ഒരു ദിവസത്തേക്ക് വേണ്ടി പെട്ടെന്ന് തട്ടിക്കൂട്ടിയ ഒരു യാത്ര.
നഗരത്തിന്റെ തിക്കും തിരക്കും ഒന്നും വേണ്ട. എല്ലാ തിരക്കുകളിൽ നിന്നും ഒഴിഞ്ഞ് ശാന്തമായ ഒരിടം വേണം. കാടും മലയും മരങ്ങളും പുഴയും പൂക്കളും അരുവിയും വെള്ളച്ചാട്ടങ്ങളും എല്ലാം ഉള്ള ഒരിടം. ഇങ്ങനെ തെരഞ്ഞെടുത്തതാണീ അടവി.
പത്തനംതിട്ട ജില്ലയിലെ കോന്നി വനം ഡിവിഷനിൽ ഉൾപ്പെട്ട ഒരു പ്രദേശം.
ഇവിടുത്തെ മുളങ്കുടിലുകളും കല്ലാർന്റെ കുളിരും കാടറിഞ്ഞുള്ള യാത്രകളും കുട്ടവഞ്ചി സവാരിയും എല്ലാം കേട്ടറിവുകൾ മാത്രം.
കേട്ടറിവുകളിലൂടെ മാത്രം പരിചിതമായ അടവിയിലേക്കുള്ള യാത്രയിൽ ചെന്നെത്തിയ സ്ഥലങ്ങളെക്കാൾ മനസ്സു നിറച്ചത് അവിടേക്കുള്ള വഴിയായിരുന്നു.
ചുറ്റും വന്യമായ അന്തരീക്ഷം, ചീവീടുകളുടെ കാതടപ്പിക്കുന്ന ശബ്ദം. വൻമരങ്ങളും വള്ളിപ്പടർപ്പുകളും നിബിഡമായി വളരുന്ന ഇരുട്ടറയിൽ കൂടെയുള്ള യാത്ര.
മുന്നോട്ടു പോകുന്തോറും ആ പച്ചപ്പ് മനസ്സിൽ തൊട്ടു വരുന്നു. നഗരത്തിരക്കിലെ കോൺക്രീറ്റ് കാടുകളോട് വളരെ മുൻപേ വിടപറഞ്ഞിരുന്നു.
അടവിയിൽ നമ്മളെ സ്വാഗതം ചെയ്യുന്നത് കല്ലാർ ആണ്. വന്യമായ അന്തരീക്ഷത്തിൽ ശാന്തമായൊഴുകുന്ന കല്ലാർ.
ചെന്നെത്തിയപ്പോഴാവട്ടെ കാണാൻ കൊതിച്ച ഒരാളെ ഒരുപാട് കാലത്തിനു ശേഷം കണ്ടുമുട്ടിയ ഒരു പ്രതീതി.
കല്ലാറിൽ കൂടെയുള്ള കുട്ടവഞ്ചി സവാരി ആണ് ഏറ്റവും ആകർഷകമായത്.
തികച്ചും സുരക്ഷിതമാണ് കുട്ടവഞ്ചി യാത്ര.ലൈഫ് ജാക്കറ്റ് ഒക്കെ ഇട്ട് വേണം കയറാൻ, അതി വിദഗ്ധരായ തുഴച്ചിൽകാരും.
വിശാലമായ കല്ലാറിന്റെ ഹൃദയത്തിലൂടെ കാട് കണ്ടൊരു അരമണിക്കൂർ നേരത്തെ യാത്ര. കാടിന് നടുവിലൂടെ കല്ലാനോട് കിന്നാരം പറഞ് വെറുതെ ഇങ്ങനെ ഒഴുകിനടന്നു കുറച്ചുനേരം.
അനുവദിച്ചിരിക്കുന്ന സമയം കഴിഞ്ഞു. തിരികെ തുഴയാൻ തുടങ്ങി.
മനസ്സിനും ശരീരത്തിനും കുളിർമയേകിയ കല്ലാനോടും, തണൽ ഒരുക്കിയ പച്ചിലച്ചാർത്ത്കളോടും,തഴുകി തലോടി കടന്നു പോയ കാറ്റിനോടും വിട പറഞ്ഞു തിരികെ മടങ്ങുന്നു.
തിരികെ ഇറങ്ങുമ്പോൾ കുടുംബശ്രീയുടെ വനശ്രീ ഹോട്ടലിൽ നിന്നും നല്ല ചായയും ചൂട് പരിപ്പുവടയും.
കുറച്ചു ദൂരെ മാറി മണ്ണീറയിൽ ഒരു വെള്ളച്ചാട്ടം ഉണ്ട്.
തുടക്കത്തിൽ സൂചിപ്പിച്ച അടവിയിലെ ആ സുന്ദരി മറ്റാരുമല്ല.







💜💜
മറുപടിഇല്ലാതാക്കൂ❣️❣️
ഇല്ലാതാക്കൂ