ഒരു കന്യാകുമാരി യാത്ര -3
വിഴിഞ്ഞം
25/06/2022
ജീപ്പ് ഇറങ്ങിയ സ്ഥലത്ത് നിന്നും വീണ്ടും കുറച്ചധികം മുന്നോട്ട് നടന്നു.
ഐസ് ഫാക്ടറികളും, മീൻ പിടിക്കുന്ന വലകളും മറ്റുപകരണങ്ങളും കച്ചവടക്കാരും മത്സ്യത്തൊഴിലാളികളും സീ ഫുഡ് റസ്റ്റോറന്റ്കളും ഒക്കെയുണ്ട് വഴിനീളെ.
അവരുടെയെല്ലാം ജീവിതരീതികളും, സംസ്‌കാരങ്ങളും അറിഞ്ഞു മുന്നോട്ട് നടന്നു.
അകലെ കടൽ തിരമാലകളുടെ ഇരമ്പൽ കേൾക്കുന്നുണ്ട്. ചുറ്റും വല നെയ്യുന്ന മത്സ്യത്തൊഴിലാളികൾ.
അവർക്കിടയിലൂടെ കുറച്ചു ദൂരം മുന്നോട്ടു നടന്നു അകലെയായി കടൽ കാണാം. ഒരുപാട് മീൻപിടിത്ത ബോട്ടുകൾ ഉണ്ട്. പലതരം സംസ്കാരങ്ങളുടെ കൂടിച്ചേരൽ ആണിവിടം.
കാഴ്ചകൾ എല്ലാം കണ്ടുകൊണ്ട് തന്നെ ഞാൻ അവിടേക്ക് നടന്നു.
കുറച്ച് ദൂരെ മൂന്ന് വലിയ പള്ളികൾ കാണുന്നുണ്ട്.
അതിപ്രശസ്ത പുരാതന വാണിജ്യ തുറമുഖമായ വിഴിഞ്ഞത്തെ കുറിച്ച് പണ്ട് വായിച്ച അറിവുണ്ട്.
പുരാതന രാജവംശങ്ങളുടെ വാണിജ്യ തലസ്ഥാനം ആയും . വിദേശശക്തികളുടെ കച്ചവട ബന്ധങ്ങളുമായിട്ടും ഒക്കെ ഈ കടൽ കരയ്ക്ക് ചരിത്രം ഏറെ പറയാനുണ്ട്.
ആയ് രാജാക്കന്മാരുടെ ഭരണ കാലത്തോളം ചരിത്രം പറയാനുണ്ട് ഈ സ്ഥലത്തിന്. പാണ്ഡ്യ- ചോള രാജാക്കന്മാർ തമ്മിലുള്ള യുദ്ധത്തിനു വരെ സാക്ഷ്യം വഹിച്ചിട്ടുണ്ട് ഇവിടം. പല ചരിത്ര ശേഷിപ്പുകളും ഇവിടെ കാണാം പുരാതനമായ ഗുഹാക്ഷേത്രം ഒക്കെ ഇവിടെ അടുത്തുണ്ട് .
പ്രശസ്തമായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. പതിനേഴാം നൂറ്റാണ്ടിൽ പോർച്ചുഗീസുകാർ നിർമ്മിച്ചു എന്നു വിശ്വസിക്കപ്പെടുന്ന സെൻമേരിസ് കത്തോലിക്കാ പള്ളി. കഥകളുറങ്ങുന്ന പ്രശസ്തമായ മുഹിയുദ്ദീൻ ജുമാ മസ്ജിദ്. അപൂർവമായ കടൽ ജീവികളുടെയും മത്സ്യങ്ങളുടെയും ശേഖരമുള്ള മറൈൻ അക്വേറിയം. വിഴിഞ്ഞം ലൈറ്റ്ഹൗസ്, കോവളം ബീച്ച് തുടങ്ങി ആകർഷകമായ ഒരുപാട് സ്ഥലങ്ങളുണ്ടിവിടെ.
അവിടെയെല്ലാം ചെന്നെത്താനുള്ള സമയക്കുറവുണ്ട്. പോയികാണണമെന്ന ആഗ്രഹവും ഉണ്ട്.
അങ്ങനെ കുറെയൊക്കെ കണ്ടും അറിഞ്ഞും പള്ളിക്ക് മുന്നിലെത്തി,സമയം വൈകുന്നേരം അഞ്ചുമണി കഴിഞ്ഞു.പള്ളിയിൽ കയറി നമസ്കരിച്ച് ഇറങ്ങിയപ്പോഴേക്കും ഇവിടുത്തെ സീഫുഡ് റസ്റ്റോറന്റ് കൾ എല്ലാം നല്ല തിരക്കായി കഴിഞ്ഞു. വിഴിഞ്ഞത്തും കോവളത്തും ഒക്കെ എത്തിയിരിക്കുന്ന വിനോദസഞ്ചാരികളെ കൊണ്ട് ഇവിടം നിറഞ്ഞു കഴിഞ്ഞു.
സമയം വൈകുന്നേരം ആറു മണിയോട് അടുത്തിരുന്നു .മത്സ്യതൊഴിലാളികളും വിനോദസഞ്ചാരികളും ഗൈഡുകളും കച്ചവടക്കാരും ഒക്കെയായി നിറയെ ആളുകളെ കൊണ്ട് അവിടം നിറഞ്ഞിരിക്കുന്നു .
ഇന്ന് രാത്രി തങ്ങാൻ അവിടെ അടുത്ത് റൂം കിട്ടുമോ എന്ന് പരമാവധി അന്വേഷിച്ചു നോക്കി. സീസൺ സമയം ആയതുകൊണ്ട് അവിടെ ഒന്നു റൂം കിട്ടാൻ സാധ്യതയില്ല.
എന്നാൽ പിന്നെ ഒരുപാട് രാത്രിയാവുന്നതിന് മുൻപ് അടുത്ത സ്ഥലത്തേക്ക് പോകാമെന്നോർത്ത് കുറച്ചുനേരം കൂടി അവിടെ ചുറ്റിതിരിഞ്ഞു നടന്നു.
അന്താരാഷ്ട്ര തുറമുഖം ഒന്ന് കാണേണ്ടത് തന്നെ ആയിരുന്നു. വായിച്ചുള്ള അറിവും കണ്ടിട്ടുള്ള ചിത്രങ്ങളും അവിടേക്ക് ആകർഷിച്ചിരുന്നു. ഒരുപാട് കാണാനും അറിയാനും പഠിക്കാനും ഉള്ള ഒരിടം. പക്ഷെ സമയക്കുറവും അവിടേക്ക് ചെല്ലാനുള്ള പ്രയാസവും ഒക്കെ കാരണം പോകാൻ കഴിഞ്ഞില്ല. തുറമുഖത്തിന്റെ കുറച്ചുഭാഗം അകലെ ചെറുതായി കാണാം. പിന്നൊരിക്കൽ അവിടെയെല്ലാം ചെല്ലണം എന്ന ചിന്തയോടെ വൈകിട്ട് ആറര മണിയോടെ അവിടെനിന്നും തിരിച്ചു നടന്നു.
നല്ലപോലെ ഇരുട്ടായിതുടങ്ങി. ആ തിരക്കുകൾക്കിടയിലൂടെ നടപ്പ് തുടർന്നു. കുറച്ചുദൂരം നടക്കാനുണ്ട്. വീണ്ടും ഗൂഗിൾ മാപ്പ് എടുത്തു വിഴിഞ്ഞം ബസ് സ്റ്റാൻഡ് വരെ ഏകദേശം 1.300 km. ആദ്യം ജീപ്പിൽ വന്നിറങ്ങിയിടത്തു നിന്ന് വീണ്ടും കുറച്ചുകൂടി ദൂരമുണ്ട്.
ആദ്യം കണ്ട ഐസ് ഫാക്ടറികൾ ഒന്നുകൂടി സജീവമായിട്ടുണ്ട്. ഇങ്ങോട്ട് വരുമ്പോൾ അടഞ്ഞുകിടന്നിരുന്ന സീഫുഡ് റസ്റ്റോറന്റ്കളിൽ ഒക്കെ ആൾതിരക്ക്. വിദേശികളും സ്വദേശികളുമായ സഞ്ചാരികൾ ഒരുപാട്.
അങ്ങനെ കുറെ കാര്യങ്ങളൊക്കെ കണ്ട് നടന്നു ബസ് സ്റ്റാന്ഡിലെത്തി.
7.45 ആയപ്പോഴേക്കും ബസ് വന്നു. "അമ്പലത്തറ" എന്ന സ്ഥലത്തേക്ക് ടിക്കറ്റ് എടുത്തു.
അവിടെ നിന്ന് ഏകദേശം 2 km ഉണ്ടാകും ബീമാപള്ളിക്ക്.ഇനി ലിസ്റ്റിൽ ഉള്ള അടുത്ത സ്ഥലം അതാണ്. അവിടെ കുറഞ്ഞ നിരക്കിൽ റൂം കിട്ടും.രാത്രി അവിടെ തങ്ങാം.
രാത്രി ഒൻപത് മണിയോടെ ബീമാപള്ളി എത്തി. രാത്രി ഭക്ഷണവും കഴിച്ചു , 400 രൂപയ്ക്ക് രൂപക്ക് അത്യാവശ്യം സൗകര്യമുള്ള ഒരു റൂമും കിട്ടി.
അങ്ങനെ ആ യാത്രയുടെ ആദ്യ ദിവസം അവിടെ അവസാനിച്ചു.







🌿
മറുപടിഇല്ലാതാക്കൂ