2021 സെപ്റ്റം 28

തൃപ്പൂണിത്തുറ ഹിൽപാലസ്


വളരെ അപ്രതീക്ഷിതമായി ഉണ്ടായ ഒരു യാത്രയായിരുന്നു തൃപ്പൂണിത്തുറ ഹിൽ പാലസ് ലേക്കുള്ളത്.



കൃത്യമായി പറഞ്ഞാൽ 2017 ജൂൺ മാസം. കൊച്ചിയിലെ പാസ്പോർട്ട് സേവാ കേന്ദ്രത്തിൽ പോയതാണ്. വിചാരിച്ചതിലും നേരത്തെ, ഓഫീസ് തുറക്കുന്നതിന് മുന്നേ തന്നെ അവിടെ എത്തി.

ഒരുപാട് തിരക്കൊന്നും ഇല്ലാത്തതിനാൽ അവിടത്തെ കാര്യങ്ങളൊക്കെ പെട്ടെന്ന് തന്നെെ തീർന്നു 

തിരികെ പോരാൻ  ബസ് കാത്തുനിൽക്കുമ്പോഴാണ് വെറുതെ ഗൂഗിൾ മാപ്പ് തുറക്കാൻ തോന്നിയത്. നോക്കിയപ്പോ തൊട്ടടുത്ത് ഹിൽപാലസ് മ്യൂസിയം നടന്നു പോയാൽ 10 മിനിറ്റ്.എന്നാപിന്നെ ഒന്നു പൊയ്ക്കളയാം.
ശരിക്കും അന്നുമുതൽ ആണ് ഒറ്റക്കുള്ള യാത്രകളെ ഞാൻ ഇഷ്ടപ്പെട്ടു തുടങ്ങിയത്.

അങ്ങനെ നടക്കാനുള്ള മടികൊണ്ട് ഒരു ഓട്ടോ പിടിച്ചു ഞാനവിടെയെത്തി.



പല തട്ടുകളായുള്ള മനോഹരമായ പൂന്തോട്ടം ആണ് ഹിൽപാലസ് മ്യൂസിയത്തിലേക്ക് കടക്കുമ്പോഴുള്ള  മുഖ്യ ആകർഷണം...
..
..കൊട്ടാരത്തിന്റെ മുന്നിലുള്ള ഈ  പൂന്തോട്ടം  അവസാനം ഭരിച്ചിരുന്ന രാമ വര്‍മ പരീക്ഷിത്ത് തമ്പുരാന്‍  ആയിരുന്നു   ഇതുപോലെ മനോഹരമായ രൂപകൽപ്പന ചെയ്തത്.
..




ചരിത്രത്തിലേക്ക് ഒരു എത്തിനോട്ടം നടത്താം.
 നാലുകെട്ടും ഊട്ടുപുരയുമായി  1853 -1864 വരെ ഭരിച്ചിരുന്ന രവി വര്‍മ തമ്പുരാൻ ഉണ്ടാക്കിയത് ആണെന്ന് പറയപെടുന്നു ആദ്യത്തെ കൊട്ടാരം ഒരു എട്ടു കെട്ടു ആയിരുന്നത്രേ
.പൂമുഖം ,അകത്തളം ,ഹോമപ്പുര ,മടപ്പള്ളി ,ഊട്ടുപുര,തേവരപുര ,കുളപ്പുര മാളിക ,വിലംപുപുര ,വലിയ ഊട്ടുപ്പുര ,എല്ലാം ചേര്‍ന്ന കൊട്ടാരം ഇരിക്കുന്നത് 51 ഏക്കറില്‍ ആണ് .
ഈ വലിയ കൊട്ടാരം ചെയ്യും യൂറോപ്യൻ ഡിസൈനാണ്.പിന്നിട് വന്ന മഹാരാജാക്കന്മാർ പലപ്പോഴായി മാറ്റങ്ങൾ വരുത്തി.



ചെരിപ്പുകളും ബാഗ് മൊബൈൽഫോൺ എല്ലാം പുറത്ത് ഒരു റൂമിന് സൂക്ഷിക്കുക അതിനുശേഷം 30 രൂപ പാസ് അവിടേക്ക് കയറാം. അതിനുള്ളിൽ ക്യാമറ അനുവദിനീയമല്ല.


മ്യുസീയത്തില്‍ കൊച്ചി രാജകുടുംബത്തിലെ    സിംഹാസനവും, കീരിടവും , ആഭരണങ്ങളും, ധാരാളം രത്നങ്ങളും,പഴയ നാണയങ്ങളും, ആയുധങ്ങളും, അമൂല്യ ശിലകളും, രഥവും, പല്ലക്കും, കൊച്ചി രാജാക്കന്മാരുടെ തലപ്പാവും (സ്വര്‍ണനൂലുകൊണ്ട്  മനോഹരമായ ചിത്ര തുന്നലുകള്‍ ഉള്ള തലപാവ്)   തുടങ്ങിയ ഒട്ടേറെ കാര്യങ്ങൾ കാണാനും അറിയാനും ആസ്വദിക്കാനും ഉണ്ട്


ഇത് പോലുള്ള വിലമതിക്കാനാവാത്ത വസ്തുക്കളെ നമ്മള്‍ ശരിയായി  രീതിയില്‍ ചേര്‍ത്ത് പിടിക്കാതെ ഇരുന്നാല്‍ വരും  തലമുറയ്ക്ക് വേണ്ടി  ഒന്നും ബാക്കി ഇല്ലാതെയും വരും എന്ന് തോന്നിപ്പോയി .ഇനിയുമെത്ര തലമുറകൾക്ക് കാണാനുള്ള അത്ഭുത സൃഷ്ടികളാണ് ഓരോ മുക്കിലും മൂലയിലും പൊടിപിടിച്ച് കിടക്കുന്നത്.




മ്യൂസിയത്തിന് ഉള്ളിലെ കാര്യങ്ങളെല്ലാം കണ്ട് പുറത്തിറങ്ങി ബാഗ് മൊബൈൽഫോൺ ഒക്കെ എടുത്തു കൊട്ടാരത്തിന്റെ പുറത്തുകൂടി കുറെ കാഴ്ചകൾ കണ്ടു.

പൂന്തോട്ടത്തിന് മുന്നിലുള്ള ദിനോസറിന്റെ പ്രതിമ.നല്ലൊരു നിർമിതി തന്നെയാണ്.

പണ്ട് രാജാക്കന്മാർ കുളിച്ചുകൊണ്ടിരുന്ന കുളം. കുളത്തിലെക്ക് ഇറങ്ങി പോകാൻ ഉള്ള പടവുകളും മറ്റും മനോഹരമായി നിർമ്മിച്ചിരിക്കുന്നു.



പിന്നീട് പോയത്  മാൻ പാർക്കിലേക്കാണ്. ഒരുപാട് മാനുകൾ ഉണ്ട് ഇവിടെ. സഞ്ചാരികൾക്കും ഏറെ ഇഷ്ടമുള്ള സ്ഥലമാണ്. കാഴ്ചകൾ കണ്ടു നടക്കുന്നതിനിടയിൽ രണ്ടു കുട്ടികളെയും പരിചയപ്പെട്ടു 😍.

അവരെക്കൊണ്ട് എന്നും ഹൃദയത്തിൽ സൂക്ഷിച്ചുവയ്ക്കാൻ ഇഷ്ടപ്പെടുന്ന ഒരു ഫോട്ടോയും എടുപ്പിച്ചു.


തിരികെ നടക്കുമ്പോൾ ഒരുപാട് കാര്യങ്ങളെ കാണാനും ആസ്വദിക്കാനും അറിയാനും സാധിച്ചതിന്റ സന്തോഷമായിരുന്നു മനസ്സിൽ.

2021 സെപ്റ്റം 3

പാതിരാമണൽ - ഓളപ്പരപ്പിലെ കൗതുക ലോകം

 വേമ്പനാട്ടു കായലാൽ ചുറ്റപ്പെട്ട് പ്രകൃതി ഒരുക്കിയ ഒരു സുന്ദരദ്വീപ്.ചെറിയൊരു തുരുത്താണ് എങ്കിലും അനേകം പക്ഷിജീവജാലങ്ങൾക്ക് ഇവിടം സ്വർഗത്തുല്യം.


മുഹമ്മ തീരത്ത് നിന്നും നോക്കിയാൽ ഒരു സ്വപ്ന തീരം എന്ന് വിശേഷിപ്പിക്കാവുന്ന പാതിരാമണൽ ദ്വീപ്. ആരെയും ആകർഷിക്കുന്ന പ്രകൃതിഭംഗി. 



മുഹമ്മ -കുമരകം ജലപാതയിൽ ഉള്ള ഈ ചെറുദ്വീപ് നൂറുകണക്കിന് ദേശാടന പക്ഷികളുടെയും സങ്കേതമാണ്.

 കായൽ ഭംഗി ആസ്വദിച്ചുകൊണ്ട് ദ്വീപിലേക്കുള്ള ബോട്ട് യാത്ര മറക്കാനാവാത്ത ഒരു അനുഭവമായിരുന്നു. ബോട്ടിൽ നിന്ന് നോക്കുമ്പോൾ കായലിന് മുന്നിൽ കിടക്കുന്ന ഒരു ചെറു പച്ചത്തുരുത്ത്.



കായലോളങ്ങളെ കീറിമുറിച്ചുകൊണ്ട് ബോട്ട് ദ്വീപിലേക്ക് അടുക്കുന്തോറും ആ സ്വപ്നഭൂമിയിലെ അത്ഭുതങ്ങൾ കാണാനുള്ള ആകാംഷയും കൂടിവന്നു.


 ദ്വീപിൽ ഇറങ്ങി മുന്നോട്ടു നടന്നു.ഇടതൂർന്ന വള്ളിപ്പടർപ്പുകളും വന്മരങ്ങളും കണ്ടൽക്കാടുകളും ചതുപ്പുനിലങ്ങളും വ്യത്യസ്തങ്ങളായ സസ്യഗണങ്ങളാലും  സമ്പന്നമായ ഈ ദ്വീപ് വേമ്പനാട്ടുകായലിന്റെ മുഖ്യ സൗന്ദര്യമായി നിലകൊള്ളുന്നു .



 കല്ലുപാകിയ സുന്ദരമായ നടപ്പാതയിലൂടെ ഉള്ള യാത്രയിൽ എപ്പോഴും ഒരു കാടിന്റെ നറുമണം  ആസ്വദിക്കാൻ സാധിച്ചു.



 ഇടക്കൊക്കെ നിശബ്ദതയെ മാറ്റിനിർത്തി ക്കൊണ്ട് പേരറിയാത്ത ഏതൊക്കെയോ പക്ഷികളുടെ പാട്ട് 



 കയറിവരുമ്പോൾ തന്നെ ദ്വീപിലെ വിവരങ്ങളടങ്ങിയ ഒരു ബോർഡ് നമുക്ക് കാണാം(school of environmental studies "mahathmagandhi university") അതിൽ പറഞ്ഞിരിക്കുന്നത് പ്രകാരം,നൂറ്റി അറുപതിയൊന്ന് സപുഷ്പികളായ സസ്യങ്ങൾ ഒൻപതോളം പന്നൽ സസ്യങ്ങൾ 53 മരങ്ങളും 22 കുറ്റിച്ചെടികൾ 73 ചെറുസസ്യങ്ങൾ പതിമൂന്നോളം വള്ളിച്ചെടികൾ 24 ഓളം ഇനത്തിൽപ്പെട്ട തുമ്പികളും 34 ഇനം ചിത്രശലഭങ്ങളും ഇരുപത്തിമൂന്നിൽപരം ചിലന്തികളും 44 ഇനങ്ങളിൽപ്പെട്ട മത്സ്യങ്ങളും 7 ഇനം പാമ്പുകളും 9 ഇനത്തിൽപ്പെട്ട വ്യത്യസ്തങ്ങളായ സസ്തനികളും 93 ഓളം അസ്ഥിര വാസികളായ പക്ഷികളും പലകാലങ്ങളിലായി എത്തുന്ന മറ്റ് ദേശാടനപക്ഷികൾ എല്ലാം കൊണ്ട് സമ്പന്നമാണ് ഇവിടം.



 കാണാൻ സാധിക്കുന്നതിനും അപ്പുറമാണ്. ദ്വീപിന്റെ ഉള്ളറകളിലെ  നിഗൂഢതകൾ.എന്ന് തോന്നിപ്പോകുന്നു. ചതുപ്പുനിലങ്ങൾ ആയതിനാൽ അവിടേക്ക് കടന്നു ചെല്ലൽ ദുഷ്കരമാണ്.


ഒരു കാലത്ത് പതിനാലോളം വീടുകൾ ഉണ്ടായിരുന്നത്രേ ഈ ദ്വീപിൽ. പിന്നീട് സംരക്ഷണത്തിനായി ദ്വീപ് സർക്കാർ ഏറ്റെടുക്കുകയും ദ്വീപിൽ താമസിച്ചിരുന്നവർക്ക് മുഹമ്മ പഞ്ചായത്തിൽ തന്നെ പല സ്ഥലങ്ങളിലായി വേറെ വീടുകൾ നൽകുകയും ചെയ്തു. പക്ഷേ അങ്ങനെയൊരു ചരിത്രത്തിന്റെ യാതൊരുവിധ  ശേഷിപ്പുകളും ഇവിടെ കാണുന്നില്ല. നിറയെ കണ്ടൽ ചെടികളും കാട്ടുവള്ളികളും തോടുകളും ചതുപ്പുകളും ഒക്കെയായി നിറഞ്ഞുനിൽക്കുന്ന സ്ഥലമാണ് ഇപ്പോൾ ഈ പാതിരാമണൽ ദ്വീപ്.


 ഇപ്പോഴിവിടം കേരള ടൂറിസം വകുപ്പിന് കീഴിൽ സഞ്ചാരികൾക്കായി തുറന്നു കൊടുത്തിരിക്കുകയാണ്.




ശാന്തമായി ഒഴുകുന്ന വേമ്പനാട്ടുകായലിലെ അതീവ ശാന്തമായ ഒരു ദ്വീപ് അതാണ് പാതിരാമണൽ.

 സഞ്ചാരികൾ കൊണ്ടുവരുന്ന പ്ലാസ്റ്റിക് കുപ്പികളും മറ്റും ദ്വീപിന്റെ പലസ്ഥലങ്ങളിലും അലക്ഷ്യമായി വലിച്ചെറിഞ്ഞിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു.ഇവിടെ വരുന്നവർ ആ കാര്യം കൂടി ശ്രദ്ധിക്കേണ്ടതാണ്.

 നമ്മുടെ പൂർവികർ ഈ ഭൂമിയിൽ നമുക്കായി പല അത്ഭുതങ്ങളെയും സംരക്ഷിച്ചു വെച്ചു. ഇന്ന് നമുക്ക് അതെല്ലാം കാണാനും ആസ്വദിക്കാനും സാധിക്കുന്നു. മനോഹരമായ ഈ ദ്വീപിനെ വരും തലമുറക്കായി സംരക്ഷിക്കേണ്ടത് നമ്മുടെ ബാധ്യത ആണ്.


പട്ടാപ്പകൽ ഇരുട്ടാകുന്ന പാതിരാവിൽ തിളങ്ങുന്ന ഈ തുരുത്തി ലേക്കുള്ള യാത്ര തീർത്തും ആസ്വാദ്യകരവും കൗതുകം നിറയ്ക്കുന്നതുമായ ഒന്നായിരുന്നു.



2021 ജൂലൈ 5

അന്ന് നാമൊരുമിച്ച വഴികൾ

 കാലമെത്രയകന്നു പോയെങ്കിലും

ഇതളുകളെത്ര കൊഴിഞ്ഞു പോയെങ്കിലും

സ്വർണ നൂലിന്റെയക്ഷരക്കൂട്ടിനാ-

ലോർമ തൻ പൂക്കളെ കൊതിവെക്കുന്നു ഞാൻ.


രാഗമൊഴുകുന്ന പുഴയും വരണ്ടുപോയ് 

വാക്കുകൾ പലതന്നെ പറഞ്ഞു പോയ്‌

വേരുകൾ പിന്നെഎന്നോ മുറിഞ്ഞുപോയ് 

ഒന്നു ചേർന്നൊരാ കാലം ഇരുണ്ടുപോയ് 


അന്ന് പാടിയ പാട്ടുകളൊക്കെയും

അന്ന് നാം കണ്ട സ്വപ്നങ്ങളൊക്കെയും

മഞ്ഞുവീഴും വഴിത്താരയൊക്കെയും

പാഴ്കിനാവിന്റെ നൊമ്പരപ്പാടുകൾ


അന്ന് നാമെത്ര കണ്ടു കൊതിച്ചോരാ

വാക തളിരിട്ട പൂക്കൾ പറിച്ചിടാൻ

ഇന്ന് നാമിരു തട്ടിലാണെങ്കിലും

അന്ന് നാമൊരുമിച്ച വഴികളായ്....,

2021 ഏപ്രി 29

ചെങ്കൽഭിത്തിയിലെ രഹസ്യരേഖ - 1

 

"ഇനിയും കാണാനാകുമെന്നുള്ള വിശ്വാസത്തോടെ പരസ്പരം യാത്ര പറഞ്ഞിറങ്ങുമ്പോൾ പറഞ്ഞു തീരാത്ത ഓർമ്മകളുടെയും ഇത്തിരി നേരംകൊണ്ട് പകർന്ന സ്നേഹത്തിന്റെയും കരുതലിന്റെയും ശേഷിപ്പികളെ കൂടിയാണ് 

ഞാൻ കൂടെ കൂട്ടുന്നത്".


ഒരു പ്രേത കഥ
Karthikathinkal



എന്ന് പുറമേ കുറിച്ച് ആ ക്ഷണക്കത്ത് ഞാൻ കയ്യിലെടുത്തു .


....

വഴിയിലെവിടെയും വെളിച്ചമോ ആളുകളെയോ കണ്ടില്ല .വനപ്രദേശം തുടങ്ങിയിരിക്കുന്നു .ഇതിനുമപ്പുറം ചെറിയൊരു ഗ്രാമം ഉണ്ട് .അവിടെ വരെ മുൻപ് പോയതായും ഓർമയുണ്ട്  . വീണ്ടും കുറച്ചു കൂടി ഉള്ളിലേyക്ക് കടക്കണം സാറിന്റെ വീട്ടിലേക്ക് .വാഹനത്തിന്റെ സ്പീഡ് ഒന്നുകൂടി കൂട്ടി. ഗ്രാമപ്രദേശത്തിനടുത്ത് എത്തി ഒരു ചെറിയ കവലയിൽ നിർത്തി .   അടുത്തുകണ്ട കടയിൽ ക്ഷണക്കത്തിടാനുള്ള കവറിനായി ഞാൻ കയറി, അവിടെയൊരു സ്ത്രീയും അവരുടെ ഭർത്താവും ഉണ്ട് , ഭർത്താവു കവർ എടുക്കുന്ന സമയം ആ സ്ത്രീയെന്നോട് സംസാരിച്ചു തുടങ്ങി. ഒരുപാട് കാര്യങ്ങൾ അവർ സംസാരിച്ചു.  അവർ എന്തോ വലിയ സ്നേഹത്തോടെയാണ് എന്നെ കേട്ടതും എന്നോട് പറഞ്ഞതും . ഏഴര മണിയായിക്കാണും സാർ വീണ്ടും വിളിച്ചപ്പോൾ അവർ തന്നെയാണ് സംസാരിച്ചത്, വഴിചോദിച്ചു മനസ്സിലാക്കി എനിക്കു പറഞ്ഞു തന്നു, അവിടെ നിന്നും പിന്നെയും ഒരു 28 Km ഉണ്ട് സാറിന്റെ  വീട്ടിലേക്കു.

കുറച്ചു നേരം ആ സ്ത്രീയോടും ഭർത്താവിനോടുമായി സംസാരിച്ചു, രണ്ടാളും നന്നായി സംസാരിക്കുന്ന പ്രകൃതം. നോട്ട് നിരോധനത്തിൽ തുടങ്ങി അന്താരാഷ്ട്ര തീവ്രവാദം കടന്നു ലോകാവസാനത്തെ ഉയിർത്തെഴുന്നേൽപ്പ് വരെ ആ പത്ത് മിനിറ്റിൽ അവർ എന്നോട് സംസാരിച്ചു .  20 രൂപയുടെ പലഹാരവും എനിക്ക് ആവശ്യമായ കവറും വാങ്ങിയതിനുമപ്പുറം ഞാൻ അവിടെ നിന്ന് തിരിച്ചു .

വീണ്ടും കാടിന് നടുവിലെ വിജനമായ റോഡിലൂടെ വാഹനം നീങ്ങി. ഇടയ്ക്കു വല്ലപ്പോളും എതിരെ വരുന്ന വാഹനങ്ങളുടെ ഹെഡ് ലൈറ്റ് വെളിച്ചങ്ങളല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല. ഇടയ്ക്കു രണ്ട് തവണ കൂടി  സാറിന്റെ കോൾ എന്നെത്തേടിയെത്തി. 


പറഞ്ഞു തന്ന അടയാളങ്ങൾ തേടിപ്പിടിച്ചു ഞാൻ യാത്ര തുടങ്ങി. കവലകളുടെ രൂപങ്ങൾ നാൽകവലകളും മുക്കവലകളും ആയി മാറിമാറിക്കൊണ്ടിരുന്നു. അങ്ങിനെ ഒരു കുഞ്ഞുപള്ളിയുള്ള കവലയിൽ നിന്നും വീണ്ടും മുൻപോട്ടു. അടുത്ത കവലയിൽ നിന്നും ഇടത്തോട്ടേക്കാണ് ഇനി പോകേണ്ടത്. 


വീണ്ടും സാറിന്റെ വിളിവന്നു. എവിടെയാണെന്നുള്ള ഉറപ്പുവരുത്തി. അടുത്ത കവലയിൽ നിന്നും വലത്തോട്ടേക്കു കുറച്ചു വരുമ്പോൾ പടിപ്പുരയുള്ള ഒരു വീടുകാണാമെന്നും അവിടെ ഞാൻ പുറത്തു തന്നെ കാത്തിരിപ്പുണ്ടെന്നും സാർ ഓർമ്മപ്പെടുത്തി. 


അങ്ങിനെ പടിപ്പുരവാതിലുള്ള വീടുകൾക്കായി കണ്ണുകൾ പരതിക്കൊണ്ടിരുന്നു. കണ്ണുകൾക്കൊപ്പം ചിന്തകളും മനസ്സിനെ എവിടേക്കോ എന്നപോലെ കൊണ്ടുപോയി .


സാറിനെ കാണുമ്പോഴേ റോഡിലേക്കിറങ്ങി വരുമായിരിക്കും .


മുഖത്ത് സന്തോഷം നിറഞ്ഞു നിൽക്കുന്നുണ്ടായിരിക്കും . എന്തുപറയണമെന്നറിയാതെ വാക്കുകൾക്കായി  തിരയുന്ന രണ്ടുപേർ, ഒരാൾ വിദ്യാർത്ഥിയും മറ്റൊരാൾ അധ്യാപകനും .

കാലങ്ങൾക്കിപ്പുറം ഇനിയൊരിക്കലും കണ്ടുമുട്ടാനാകില്ലെന്നു കരുതിയിരുന്നവർ ഇന്നു മുഖാമുഖം നിൽക്കുന്നു. പ്രണയവിരഹങ്ങൾക്കും സൗഹൃദങ്ങൾക്കും  മാത്രമല്ല കൂടിച്ചേരലുകളുടെ അനുഭൂതികൾ സൃഷ്ടിക്കുവാനാവുകയെന്ന തിരിച്ചറിവുകൾ കൂടിയാണാസമയം ഉണ്ടായത്. 


സാറിന്റെ രണ്ടുകൈകൾ കൊണ്ടും ചേർത്ത്പിടിച്ചു സന്തോഷം അറിയിക്കുമ്പോൾ വീട്ടിനകത്തേക്ക് ഒരു കൊച്ചു കുട്ടിയെപ്പോലെ ക്ഷണിക്കുകയാണുണ്ടായത്. ചായയും, ബിസ്കറ്റും, വറുത്തകായയും ടേബിളിൽ വെക്കുമ്പോ 'ചായ തണുത്തു പോയിട്ടുണ്ടാകും' എന്നു പറഞ്ഞതിലൂടെ മനസ്സിലായിരുന്നു ഒത്തിരിനേരമായിട്ടെന്നെ കാത്തിരിക്കുകയായിരുന്നെന്ന് .


ഒരുപാട് കാര്യങ്ങൾ കുറഞ്ഞ സമയത്തു ചിന്തിച്ചു തീർത്തുകൊണ്ട് പഠിപ്പുരവാതിലുള്ള വീട് തേടി കണ്ണുകൾ പാഞ്ഞു കൊണ്ടിരുന്നു . ഒരുപാട് കാലമായി കണ്ടിട്ട് .പഠിച്ചിറങ്ങുമ്പോൾ തന്നെ സാർ നന്നേ ക്ഷീണിതനായിരുന്നു . അന്ന് താമസം സ്കൂളിനടുത്ത് ആയിരുന്നതിനാൽ ഒരിക്കൽ അവിടെയൊക്കെ ചെല്ലാൻ കഴിഞ്ഞിട്ടുണ്ട് .ഭാര്യയും അധ്യാപിക ആയിരുന്നു അന്ന് പരിചയപ്പെട്ടിരുന്നു .അവിടെ നിന്നും യാത്ര പറഞ്ഞിറങ്ങുമ്പോൾ വഴിയരികുവരെ അവരും വന്നേക്കാം  . 


ഇരുവരെയും കണ്ട് സംസാരിച്ചു പെട്ടെന്ന് തന്നെ തിരിക്കണം .സമയം 8 മണി കഴിഞ്ഞു .നല്ലരീതിയിൽ ഇരുട്ടിത്തുടങ്ങിയിട്ടുണ്ട് .ഇവിടെയാകെ വിജനമായ വനപ്രദേശമായതിനാൽ വന്യജീവികളും ഉണ്ടായേക്കാം .

പഠിപ്പുര വാതിൽ അന്വേഷിച്ചുള്ള എന്റെ തിരച്ചിൽ അവസാനം ലക്ഷ്യത്തിലെത്തി .സാർ പറഞ്ഞ അടയാളങ്ങൾ വെച്ച് നോക്കിയാൽ ഇത് തന്നെ വീട് . പക്ഷെ അവിടൊന്നും ജനവാസമുള്ളതായി കാണുന്നില്ല .ഇടിഞ്ഞു പൊളിഞ്ഞ ഒരു പഴയ തറവാടിന്റ അവശേഷിപ്പുകൾ പോലെ തോന്നുന്നു . അങ്ങു ദൂരെ ഒരു രൂപത്തെ കാണുന്നുണ്ട്. അത് എന്റെ പ്രിയപ്പെട്ട സാർ തന്നെ, സംശയമില്ല. വണ്ടി നിർത്തി ഇറങ്ങി ആകാംഷയോടെ അടുത്തെത്തിയതും ആ രൂപം എന്നിൽ നിന്ന് അകന്ന് പോകുന്ന പോലെ .അവസാനം ഇരുളിൽ അപ്രതീക്ഷിതമായി . ഞാൻ ബാഗിൽ നിന്നും ടോർച് എടുത്ത് തെളിച്ചു ചുറ്റും നോക്കി .ആരെയും കാണുന്നില്ല .പൊളിഞ്ഞു തുടങ്ങിയ ആ മതിൽകെട്ടുകൾkkumപ്പുറം ഒരു ഒറ്റനില വീട് കാണുന്നുണ്ട് .അവിടെ നിന്ന് എന്തോ കാന്തികത എന്നെ ആകർഷിക്കുന്നതായി തോന്നി .

മടിച്ചു കൊണ്ടെങ്കിലും അങ്ങോട്ട് നടന്നു . സ്വീകരിക്കാൻ ആരെയും കണ്ടില്ല .എങ്കിലും ജനലുകൾ അല്പമൊന്നുതുറന്ന് ഉള്ളിലേക്ക് ടോർച് അടിച്ചു നോക്കി .കയ്യില് ടോർച്ചും ചുറ്റും നിലാവെളിച്ചവുമെങ്കിലും എന്റെ കണ്ണുകളിൽ ഇരുട്ട് കയറുന്നതായി തോന്നി .നെഞ്ചിടിപ്പ് കൂടി.ആ കാഴ്ച എനിക്ക് വിശ്വസിക്കാൻ ആയില്ല .

ചുവരിൽ തൂങ്ങിയാടുന്ന മാറാല പൊതിഞ്ഞ ജനന മരണങ്ങൾ രേഖപ്പെടുത്തിയ രണ്ട് ചിത്രങ്ങൾ .എന്റെ ഇടറുന്ന ചുണ്ടുകൾ ഞാനറിയാതെ ശബ്ദിച്ചു "സാർ ...സാർ"


എന്തൊക്കെയാണ് സംഭവിക്കുന്നത് .?


തൊട്ടു മുൻപ് വരെ ഞാൻ ഫോണിൽ ആരോടാണ് സംസാരിച്ചത് .?


ഏത് ശക്തിയാണ് എന്നെ ഇവിടേക്ക് എത്തിച്ചത്.? ഉത്തരമില്ലാത്ത ഒരായിരം ചോദ്യങ്ങൾ എന്റെ മനസ്സിലേക്ക് ഓടിയെത്തി .

പെട്ടന്ന് എന്നെ ഞെട്ടിച്ചു കൊണ്ട് ഒരു കൈത്തടം എന്റെ ചുമലിൽ വന്നു പതിച്ചു . തിരിഞ്ഞു നോക്കിയ ഞാൻ അക്ഷരാർത്ഥത്തിൽ ഞെട്ടി ശ്വാസം നിലക്കുന്ന പോലെ ,കാലുകൾ തളരുന്ന പോലെ എന്താണ് എന്റെ മുന്നിൽ കാണുന്നത് ????

പാതി മുറിക്കപെട്ട നിലയിൽ മെലിഞൊട്ടിയ ഒരു  കൈത്തടം എന്റെ മുന്നിൽ ഉയർന്നു നിൽക്കുന്നു .അതിനരികിൽ ചെങ്കല്ലിനാൽ നിർമിതമായൊരു പൊട്ടിപ്പൊളിഞ്ഞ മതിൽകെട്ട് .

ആ ഭിത്തിയിൽ രക്തമിറ്റിയ ആ കൈത്തടം എന്തിലെക്കോ ഉള്ള വഴിതെളിക്കുന്ന പോലെ തോന്നി .തിളങ്ങി നിൽക്കുന്ന നിലാവിന്റെ ശോഭയിൽ ഇടയ്ക്കിടെ ഉള്ള ഇടി മിന്നലിന്റെയും അരണ്ട വെളിച്ചത്തിൽ ആ ഭിത്തിയിൽ എന്തൊക്കെയോ കുറിച്ചിട്ടിരിക്കുന്ന തായി കണ്ടു  .ഞാനതിലെക്ക് ടോർച് അടിച്ചു നോക്കി .

അതിൽ ഇങ്ങനെ കുറിച്ചിരിക്കുന്നു .

"വരണ്ടുണങ്ങിയ മണ്ണിലൂടെ, തന്റെ സ്വപ്നങ്ങളെയും ഒക്കത്തിരുത്തി ഒഴിഞ്ഞ മനസ്സുമായ് അവൻ നടന്നു .

നിയോഗമോ മുക്തിയോ ചതുരാശ്രമം താണ്ടി ,അന്ത്യം കുറിച്ച ജീവിതമോ?

പാതി തകർന്ന മുഖവുമായ് ഉഴറി 

നീങ്ങി ആ , അപമാനിതൻ!""

ആ ശക്തി നിനക്കരികെ ഉണ്ട് .ഇവിടേക്ക് നിന്നെ എത്തിച്ചതും അത് തന്നെ .നീ നടക്കുക പതിനെട്ടു വർഷങ്ങൾക്ക് പിന്നിലേക്ക് .!"


തുടരും .

2021 മാർ 24

ഓർമയിലെ പൂക്കാലം


 

ഇനിയൊന്നു നിൻ മുഖമെൻ മിഴിക്കോണിലാ 

യൊരു നോക്കു കണ്ടിരുന്നെങ്കിൽ 

പറയുവാനാശിച്ച പലതുമൊരു വാക്കാലെ 

മൊഴിയുവാനായിരുന്നെങ്കിൽ .


ഇങ്ങുനിന്നെന്നോ അകന്നൊരാ സ്വപ്‌നങ്ങൾ 

നേടുവാനായിരുന്നെങ്കിൽ 

ഓർമയിലെന്നോ നിറഞൊരാ പൂവിനെ 

തഴുകുവാനായിരുന്നെങ്കിൽ .


ഇനിയുമൊരിക്കലാ കാറ്റിൻ സുഗന്ധമൊ

ന്നറിയുവാനായിരുന്നെങ്കിൽ 

കാറ്റിലലിഞ്ഞുകൊണ്ടാ പൂവിനിതളിലെ 

വണ്ടായി ഞാൻ മാറിയെങ്കിൽ 


വരുകില്ല പൂക്കാലമറിയുമെന്നെങ്കിലും 

വെറുതെ കൊതിക്കുന്നു ഇന്നും 

ഇതളിറുക്കാനല്ല പൂനുള്ളുവാനല്ല 

ഒരു നോക്കുകാണുവാൻ മാത്രം 

Hk〽️  💚💜

2021 ഫെബ്രു 6

GTHSS പൂമാല ❤️ ഒരു സുന്ദര കാലത്തിന്റെ ഓർമ്മക്ക് (1)

 മലയും പുഴയും വെള്ളച്ചാട്ടങ്ങളും മഞ്ഞും മരങ്ങളും എല്ലാം നിറഞ്ഞ സുന്ദരമായ പ്രദേശത്ത് തലമുറകൾക്ക് അക്ഷരവെളിച്ചമേകി തലയുയർത്തി നിൽക്കുന്ന കലാലയം. 

GTHSS പൂമാല 



ഓർമ്മിക്കാൻ ഒരുപാട് സമ്മാനിച്ചയിടം. 

സ്കൂളിനെ മൂടുന്ന പുലർകാല മഞ്ഞുപോലെ കുളിരുള്ളതാണ് ഓർമകളും. 



2011 ൽ സ്കൂൾ കുട്ടികളുടെ ഒരു പ്രതിഷേധ സമരം. മുല്ലപ്പെരിയാർ വിഷയത്തിൽ തലക്ക് മുകളിൽ ജലബോംബ് എന്ന തലക്കെട്ടിന്റെ കീഴിൽ മൗനജാഥ നടത്താൻ അധ്യാപകർ തീരുമാനിക്കുന്നു. എല്ലാകുട്ടികൾക്കും വായ്മൂടിക്കെട്ടാൻ കറുത്ത റിബൺ നൽകുന്നു. ജാഥ തുടങ്ങിയപ്പോൾ ഹയർസെക്കണ്ടറി വിഭാഗത്തിലെ കുട്ടികൾക്ക് അടുത്തേക്ക് ഒരു അധ്യാപകൻ വന്നിട്ട് പറയുന്നു  

"വായ്മൂടിക്കെട്ടി പോകാൻ ഇത് മരണജാഥ അല്ല. നമുക്കായുള്ള സമരമാണ്. നാടിന്റെ പലസ്ഥലങ്ങളിലും പ്രതിഷേധങ്ങൾ കത്തുമ്പോൾ വിദ്യാർത്ഥികൾ വായ്മൂടിക്കെട്ടരുത്" നിങ്ങള് മുദ്രാവാക്യം വിളിക്കെടാ മക്കളേ " എന്ന്. 

ഇങ്ങനൊരു അധ്യാപകന്റെ അസാന്നിധ്യം പലയിടത്തും വായ്മൂടിക്കെട്ടിയ ഒരു സമൂഹത്തെ ഉണ്ടാക്കിയിട്ടുണ്ടാകാം. 


"നിങ്ങളറിഞ്ഞോ നാട്ടാരേ 

നിങ്ങളറിഞ്ഞോ അധ്യാപകരെ 

നാല്പത് ലക്ഷം ജീവന് ഭീഷണി 

മുല്ലപ്പെരിയാർ അണക്കെട്ട് "

വായ്മൂടിക്കെട്ടാൻ തന്ന കറുത്ത റിബണുകൾ കൈകളിൽ കെട്ടി മുദ്രവാക്യം വിളികളുമായി തന്റെ വിദ്യാർത്ഥികൾ തെരുവുകളിലൂടെ നടക്കുമ്പോൾ കഴിഞ്ഞുപോയ ഒരു വസന്തകാലത്തിന്റെ ഓർമകളെ ആ കുട്ടികളിലൂടെ തിരികെനേടാൻ ശ്രമിച്ചുകൊണ്ട് ബലിഷ്ടമായ കൈകളാൽ മുഷ്ടിചുരുട്ടി ഏറ്റു വിളിക്കുന്നുണ്ടായിരുന്നു ആ അധ്യാപകൻ . 



ആരാണ് വിദ്യാർത്ഥി? വിദ്യയെ അഭ്യസിക്കുന്നവനോ? അതോ വിദ്യയെ ആഗ്രഹിക്കുന്നവനോ? 

രണ്ടുമല്ലത്രെ വിദ്യയെ അർത്ഥിക്കുന്നവൻ അഥവാ യാചിക്കുന്നവൻ ആയിരിക്കണമത്രേ വിദ്യാർത്ഥികൾ. 

എല്ലാ ബാച്ചിലേയും തന്റെ ആദ്യ ക്ലാസ്സിൽ അദ്ദേഹം പകർന്നു നൽകിയിരുന്ന ആദ്യ അറിവ് ആയിരുന്നു അത്. ഒരുപക്ഷെ അതുകൊണ്ടൊക്കെ ആയിരിക്കാം സാറിന്റ ക്ലാസ്സിലിരുന്ന കുട്ടികളിൽ കാലമെത്ര കഴിഞ്ഞിട്ടും ഓർമയിലെവിടെയോ ആ മുഖം ഇന്നും മറയാതെ നിൽക്കുന്നതും. 


രാഷ്ട്രമീമാംസ പഠിപ്പിച്ചിരുന്നതുകൊണ്ടാണോ കാര്യങ്ങളെ ഗ്രഹിച്ചു സംസാരിക്കാനുള്ള കഴിവ്‌കൊണ്ടോ എന്നറിയില്ല മുൻഷി എന്നൊരു വിളിപ്പേര് വിദ്യാർത്ഥികൾക്കിടയിൽ ആ അധ്യാപകന് ഉണ്ടായിരുന്നതായി ഓർക്കുന്നു. ആദ്യമൊക്കെ ദേഷ്യത്തിലും പിന്നീട് ഒരല്പം കൗതുകത്തോടെയും പിന്നെപ്പിന്നെ പുഞ്ചിരിയോടെയും ഇത്തരം ഇരട്ടപേര്കളെ മനസ്സിൽ സ്വീകരിച്ചവരാവാം പല അധ്യാപകരും 



"ഞാൻ ആരെങ്കിലുമൊക്കെ ആയിത്തീരണമെന്ന് എനിക്ക് ആഗ്രഹം ഉണ്ടെങ്കിൽ ഞാൻ ആദ്യം ചെയ്യേണ്ടത് എന്റെ ഇന്നുകളെ വിമർശിക്കുകയാണ്" ഹൃദയത്തിൽ തട്ടിയ വാക്കുകൾ എന്ന് പറഞ്ഞ് സാർ എപ്പോഴും ആവർത്തിക്കാറുണ്ടായിരുന്ന വാക്കുകളാണിവ. ഒരുപക്ഷെ എന്നെപ്പോലെ ഒരുപാട് പേരുടെ കാതുകളിൽ കാലമെത്ര കഴിഞ്ഞിട്ടും മുഴങ്ങിക്കൊണ്ടിരിക്കുന്ന വാക്കുകൾ. 

ആരുമാവാൻ സാധിച്ചില്ലെങ്കിലും അടിക്കടി ആത്മപരിശോധനക്ക് പത്രമാവേണ്ടിവരുന്നതും ഇതുകൊണ്ടൊക്കെ ആയേക്കാം. 


പലപ്പോഴും അത്ഭുതമായിരുന്നു ഓരോ ചുവടിലും കൃത്യമായ ലക്ഷ്യങ്ങളോടെ നടന്നുനീങ്ങുന്ന ഒരു തലമുറയെ സ്വപ്നം കണ്ട് പാഠഭാഗങ്ങൾ പറഞ്ഞുതരുന്ന ആ അധ്യാപകൻ. 

ഓർമയിൽ ഇന്നുമുണ്ട് കറുത്ത പാന്റിൽ ഇൻസേർട് ചെയ്ത ഇളം കളർ ഷർട്ടും ഇട്ട് ചെറു പുഞ്ചിരിയോടെ ക്ലാസിലേക്ക് കടന്നുവരുന്ന  മനോജ് സാർ ന്റെ മുഖം . പുസ്തകത്തിൽ നോക്കി ഒരിക്കലും പഠിപ്പിച്ചിരുന്നില്ല പാഠഭാഗം തലക്കെട്ട് മാത്രം നോക്കും എന്നിട്ട് തനിക്കറിയാവുന്നത് എല്ലാം കുട്ടികളിലേക്ക് പകർന്നുകൊടുക്കും. പാഠഭാഗങ്ങളെല്ലാം വാഗ്മയചിത്രം കണക്കെ ഒരു നല്ല സിനിമ കണ്ടുതീർത്ത പോലെ മനസ്സിൽ തെളിഞ്ഞുവരും. 


ആദ്യ ദിനം പടികൾ കയറി ചെന്നത് ഒരു പുതിയ ലോകത്തേക്കായിരിക്കുമെന്ന് ഏതൊരു വിദ്യാർത്ഥിയെയും പോലെ ഞാനും കരുതിയിരുന്നില്ല. സത്യത്തിൽ പത്താം ക്ലാസ് വരെ കാര്യമായി സ്കൂൾ ജീവിതം ആസ്വദിക്കാൻ സാധിച്ചിരുന്നില്ല. വിശാലമായ സ്കൂൾ മൈതാനത്തിന് അപ്പുറം പ്രകൃതി ദേവത കനിഞ്ഞരുളിയ ദൃശ്യവിസ്മയങ്ങളോടെ  മലമടക്കുകൾക്കിടയിൽ കോടമഞ്ഞിന്റെ ഗംഭീര അകമ്പടിയോടെ തലയെടുപ്പോടെ നിൽക്കുന്ന സ്കൂൾ കെട്ടിടം. ഒന്നാം ക്ലാസ് മുതൽ അവിടെ പഠിക്കാൻ ! അല്ല ജീവിക്കാൻ സാധിച്ചവർ എത്ര ഭാഗ്യവാന്മാർ എന്നൊരുവട്ടം ചിന്തിച്ചുപോകുന്നു. 



ഇന്നലെകളിലെ എന്നെ ഞാൻ നഷ്ടപ്പെടുത്തിയത് എവിടെയാണ്. ഓരോ ദിനങ്ങളും കടന്നുപോയിരുന്നത് എത്ര സുന്ദരമായാണ്.

പലപ്പോഴും പിടിതരാത്ത ചോദ്യങ്ങൾക്ക് ഉത്തരം തേടി അലയുമ്പോഴും തിരികെ എത്തുന്നത് പണ്ടൊരിക്കൽ നടന്ന് തീർത്ത ഈ വഴിയരികിൽ തന്നെ. കളിപറഞ്ഞ ഈ ക്ലാസ് മുറികളിലേക്ക് തന്നെ... 


സ്കൂളിനെ പറ്റി പറയുമ്പോൾ നമ്മുടെ സ്വന്തം ഞണ്ടിറുക്കി എങ്ങനെയാണ് വിട്ടുകളയാൻ തോന്നുന്നത്, 

 സ്കൂളിന് സമീപം തന്നെ പാറക്കൂട്ടങ്ങള്ഈക്കിടയിൽ കുത്തിഒഴുകുന്ന ഈ വെള്ളച്ചാട്ടത്തിൽ ഒരിക്കലെങ്കിലും കുറച്ചു നേരം കൂട്ടുകാരോടൊത്ത് ചെലവഴിക്കാത്തവർ ആരുണ്ട്.

  കണ്ണിനു കുളിരായ് ഒരുപാട് അനുഗ്രഹങ്ങൾ കൊണ്ട്  ധന്യമായിരുന്നു നമ്മുടെ സ്കൂൾ. ചുറ്റുപാടും തിങ്ങി നിറഞ്ഞ വന പ്രദേശങ്ങൾക്കിടയിൽ ഇന്നും തലയെടുപ്പോടെ നിൽക്കുന്ന നമ്മുടെ സുവർണ കാലം.... 

....💚🧡💙

ഓർമയിൽ ഒരുപാടുണ്ട്. ഒരിക്കലും മടങ്ങി വരാത്ത വിധം ആ മനോഹരമായ കാലത്തിന്റെ വാതിൽ എനിക്ക് മുന്നിൽ കൊട്ടിയടക്കപ്പെട്ടപ്പോഴും ഈ ഒര്മാകളിലൂടെ വീണ്ടെടുക്കാൻ ശ്രമിക്കാറുണ്ട്. നഷ്ടമായ പലതിനെയും.  

2011-13 ബാച്ചിൽ പഠിചിറങ്ങിയ ഞങ്ങൾക്ക് ഓർമ്മയിൽ ഒരുപാടുണ്ട്. എഴുതാനും ഒരുപാടുണ്ട്. വേറെയും നല്ല അധ്യാപകരും ഉണ്ട് ഓർമ്മകൾ ഒന്നും ഇവിടെ അവസാനിക്കുന്നില്ല....

പറയാനിനിയുമേറെ...💛

Hakki〽️  💚💚💙💙🖤🖤



.


2021 ഫെബ്രു 1

💙❤️💚

 ചേർത്ത് നിർതിയിട്ട് കൈവിടാത്തതായി ഈ മണ്ണും മലയും മരങ്ങളും ഒക്കെയേ ഉള്ളു എന്നും . ❤️🧡  

നഷ്ടപ്പെടുത്താൻ ഇഷ്ടപ്പെടാത്ത ഒരുപാട് ഉണ്ട് ചുറ്റും .  ചിലതൊക്കെ ഒന്ന് നിറം മങ്ങി എങ്കിലും എല്ലാ സ്വപ്‌നങ്ങളെയും മണ്ണിട്ട് മൂടിയിട്ടില്ല . 💙  

Sw@pn@lok@m

2021 ജനു 12

സ്വപ്നത്തിൽ ജോയ് ചേട്ടൻ

 ഏറെ ചിന്തിപ്പിച്ച ഒരു ചോദ്യത്തിനുള്ള വ്യക്തമാകാത്തൊരു ഉത്തരം. 

ജോയ് ചേട്ടാ.... ❤️

ഈയിരു കണ്ണാലെ ഈ ജന്മം കാണാൻ കഴിയില്ലെന്ന് ഉറപ്പിച്ച, എന്നാൽ ഒരുവട്ട മെങ്കിലും കണ്ടിരുന്നെങ്കിൽ എന്ന് കൊതിച്ച പലതും ഉറക്കം കണ്ണുകളിലേക്ക് എത്തുമ്പോൾ കനവുകളായ് മനസ്സിൽ തെളിയവേ ഒരുവേള ഞാൻ ഓർക്കുന്നു.. 

ഉറക്കം കണ്ണുകളിലേയ്ക്കെത്തുമ്പോൾ അത് വരെ വെളിച്ചത്ത് കണ്ട കാഴ്ചകളെല്ലാം നമ്മൾ മറക്കുന്നത് നഷ്ടമായ പലതിനെയും തിരികെ നേടാൻ കൂടിയാണ്. 

ഞാൻ ചിലപ്പോഴൊക്കെ നഷ്ടപ്പെട്ട ബാല്യ കാലവും കൂട്ടുകാരെയും ഒക്കെ സ്വപ്നം കാണാറുണ്ട്... ഒരുമിച്ചു കളിക്കുന്നത് മീൻ പിടിക്കുന്നത് ഒക്കെ.. ഇന്നുള്ളത് പലതും മറന്നേക്കുമെങ്കിലും ഇനിയൊരിക്കലും കിട്ടാത്ത കഴിഞ്ഞ പലതും ഓർമിപ്പിക്കുന്ന ഒരു സംഗതി ആണ് ഉറക്കം.. 


ഇന്ന് ഉറക്കം കാരണം നമ്മൾ മറന്നതിനെ പിന്നീട് ഉറക്കം തന്നെ തിരികെ തരും.. 


നന്നായി ഉറങ്ങുക. 

ഉറക്കത്തെ സ്നേഹിക്കുക. 

നല്ല കിനാവ്കളിലൂടെ ഉറക്കവും നമ്മെ സ്നേഹിക്കും. 

💜💜💚💚💙💙


മറുപടി... 

കിനാവ് കാണാൻ നിലാവ് വേണ്ട മോനെ ചിലരുടെ ജന്മവും പ്രവർത്തിയും പകൽക്കിനാവ് പോലെയാകും അതിൽ അതിർവരമ്പുകൾ നിർമ്മിക്കാൻ നമ്മളായിട്ടില്ല അത് സ്രഷ്ടാവ് തന്നെ തീരുമാനിക്കണം😁😁😁😍😍😍

സ്വപ്നവിത്തുകൾ

കാലം കെട്ടിപ്പൊക്കിയ ചിതലരിച്ച പരിഷ്കാരങ്ങളിൽ കുടുങ്ങി നീർവറ്റി വരണ്ടുകീറിയ തടങ്ങളിൽ കൂടി എന്റെ സ്വപ്നങ്ങളങ്ങനെ വേച്ചു വേച്ചു നടന്നു കിതച്ചു...