുടക്കത്തിൽ സൂചിപ്പിച്ച അടവിയിലെ ആ സുന്ദരി മറ്റാരുമല്ല.


 ഇവിടെയെത്തുന്ന ഓരോരുത്തരുടെയും മനസ്സ് കീഴടക്കി ഒഴുകുന്ന ഈ പുഴ തന്നെ 💙

 ഓരോ യാത്രകൾക്കവസാനവും തിരികെ മടങ്ങുന്നത് എല്ലാ പ്രശ്നങ്ങളെയും ഇറക്കിവെച്ച ശാന്തമായ മനസ്സുമായാണ് എന്ന് അറിവുള്ളവർ പറഞ്ഞത് വെറുതെയല്ല.
 എല്ലാംകൊണ്ടും അടവി യാത്ര ഒരിക്കലും മറക്കാനാവാത്ത ഒരു അനുഭവം ആയിരുന്നു ❣️



2022 ജൂൺ 12

കോന്നി ഇക്കോ ടൂറിസം - ആനക്കൂട്


2022 May 25

പത്തനംതിട്ട ജില്ലയിലെ മറ്റൊരു പ്രധാന ആകർഷണ കേന്ദ്രമാണ് കോന്നിയിലെ ഈ ആനക്കൂട്. സുന്ദരമായ അന്തരീക്ഷത്തിൽ ഇവിടെ ആന പരിശീലനവും, ആനക്കൂട്കളും, പ്രദർശനവും,  മ്യൂസിയവും, ആനസവാരിയും എല്ലാം ഒരുക്കിയിരിക്കുന്നു.



 



1942 ലാണ് ഈ ആനക്കൂട് സ്ഥാപിതമാകുന്നത്. കാട്ടിൽ നിന്ന് പിടിച്ചു കൊണ്ടു വരുന്ന ആനകളെ താപ്പാനകളെ  ഉപയോഗിച്ച് പരിശീലിപ്പിക്കുന്നു. 1970-കളുടെ അവസാനത്തോടെ ആനപിടുത്തം നിർത്തി.

 

 ഏകദേശം ഒൻപത് ഏക്കറുകളിലായി വിസ്തൃതമായ ഈ പ്രദേശം വ്യത്യസ്തങ്ങളായ സസ്യജാലങ്ങളാൽ സമ്പന്നമാണ്.




ഓരോ മരങ്ങളെക്കുറിച്ചും പേരും വിവരങ്ങളും ഐതിഹ്യകഥകൾ ഉൾപ്പെടെ ഇവിടെ രേഖപ്പെടുത്തി വച്ചിട്ടുണ്ട് .

ഒരേസമയം ആറ് ആനകൾക്ക് വരെ പരിശീലനം നൽകാവുന്ന സൗകര്യം ഉണ്ട് ഇവിടെ.


കാഴ്ചക്കാർക്ക് വിരുന്നൊരുക്കുന്ന ഈ കുട്ടിക്കുറുമ്പന്റെ കുസൃതികളും ഏതൊരാളെയും സന്തോഷിപ്പിക്കുന്നു.



കുട്ടികളുമായി വന്ന്കറങ്ങാൻ ഒക്കെ പറ്റിയ ഒരിടം. ചിൽഡ്രൻസ് പാർക്ക്, റസ്റ്റോറന്റ്, കഫേ, എക്സിബിഷൻ ഹാളുകൾ മുതലായ ഒരുപാട് സൗകര്യങ്ങൾ ഉണ്ട് ഇവിടെ.




 അടുത്തിടെ പൂർത്തിയാക്കപ്പെട്ട എലിഫന്റ് മ്യൂസിയം വളരെ നല്ല രീതിയിൽ തന്നെ പരിപാലിച്ചു പോരുന്നു.



 അതിനുള്ളിലേക്ക് കയറുമ്പോൾ ക്രിത്രിമമായി ഉണ്ടാക്കി വച്ചിരിക്കുന്ന ഒരു വലിയ ആനയാണ് നമ്മുടെ ആദ്യമായി സ്വാഗതം ചെയ്യുന്നത്.






കാടിനെ അടുത്തറിയുവാനും മനസ്സിലാക്കുവാനും ഒരു വന്യമായ അന്തരീക്ഷം തന്നെ ഇതിനുള്ളിൽ  സൃഷ്ടിച്ചിരിക്കുന്നു. 

 ആനയെ മെരുക്കുന്ന രീതിയും വാരിക്കുഴി ഉപയോഗിച്ച് ആന പിടിക്കുന്നതിന്റെ രൂപവും  ആനയെ ഉപയോഗിച്ച് തടി പിടിക്കുന്നതും എല്ലാം നല്ല രീതിയിൽ ഇവിടെ ചിത്രീകരിച്ചിരിക്കുന്നു.

 ആനയുടെ അസ്ഥികൂടം,തലയോട്ടി, പണ്ടുകാലത്ത് ആന പിടുത്തത്തിന് ഉപയോഗിച്ചിരുന്ന ആയുധങ്ങൾ. തുടങ്ങി ഒരുപാട് കാര്യങ്ങൾ ഇവിടെ പ്രദർശിപ്പിച്ചിരിച്ചിട്ടുണ്ട്.

 ആനകളെ കുറിച്ചുള്ള ഒരുപാട് അറിവുകൾ ചുമരുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട് .





 വിവിധതരം ഔഷധസസ്യങ്ങളെ പരിപാലിച്ചു പോരുന്ന നക്ഷത്രവന ഉദ്യാനം .

 കണ്ണിനും മനസ്സിനും ആശ്വാസമേകുന്ന ഒരുപാട് അറിവുകളും സാധ്യമാകുന്ന ഒരിടം.




കോന്നി ഇക്കോ ടൂറിസത്തിന്റെ ഭാഗമായി കോന്നി- അടവി- ഗവി ടൂറിസ്റ്റ് പാക്കേജുകൾ ടൂറിസം വകുപ്പ് തന്നെ ഇവിടെ ഒരുക്കിയിട്ടുണ്ട് .

കുറഞ്ഞ നിരക്കിൽ കോന്നി വനപ്രദേശങ്ങളെ ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഉപയോഗപ്പെടുന്ന രീതിയിലാണ് ഈ പാക്കേജുകൾ.




 ആനകളെ കുറിച്ച് അറിയാനും പഠിക്കാനും ആനസവാരി ചെയ്യാനുമൊക്കെ ആഗ്രഹമുള്ളവർക്ക് തിരഞ്ഞെടുക്കാവുന്ന നല്ലൊരു സ്ഥലമാണിത്.

 

 കോന്നി ഇക്കോ ടൂറിസം പദ്ധതി ഇവിടെയെത്തുന്ന ഓരോ സഞ്ചാരിയുടെയും മനസു നിറയ്ക്കുന്നു.


2022 ജൂൺ 2

പെരുംതേനരുവി



നൂറ് കണക്കിന് ജീവനുകളെടുത്ത ഒരു വെള്ളച്ചാട്ടം. പമ്പാ നദിയുടെ ഒരു പോഷകനദിയായ പെരുംതേനരുവിയിലാണ് ഈ വെള്ളച്ചാട്ടം.

റാന്നി വഴിയോ എരുമേലി വഴിയോ പെരുംതേനരുവിയിലെത്താം.

പത്തനംതിട്ട ജില്ലയിലെ ഒരു വിനോദസഞ്ചാര കേന്ദ്രമാണിവിടം.

കരിമ്പാറക്കൂട്ടങ്ങൾക്കിടയിലൂടെ കുത്തിയൊലിച്ചൊഴുകുന്ന പെരുംതേനരുവി മഴക്കാലത്താണ് കൂടുതൽ മനോഹരിയാവുന്നത്.



കാഴ്ച്ചക്ക് മനോഹരിയെങ്കിലും ഇവിടുത്തെ ചതിക്കുഴികളിലും പാറക്കൂട്ടങ്ങളിലും അകപ്പെട്ട ജീവനുകളൊന്നും മടങ്ങി വന്നിട്ടില്ലെന്നുള്ളതിനാൽ വളരെ അപകടം നിറഞ്ഞൊരു സ്ഥലമാണിത്.


പെരുംതേനരുവിക്ക് താഴെ പമ്പാ നദിയുടെ
ഒരു മനോഹര ദൃശ്യം 



സ്വപ്നവിത്തുകൾ

കാലം കെട്ടിപ്പൊക്കിയ ചിതലരിച്ച പരിഷ്കാരങ്ങളിൽ കുടുങ്ങി നീർവറ്റി വരണ്ടുകീറിയ തടങ്ങളിൽ കൂടി എന്റെ സ്വപ്നങ്ങളങ്ങനെ വേച്ചു വേച്ചു നടന്നു കിതച്ചു...