2022 നവം 6

ഒരു മിട്ടായിപ്പൊതിയുടെ ഓർമയിൽ

 


............................................................


മിട്ടായിപ്പൊതി പോലൊരു കുഞ്ഞു കഥയുണ്ട്

ഇന്നുമോർമയിൽ മായാതെ നിൽക്കുമൊരു

മധുരമൂറും മിട്ടായികഥ. അത്ര പെട്ടെന്നൊരു മാറ്റവും ഉൾക്കൊള്ളനാവുന്നില്ല എന്നതാകണം ഇന്നുമെന്റെ പരാജയം. അല്ലെങ്കിൽ ഞാനതൊക്കെ എന്നേ മറന്നു പോയീടണം.

അന്നെനിക്ക് ചുറ്റുമൊരു കുഞ്ഞു ലോകമുണ്ടായിരുന്നു.അത്രയും പ്രിയപ്പെട്ട കുറച്ചുപേരിലൊതുങ്ങുന്നൊരു കുഞ്ഞു ലോകം. സ്വയമൊരുക്കിയോരച്ചുതണ്ടിൽ അതിങ്ങനെ കറങ്ങിക്കൊണ്ടിരുന്നു. ഇഷ്ടങ്ങളും സ്വപ്നങ്ങളുമെല്ലാം അതിനുള്ളിൽതന്നെയൊതുങ്ങിയിരുന്നു.   ആ കുഞ്ഞു ലോകത്തിലൊരു കോണിൽ ചെറു പുസ്തകത്താളിനുള്ളിൽ മിദ്യാസ്വപ്നം പോലെ വെളിച്ചെമേൽക്കാതെ ഒരു മയിൽ‌പീലിയിരുപ്പുണ്ടിപ്പോഴും. ഒന്നുകൂടി താളുകൾ മറിയുമ്പോഴൊരു കോണിൽ ദ്രവിച്ചുതുടങ്ങിയൊരു മോഹത്തിന്റെ പ്രതീകം പോലെ പൊടിഞ്ഞു തുടങ്ങിയൊരാലില.

ഏറെ സ്നേഹത്തോടെ മധുരം പൊതിഞ്ഞൊരു മിട്ടായിപ്പൊതിയുമുണ്ടവിടെ . ഇന്നോളം പിടിതരാത്തൊരൊളികണ്ണിൻ മുന്നിലേക്കന്നു ഞാൻ നീട്ടിയൊരു മിട്ടായിപ്പൊതി. തിരിക്കെയുണ്ടാവില്ലൊരിക്കലുമീ കാലമെന്നറിയുമെങ്കിലുമെന്നും ഇന്നും മനസ്സാ കുഞ്ഞുലോകത്തിനു ചുറ്റിലും തന്നെ, ഞാനിന്നുമാ സ്നേഹമൂറും വർണക്കടലാസ്സിനുള്ളിൽ തന്നെ.

ആ കുഞ്ഞുലോകമിന്നും ഇടക്കിടക്ക് തുറന്നു നോക്കാനിഷ്ടപ്പെടുന്നൊരോർമചെപ്പ്. ഒറ്റക്കാകുമ്പോഴോർമയിലേക്കൊരു നീറ്റലായോടിയെത്തുന്നൊരു കുഞ്ഞുലോകം.


             Hkm❣️

2022 നവം 4

ഒരു കന്യാകുമാരി യാത്ര 4 - അനന്തപുരിയുടെ ഹൃദയത്തിലൂടെ

 പിന്നീടന്ന് പതിവിലും നേരത്തെ തന്നെ എഴുന്നേറ്റു. അലക്ഷ്യമായി എങ്ങോട്ടൊക്കെയോ നടന്നു. അതിരാവിലെ തന്നെ കടകളൊക്കെ തുറന്നിട്ടുണ്ട്.

പള്ളിയും പരിസരങ്ങളും രാവിലെതന്നെ കണ്ടിറങ്ങി.



ആളൊഴിഞ്ഞ പള്ളിമുറ്റത്ത് കഴിഞ്ഞ ഒരു കാലഘട്ടത്തിന്റെ പല അടയാളപ്പെടുത്തലുകളും ശേഷിക്കുന്നു. 

പിന്നെയും കുറെ നടന്നു കടൽ കരയിലും ഇടവഴികളിലും കവലകളിലുമെല്ലാം കുറെ ചുറ്റി നടന്നു.


പത്തുമണിയോടെ അവിടെനിന്നും തിരുവനന്തപുരത്തേക്ക് തിരിച്ചു. ഇനി എവിടേക്ക് എന്നത് നിശ്ചയമില്ല. മ്യൂസിയം പോകണമെന്ന് ആഗ്രഹമുണ്ട് . രണ്ടരയോടെ തിരികെ മടങ്ങാനുള്ള ബസ് ബുക്ക് ചെയ്തിട്ടുണ്ട്. അതിനുള്ളിൽ ചെന്നെത്താവുന്നിടത്തെല്ലാം ചെല്ലണം കാണാൻ കഴിയുന്നതെല്ലാം കാണണം.

 മാപ്പിൽ നോക്കിയപ്പോൾ നേപ്പിയർ മ്യൂസിയവും അടുത്തടുത്തായി കുറെയേറെ വിശേഷപ്പെട്ട ഇടങ്ങളും കണ്ടു. സമയം എവിടെയെല്ലാം ചെന്നെത്താനാകുമെന്നറിയില്ല.



ബസ്സ് പാളയത്ത് എത്തിയപ്പോൾ ഇറങ്ങി. കുറെ നടന്നു വഴിയിൽ ഇടക്ക് കേരള ചരിത്ര പൈതൃക മ്യൂസിയം കണ്ടു.

നല്ല ഒരു അന്തരീക്ഷം. ആൾതിരക്കൊഴിഞ്ഞ് ചുറ്റും മരങ്ങളും തണുപ്പും ഒക്കെയായി ശാന്തമായ ഒരിടം.

ടിക്കറ്റെടുത്ത് അകത്തു കയറി. സന്ദർശകരായി മാറ്റാരുമില്ല ഞാൻമാത്രം.

മുൻ കഴിഞ്ഞ സംസ്കാരങ്ങളുടെ പല ശേഷികളും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്






ഓരോ മുറികളും മാറിമാറി നടന്നുകണ്ടു. ഇരുണ്ട ഇടനാഴിയിലൂടെയൊക്കെ ഒറ്റക്കുള്ള നടത്തം ചിലപ്പോഴെല്ലാം ചെറുതായെങ്കിലും പേടിപ്പെടുത്തി.

തിരക്കൊഴിഞ്ഞതും ഇരുട്ട് നിറഞ്ഞതും എങ്കിലും കാണാനും അനുഭവിച്ചറിയാനും ഒരുപാട് ഉള്ളിടം..


കുറെയധികം കണ്ടറിഞ്ഞു അവിടെ നിന്നും പിന്നീട് പോയത് നേപ്പിയർ മ്യൂസിയത്തിലേക്കാണ്. ഒരു രാജകൊട്ടാരത്തെക്കാൾ പ്രൗഡിയോടെ. അനന്തപുരിയുടെ ഹൃദയത്തിൽ തലയെടുത്ത് നിൽക്കുന്ന മ്യൂസിയം.


പത്തൊമ്പതാം നൂറ്റാണ്ടിൽ പണിതീർത്ത കൊട്ടാര സദൃശമായ കെട്ടിടത്തിലാണ് നേപ്പിയർ മ്യൂസിയം. മൃഗശാലയോടു ചേർന്ന് മ്യൂസിയം വളപ്പിലാണ് ഇത്.  ചരിത്ര പ്രാധാന്യമുള്ള പുരാതന ഓട്ടു പ്രതിമകൾ, ആഭരണങ്ങൾ, രാജകീയരഥം, ആനക്കൊമ്പിൽ തീർത്ത ശിൽപങ്ങൾ തുടങ്ങിയവ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്.  ചൈനീസ്, മുഗൾ, കേരളീയ വാസ്തു ശിൽപകല, എന്നിവയുടെ സംയുക്ത ശങ്കരനിർമ്മിതിയാണ് ഈ മ്യൂസിയം കെട്ടിടം.  നിർമ്മാണശൈലി കൊണ്ടു തന്നെ ഈ കൊട്ടാരത്തിനകത്തു സ്വാഭാവികമായി തണുപ്പ് അനുഭവപ്പെടും.








  വായിച്ച് അറിഞ്ഞതിനേക്കാൾ ഒക്കെ എത്രയോ മടങ്ങാണ് ഇവിടെ കാണാനും അറിയാനുമുള്ളത്.


തൊട്ടടുത്ത് തന്നെയുള്ള അക്വാറിയം , ചിത്തിര തിരുനാൾ ആർട്ട് ഗാലറി ഒക്കെ നല്ല ഒരു അനുഭവം ആയിരുന്നു.




കുറേ മത്സ്യങ്ങളും മറ്റു ജല ജീവികളും സസ്യങ്ങളുമൊക്കെയായി നല്ലരീതിയിൽ അക്വാറിയം ഒരുക്കിയിരിക്കുന്നു.



അതി മനോഹരമായി പണിതീർത്തിരിക്കുന്ന ചിത്തിര തിരുനാൾ  ആർട്ട് ഗാലറി.

 കാഴ്ചയിൽ മറ്റടങ്ങളെ കാഴ്ചയിൽ മറ്റടങ്ങളെ അപേക്ഷിച്ച് തീരെ ചെറുത് എന്ന് തോന്നുമെങ്കിലും അതിമനോഹരമായ ചുമർചിത്രങ്ങളാലും പ്രദർശന വസ്തുക്കളാലും സമ്പന്നമാണ് ഇവിടം.



പിന്നീട് പോയത് നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം ഒരുപാടൊരുപാട് അവിടെ നിന്നും കാണാനും അറിയാനും പഠിക്കാനും സാധിച്ചു.




ഒരുപാടധികം ജീവികളുടെ ഫോസിലുകളുടെ മാതൃകകൾ പരീക്ഷണ ചിത്രങ്ങൾ ചുവരെഴുത്തുകൾ കൃതികൾ അങ്ങനെ എന്തെല്ലാമാണിവിടെ.




മുൻകഴിഞ്ഞ പല വ്യക്തികളുടെയും നിർമിതികളും സംഭവനകളും അവാർഡുകളും ഇവിടെ കാണാനായി.






 മൺമറഞ്ഞ ഒരു സംസ്കാരത്തിന്റെ പ്രതീകമെന്നോണം നിരവധി പ്രദർശന വസ്തുക്കളും ശില്പങ്ങളും. പല നാടുകളിലെയും ജീവിവർഗങ്ങളുടെ മാതൃകകളും  പല അത്യപൂർവ വസ്തുക്കളും നിർമ്മിതികളും വളരെ ഭംഗിയായി ഇവിടെ ഒരുക്കിയിരിക്കുന്നു.

 കാഴ്ചകൾ കൊണ്ടും അറിവുകൾ കൊണ്ടും കണ്ണിനും മനസ്സിനും വിരുന്നുരുക്കിയ ആയിടങ്ങളിൽ നിന്ന് നന്ദിപ്പൂർവം തിരികെ ഇറങ്ങി.



തിരികെയിറങ്ങി ആ മഹാ നഗരത്തിലൂടെ കുറേ ദൂരം നടന്നു. വഴിയോര കാഴ്ചകളൊക്കെ കണ്ട് കുറേ നടന്നു.



 പാളയം പള്ളിയും പത്മനാഭസ്വാമി ക്ഷേത്രവും മാർക്കറ്റും ജനക്കൂട്ടങ്ങളും ആളൊഴിഞ്ഞ നാൽകവലകളും കണ്ട് അങ്ങനെ നടന്നും ഓട്ടോറിക്ഷയിലും ഒക്കെയായി തിരികെ തിരുവനന്തപുരം ksrtc സ്റ്റാൻഡിലെത്തി.

രണ്ടരയോടെ മുൻകൂട്ടി ബുക്ക് ചെയ്തിരുന്ന ബസിൽ തിരികെ തൊടുപുഴക്ക്.


.....

ഓരോ യാത്രയുടെയും അവസാനം മനസ്സിനൊരു കുളിരാണ്. കുറേ കാഴ്ചകളും കുറെയധികം ജീവിതങ്ങളും നല്ല അറിവുകളും ഓർമ്മകളും ഒക്കെ കൊണ്ടാണ് തിരികെ വരുന്നത്.

കണ്ട് മനസ്സിലാക്കിയതും തൊട്ടറിഞ്ഞതും ആയ എല്ലാത്തിനെയും ഇവിടെയിങ്ങനെ കുറിച്ചുവെക്കുന്നു.



2022 സെപ്റ്റം 26

ഇനിയുമൊരുപാട് ദൂരം

 ഇനിയുമൊരുപാട് ദൂരം മുന്നിൽ.ഇനിയുമൊരുപാട് വഴികൾ മുന്നിൽ.

കൈയെത്തിപ്പിടിക്കാൻ കൊതിച്ച സ്വപ്നങ്ങളുമേറെ മുന്നിൽ.


ഒറ്റക്ക് തന്നെ പോകണം കഴിഞ്ഞുപോയ ഓർമകളിലേക്കും

സ്വപ്നം കണ്ട നാളെകളിലേക്കും.

തനിയേ വഴികൾ കണ്ടെത്തണം

തനിയേ നടന്നു തീർക്കണം.


കേൾക്കാനാരുമില്ലെങ്കിലും എന്നെയെന്റെ വരികളിലൂടെയെനിക്ക് പറഞ്ഞുകൊണ്ടേയിരിക്കണം 

2022 സെപ്റ്റം 2

ദീപം

                   

ചുറ്റുമൊരുപാടുപേരുണ്ടായിട്ടും

ഇഷ്ടമൊരുപാട് കണ്ടുപോയിട്ടും

മുന്നിൽ നിറയുന്ന കളിചിരികൾക്കിടയിലും

സ്വയം ഒറ്റപ്പെട്ടു നിന്നുപോയവൻ


കനൽ കെടുത്തിയ മഴയോടും

ആശയേകിയ കാലത്തോടും

കൂടെ നടന്ന സ്വപ്നങ്ങളോടും

സ്വന്തമെന്നോതിയ ഒന്നിനോടും പരിഭവമില്ലാതെ

സ്വയമൊഴിഞ്ഞു നിന്നവൻ


പറന്നുയരാൻ ചിറകുകളുണ്ടായിട്ടും

പരക്കെ കാണാൻ കാഴ്ചകളുണ്ടായിട്ടും

ഇനിയുമസ്തമിക്കാത്ത മോഹങ്ങളുണ്ടായിട്ടും 

അകലെയുള്ളൊരു വെളിച്ചം നോക്കി

സ്വയം ഇരുളിൽ നടന്നവൻ.


ഇരുൾമേഖങ്ങളാ വെളിച്ചം മറച്ചപ്പോഴും

പതറുന്ന സ്വരങ്ങളാൽ മൗനം കാത്തപ്പോഴും

ഇടറുന്ന കൈകളാലീ വരികൾ കുറിച്ചപ്പോഴും

മുന്നിലാ വെളിച്ചത്തിലേക്കു ഞാനടുക്കുന്നു

മാറേണമെനിക്കിനി സ്വയമൊരു ദീപമായ്.


    Hk〽️

2022 ഓഗ 15

ഒരു കന്യാകുമാരി യാത്ര -3 വിഴിഞ്ഞം





ഒരു കന്യാകുമാരി യാത്ര -3   

വിഴിഞ്ഞം

25/06/2022


ജീപ്പ് ഇറങ്ങിയ സ്ഥലത്ത് നിന്നും വീണ്ടും കുറച്ചധികം മുന്നോട്ട് നടന്നു.

 ഐസ് ഫാക്ടറികളും, മീൻ പിടിക്കുന്ന വലകളും മറ്റുപകരണങ്ങളും കച്ചവടക്കാരും മത്സ്യത്തൊഴിലാളികളും സീ ഫുഡ്‌ റസ്റ്റോറന്റ്കളും ഒക്കെയുണ്ട് വഴിനീളെ.

അവരുടെയെല്ലാം  ജീവിതരീതികളും, സംസ്‌കാരങ്ങളും അറിഞ്ഞു മുന്നോട്ട് നടന്നു.


അകലെ കടൽ തിരമാലകളുടെ ഇരമ്പൽ കേൾക്കുന്നുണ്ട്. ചുറ്റും വല നെയ്യുന്ന മത്സ്യത്തൊഴിലാളികൾ.

അവർക്കിടയിലൂടെ കുറച്ചു ദൂരം മുന്നോട്ടു നടന്നു അകലെയായി കടൽ കാണാം. ഒരുപാട് മീൻപിടിത്ത ബോട്ടുകൾ ഉണ്ട്. പലതരം സംസ്കാരങ്ങളുടെ കൂടിച്ചേരൽ ആണിവിടം. 


 കാഴ്ചകൾ എല്ലാം കണ്ടുകൊണ്ട് തന്നെ ഞാൻ അവിടേക്ക് നടന്നു.

കുറച്ച് ദൂരെ മൂന്ന് വലിയ പള്ളികൾ കാണുന്നുണ്ട്.

 അതിപ്രശസ്ത  പുരാതന വാണിജ്യ തുറമുഖമായ വിഴിഞ്ഞത്തെ കുറിച്ച് പണ്ട് വായിച്ച അറിവുണ്ട്.



പുരാതന രാജവംശങ്ങളുടെ വാണിജ്യ തലസ്ഥാനം ആയും . വിദേശശക്തികളുടെ കച്ചവട ബന്ധങ്ങളുമായിട്ടും ഒക്കെ ഈ കടൽ കരയ്ക്ക് ചരിത്രം ഏറെ പറയാനുണ്ട്.


 ആയ് രാജാക്കന്മാരുടെ ഭരണ കാലത്തോളം ചരിത്രം പറയാനുണ്ട് ഈ സ്ഥലത്തിന്. പാണ്ഡ്യ- ചോള രാജാക്കന്മാർ തമ്മിലുള്ള യുദ്ധത്തിനു വരെ സാക്ഷ്യം വഹിച്ചിട്ടുണ്ട് ഇവിടം. പല ചരിത്ര ശേഷിപ്പുകളും ഇവിടെ കാണാം പുരാതനമായ ഗുഹാക്ഷേത്രം ഒക്കെ ഇവിടെ അടുത്തുണ്ട് .


പ്രശസ്തമായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. പതിനേഴാം നൂറ്റാണ്ടിൽ പോർച്ചുഗീസുകാർ നിർമ്മിച്ചു എന്നു വിശ്വസിക്കപ്പെടുന്ന സെൻമേരിസ് കത്തോലിക്കാ പള്ളി. കഥകളുറങ്ങുന്ന പ്രശസ്തമായ മുഹിയുദ്ദീൻ ജുമാ മസ്ജിദ്. അപൂർവമായ കടൽ ജീവികളുടെയും മത്സ്യങ്ങളുടെയും ശേഖരമുള്ള മറൈൻ അക്വേറിയം. വിഴിഞ്ഞം ലൈറ്റ്ഹൗസ്,  കോവളം ബീച്ച് തുടങ്ങി ആകർഷകമായ ഒരുപാട് സ്ഥലങ്ങളുണ്ടിവിടെ.

അവിടെയെല്ലാം ചെന്നെത്താനുള്ള സമയക്കുറവുണ്ട്. പോയികാണണമെന്ന ആഗ്രഹവും ഉണ്ട്.



അങ്ങനെ കുറെയൊക്കെ കണ്ടും അറിഞ്ഞും പള്ളിക്ക് മുന്നിലെത്തി,സമയം വൈകുന്നേരം അഞ്ചുമണി കഴിഞ്ഞു.പള്ളിയിൽ കയറി നമസ്കരിച്ച് ഇറങ്ങിയപ്പോഴേക്കും ഇവിടുത്തെ സീഫുഡ് റസ്റ്റോറന്റ് കൾ എല്ലാം നല്ല തിരക്കായി കഴിഞ്ഞു. വിഴിഞ്ഞത്തും കോവളത്തും ഒക്കെ എത്തിയിരിക്കുന്ന വിനോദസഞ്ചാരികളെ കൊണ്ട് ഇവിടം നിറഞ്ഞു കഴിഞ്ഞു.



 സമയം വൈകുന്നേരം ആറു മണിയോട് അടുത്തിരുന്നു .മത്സ്യതൊഴിലാളികളും വിനോദസഞ്ചാരികളും ഗൈഡുകളും കച്ചവടക്കാരും ഒക്കെയായി നിറയെ ആളുകളെ കൊണ്ട് അവിടം നിറഞ്ഞിരിക്കുന്നു .

 ഇന്ന് രാത്രി തങ്ങാൻ അവിടെ അടുത്ത് റൂം കിട്ടുമോ എന്ന് പരമാവധി അന്വേഷിച്ചു നോക്കി. സീസൺ സമയം ആയതുകൊണ്ട് അവിടെ ഒന്നു റൂം കിട്ടാൻ സാധ്യതയില്ല.



എന്നാൽ പിന്നെ ഒരുപാട് രാത്രിയാവുന്നതിന് മുൻപ് അടുത്ത സ്ഥലത്തേക്ക് പോകാമെന്നോർത്ത് കുറച്ചുനേരം കൂടി അവിടെ ചുറ്റിതിരിഞ്ഞു നടന്നു.

അന്താരാഷ്ട്ര തുറമുഖം ഒന്ന് കാണേണ്ടത് തന്നെ ആയിരുന്നു. വായിച്ചുള്ള അറിവും കണ്ടിട്ടുള്ള ചിത്രങ്ങളും അവിടേക്ക് ആകർഷിച്ചിരുന്നു. ഒരുപാട് കാണാനും അറിയാനും പഠിക്കാനും ഉള്ള ഒരിടം.  പക്ഷെ സമയക്കുറവും അവിടേക്ക് ചെല്ലാനുള്ള പ്രയാസവും ഒക്കെ കാരണം പോകാൻ കഴിഞ്ഞില്ല. തുറമുഖത്തിന്റെ കുറച്ചുഭാഗം അകലെ ചെറുതായി കാണാം. പിന്നൊരിക്കൽ അവിടെയെല്ലാം ചെല്ലണം എന്ന ചിന്തയോടെ വൈകിട്ട് ആറര മണിയോടെ  അവിടെനിന്നും തിരിച്ചു നടന്നു.


നല്ലപോലെ ഇരുട്ടായിതുടങ്ങി. ആ തിരക്കുകൾക്കിടയിലൂടെ നടപ്പ് തുടർന്നു. കുറച്ചുദൂരം നടക്കാനുണ്ട്. വീണ്ടും ഗൂഗിൾ മാപ്പ് എടുത്തു വിഴിഞ്ഞം ബസ് സ്റ്റാൻഡ് വരെ ഏകദേശം 1.300 km. ആദ്യം ജീപ്പിൽ വന്നിറങ്ങിയിടത്തു നിന്ന് വീണ്ടും കുറച്ചുകൂടി ദൂരമുണ്ട്.

ആദ്യം കണ്ട ഐസ് ഫാക്ടറികൾ ഒന്നുകൂടി സജീവമായിട്ടുണ്ട്. ഇങ്ങോട്ട് വരുമ്പോൾ അടഞ്ഞുകിടന്നിരുന്ന സീഫുഡ് റസ്റ്റോറന്റ്കളിൽ ഒക്കെ ആൾതിരക്ക്. വിദേശികളും സ്വദേശികളുമായ സഞ്ചാരികൾ ഒരുപാട്.

അങ്ങനെ കുറെ കാര്യങ്ങളൊക്കെ കണ്ട് നടന്നു ബസ് സ്റ്റാന്ഡിലെത്തി.

7.45 ആയപ്പോഴേക്കും ബസ് വന്നു. "അമ്പലത്തറ" എന്ന സ്ഥലത്തേക്ക് ടിക്കറ്റ് എടുത്തു.

അവിടെ നിന്ന് ഏകദേശം 2 km ഉണ്ടാകും ബീമാപള്ളിക്ക്.ഇനി ലിസ്റ്റിൽ ഉള്ള അടുത്ത സ്ഥലം അതാണ്. അവിടെ കുറഞ്ഞ നിരക്കിൽ റൂം കിട്ടും.രാത്രി അവിടെ തങ്ങാം.




 രാത്രി ഒൻപത് മണിയോടെ ബീമാപള്ളി എത്തി. രാത്രി ഭക്ഷണവും കഴിച്ചു  , 400 രൂപയ്ക്ക്  രൂപക്ക്  അത്യാവശ്യം സൗകര്യമുള്ള ഒരു റൂമും കിട്ടി.

അങ്ങനെ ആ യാത്രയുടെ ആദ്യ ദിവസം അവിടെ അവസാനിച്ചു.

2022 ഓഗ 6

ഒരു കന്യാകുമാരി യാത്ര -2 ; പത്മനാഭപുരം


 പത്മനാഭപുരം കൊട്ടാരസമുച്ഛയം 


 ഒരു കന്യാകുമാരി യാത്ര -2

 പത്മനാഭപുരം 

25/06/2022



ചിലപ്പോഴെല്ലാം ഭീകരമായി ഏകാന്തത ആഗ്രഹിച്ചുപോകാറുണ്ട്. അപ്പോഴൊക്കെ എങ്ങോട്ടെന്നില്ലാതെ യാത്ര ചെയ്യാറുമുണ്ട്.ഒറ്റക്കുള്ള യാത്രകളിൽ കിട്ടുന്ന നിമിഷങ്ങൾ ഒരുപാട് ആസ്വാദ്യകരമാണ് . പലപ്പോഴും ഇതുപോലെ ചെറുതായെങ്കിലും എഴുതാൻ പ്രേരിപ്പിക്കുന്നതും ആ നിമിഷങ്ങളുടെ ഓർമകളാണ്.

കന്യാകുമാരിയോട് വിട പറഞ്ഞു ബസ് മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്നു. തിരികെ വരുന്ന വഴിയിലെ കാഴ്ചകൾ ഓരോന്നും അത്രമേൽ സുന്ദരം തന്നെ.




കുറച്ചകലെ ഉയരത്തിൽ മലകളും പാറക്കെട്ടുകളും താഴെ വിശാലമായ കൃഷിഭൂമിയും ആമ്പൽകുളങ്ങളും.

കന്യാകുമാരി - നാഗർ കോവിൽ റൂട്ടിന്റെ ഭംഗി വിവരിച്ചാൽ തീരുകയില്ല.


 ബസ്സ് 'തക്കലെ' സ്റ്റാൻഡിലെത്തി. ഇവിടെ നിന്നും രണ്ടു കിലോമീറ്റർ മാറിയാണ് പ്രശസ്തമായ പത്മനാഭപുരം കൊട്ടാരം.

നട്ടുച്ച സമയം. നല്ല വെയിൽ. നടപ്പ് തല്ക്കാലം വേണ്ടെന്നുവെച്ചു ഒരു ഓട്ടോ പിടിച്ചു പോകാമെന്നു വെച്ചു.


അങ്ങനെ കൊട്ടാരത്തിനടുത്തെത്തി.തമിഴ്നാട്ടിൽ ആണെങ്കിലും കേരള സർക്കാരിന്റെ അധീനതയിലാണ് കൊട്ടാരം. കേരള പുരാവസ്തു വകുപ്പാണ് കൊട്ടാരത്തിലെ ഭരണകാര്യങ്ങൾ നിർവഹിക്കുന്നത്. തിരുവനന്തപുരത്തു നിന്നും 65 കിലോ മീറ്ററോളം അകലെയാണ് പത്മനാഭപുരം കൊട്ടാരം. മുൻപ് തിരുവിതാംകൂർ രാജ്യത്തിന്റെ ഭരണ തലസ്ഥാനമായിരുന്നു ഇവിടം.



പല നാടുകളിൽ നിന്നുള്ള സഞ്ചാരികളെ കൊണ്ട് നിറഞ്ഞിരിക്കുന്ന ഈ കൊട്ടാരത്തിന്റെ ഓരോ കോണുകളിലും കേരളത്തിന്റെ സംസ്കാരികത നിറഞ്ഞുനിൽക്കുത് കാണാം. ചെയ്തിരിക്കുന്ന കൊത്തുപണികളും ശില്പങ്ങളും ചുവർചിത്രങ്ങളും എല്ലാം മനോഹരമാണ്.

 ആറ് ഏക്കർ സ്ഥലത്താണ് ഈ കൊട്ടാര സമുച്ചയം സ്ഥിതിചെയ്യുന്നത്.

പൂമുഖം 


 കൊട്ടാരത്തിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ ആദ്യം കാണുന്നത് പൂമുഖം ആണ്. കൊത്തിവച്ചിരിക്കുന്ന ഓരോ പൂവുകളും ഒന്നിനൊന്ന് വ്യത്യസ്തമാണ്. പടവുകൾ കയറി നടക്കുമ്പോൾ മന്ത്രശാല, നാടകശാല, മണിമേട തുടങ്ങി കൊട്ടാരമാളികക്ക് പല ഭാഗങ്ങൾ ഉണ്ട്.ഓരോയിടത്തും ചുവർചിത്രങ്ങളാലും വൈവിധ്യങ്ങളായ കൊത്തുപണികൾ കൊണ്ടും വിസ്മയക്കാഴ്ച ഒരുക്കിയിരിക്കുകയാണ്.


 കൊത്തിവെച്ചിരിക്കുന്ന ഓരോ പൂക്കളും ഒന്നിനൊന്ന് വ്യത്യസ്തമാണ് 

നിറയെ ആളുകളുണ്ട്. പല നാടുകളിൽ നിന്നുള്ളവർ. പല ഭാഷകൾ പല സംസ്കാരങ്ങൾ.

കൊട്ടാരത്തിന്റെ ഉൾവശത്തുകൂടി അവർക്കിടയിലൂടെ ഞാനും മുന്നോട്ട് നടന്നു.
പഴയകാല ഗൃഹോപകരണങ്ങളുടെ ഒരു കലവറ തന്നെയുണ്ട് ഇവിടെ.



രാജാക്കന്മാർ ഉപയോഗിച്ചിരുന്ന പലതരം വസ്തുക്കൾ, 64 ഔഷധ മരത്തടികൾ കൊണ്ടുണ്ടാക്കിയ ഡച്ചുകാർ സമ്മാനിച്ച കട്ടിൽ , രാജാവിന്റെ പള്ളി അറയും, ഖജനാവും, ആയുധങ്ങളും, വസ്ത്രങ്ങളും , ഒരേ സമയത്ത് ആയിരക്കണക്കിന് ആളുകളെ ഇരുത്തി ഭക്ഷണം നൽകാവുന്ന വലിയ ഊട്ടുപുരയും, നാണയങ്ങളും തുടങ്ങി ഒരുപാട് പുരാതനമായ വസ്തുക്കളും. കൊട്ടാര സൂക്ഷിപ്പുകളും  പ്രാധാന്യത്തോട് കൂടി തന്നെ ഇവിടെ സംരക്ഷിച്ചു പോരുന്നു.

6 4 ഔഷധ തടികൾ കൊണ്ടുണ്ടാക്കിയ മനോഹരമായ കൊതുപണികളോടെ ഉള്ള കട്ടിൽ. ഡച്ചുകാർ സമ്മാനിച്ചത് 


കറുത്തിരുണ്ട മിനുസമായ തറയാണ് ഇവിടെ പലയിടത്തും .  ചിരട്ടക്കരി ആറ്റുമണൽ കുമ്മായം കരുപ്പെട്ടി തുടങ്ങി എന്തൊക്കെയോ ചേർത്തുണ്ടാക്കിയ അപൂർവമായ മിശ്രിതമാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത് എന്ന് സൂക്ഷിപ്പുകാരായ ആളുകൾ പറഞ്ഞു തന്നു.



1741 ലെ കുളച്ചൽ യുദ്ധത്തിനു ശേഷം മാർത്താണ്ഡവർമ്മ ആണ് ഇന്ന് കാണുന്ന രീതിയിൽ കൊട്ടാരം പുനർനിർമ്മിച്ചത്. വീരമാർത്താണ്ഡവർമ്മ യുടെയും സൈന്യത്തെയും വീര കഥകൾ ഇവിടെ പലയിടത്തും ചിത്രരൂപത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.


കുളച്ചിൽ യുദ്ധത്തിന് ശേഷം മാർത്താണ്ട വർമ്മയ്ക്ക് മുന്നിൽ ഡച്  സൈന്യാധിപൻ കീഴടങ്ങുന്ന ചിത്രം 



ആപൽഘട്ടങ്ങളിൽ കൊട്ടാരത്തിൽനിന്ന് രക്ഷപ്പെടുവാനുള്ള രഹസ്യ മാർഗ്ഗങ്ങൾ തുരങ്കങ്ങൾ ഒക്കെ ഇതിനുള്ളിൽ ഉണ്ടത്രേ.

പഴയ ഒരു കുളവും സരസ്വതി ക്ഷേത്രവും ഒക്കെ കൊട്ടാരത്തിനുള്ളിൽ ഉണ്ട് . കൊട്ടാരത്തിന്റെ നിർമാണ രീതി ആകർഷകമാണ്.കൊട്ടാരവും പരിസരവും വളരെ നല്ല ഒരു അന്തരീക്ഷമായിരുന്നു. കൊട്ടാരത്തിലും ചുറ്റുപാടുമുള്ള ഒരുപാട് കാര്യങ്ങളെ കണ്ടും അറിഞ്ഞും പുറത്തിറങ്ങി തിരികെ നടന്നു .

 


 കൊട്ടാരത്തിനു പുറത്തും ഒരുപാട് കരകൗശല വസ്തുക്കളെ കൊണ്ടും കച്ചവടക്കാരെ കൊണ്ടും നിറഞ്ഞിരുന്നു.


തക്കലെ സ്റ്റാൻഡിലേക്ക് നടന്നു. എങ്ങും തമിഴ് മലയാളം ഇടകലർന്ന ജീവിതരീതി.സ്റ്റാന്ഡിലെത്തി തിരികെയുള്ള ബസിനായി കുറച്ചു സമയം കാത്തിരിക്കേണ്ടി വന്നു. ബസ് വന്നു.അതിൽ കയറി തിരുവനന്തപുരത്തേക്ക് ടിക്കറ്റെടുത്തു.



 അടുത്തിരുന്ന ആളോട് കുറെയൊക്കെ സംസാരിച്ചു. അവിടത്തെ വിശേഷങ്ങളൊക്കെ ചോദിച്ചങ്ങനെ ഇരുന്നു .ഇടക്കെപ്പോഴോ നന്നായിട്ടൊന്ന് ഉറങ്ങി.

 അടുത്തിരുന്ന ആൾ തട്ടി വിളിച്ചപ്പോഴാണ് എഴുന്നേൽക്കുന്നത് . അയാൾക്ക് ഇറങ്ങേണ്ട സ്ഥലം ആയത്രേ. ബസ് ഇപ്പോൾ പാറശ്ശാല സ്റ്റാൻഡിലാണ്.

 ബസ്സിൽ ഒരുവിധം തിരക്ക് കുറഞ്ഞിട്ടുണ്ട്. ഫോണിൽ ഗൂഗിൾ മാപ്പ് എടുത്തു വെറുതെ നോക്കി. കണ്ണിൽ ആദ്യം ഉടക്കിയ സ്ഥലമാണ് വിഴിഞ്ഞം. ഹാർബറും ലൈറ്റ് ഹൌസും വിഴിഞ്ഞം പള്ളിയും പിന്നെ തൊട്ടടുത്ത് തന്നെയുള്ള കോവളം ബീച്ചും മനസ്സിനെ അങ്ങോട്ട് ആകർഷിച്ചു . ഇപ്പോൾ തന്നെ സമയം ഒരുപാട് വൈകി. ഈ പറഞ്ഞ സ്ഥലത്ത് എല്ലാം എത്താൻ പറ്റുമോ എന്ന് അറിയില്ല. എന്നാലും ഒന്ന് പോകണം എന്ന് തോന്നി.

ബാലരാമപുരം എന്ന സ്ഥലത്ത് ബസ് ഇറങ്ങി. ചെറുതായ് ഒന്ന് ആഹാരം കഴിച്ചിട്ട് വിഴിഞ്ഞത്തിന്  ബസ്സിനായി കാത്തിരുന്നു. ബസ് വന്നില്ല. ജീപ്പ് വന്നു. ബസ് കുറവായത് കൊണ്ട് അങ്ങോട്ട് ഇടക്കൊക്കെ ജീപ്പ് സർവീസ് ഉണ്ട് എന്ന് അവർ പറഞ്ഞു . 


ജീപ്പ് നിറഞ്ഞു ആളുകൾ ഉണ്ട് ഞാനും അവരുടെ കൂടെ ഒരു സൈഡിൽ തൂങ്ങിനിന്ന് യാത്ര തുടർന്നു..

വിഴിഞ്ഞത്തെ കാഴ്ചകളും ആ രാത്രിയിലെ അനുഭവങ്ങളും ഒരുപാട് പറയാനുണ്ട്. അതൊക്കെ അടുത്ത ഭാഗത്തിലാവട്ടെ.

..........


2022 ഓഗ 4

ഒരു കന്യാകുമാരി യാത്ര - 1

 



 വളരെക്കാലമായി ആഗ്രഹിക്കുന്ന ഒന്നായിരുന്നു ഒറ്റക്ക് ഒരു കന്യാകുമാരി യാത്ര. കൊറോണ യുടെ പശ്ചാത്തലത്തിൽ മുടങ്ങിക്കിടന്ന യാത്ര പെട്ടെന്നൊരു ദിവസം പോകാൻ തീരുമാനിച്ചു.


 രണ്ടു ദിവസത്തേക്ക് ആവശ്യമായ സാധനങ്ങൾ എല്ലാം എടുത്തു ടിക്കറ്റ് ബുക്ക് ചെയ്തു രാത്രി ഒരു പന്ത്രണ്ടരയോടെ KSRTC യുടെ മിന്നൽ ബസിന് അങ്ങ് കയറി.



 വെളുപ്പിന് 5 മണിയായപ്പോഴേക്കും തിരുവനന്തപുരത്തെത്തി. കൃത്യം ഒരു ചായ കുടിക്കാനുള്ള സമയം കിട്ടി. അപ്പോഴേക്കും കന്യാകുമാരിക്ക് ഉള്ള ബസ് വന്നു. ചെറുതായി മഴ പെയ്യുന്നുണ്ട്. കേരളത്തിന്റെയും തമിഴ്നാടിന്റെയും സംസ്കാരങ്ങൾ ഇടകലർന്ന ഒരുപാട് കാഴ്ചകളിൽ ഒരുപാട് അറിവും അനുഭവങ്ങളുമായി ഒരു നല്ല യാത്ര.





 നിറയെ ആമ്പൽ കുളങ്ങളും വയലുകളും തടാകങ്ങളും മലകളും ഒക്കെയായി സൗന്ദര്യത്താൽ സമ്പന്നമായ നാഗർകോവിൽ പ്രദേശത്തിന്റെ ഭംഗി എടുത്തുപറയേണ്ടതാണ് 

 അങ്ങനെ ആ നല്ല യാത്രയ്ക്ക് അവസാനം. രാവിലെ ഏഴരയോടെ കന്യാകുമാരി മുനമ്പിൽ എത്തി . നല്ല ഒരു ചായ കുടിച്ച് കടൽത്തീരത്തെക്ക് ഇറങ്ങി.



 വീശിയടിക്കുന്ന തിരമാലകളുടെ ശബ്ദത്തിനൊപ്പം തെരുവ് കച്ചവടക്കാരിലേക്കുള്ള ആൾ തിരക്കും ഏറിവന്നു.തിരക്കുകൾക്ക് നടുവിലൂടെതന്നെ ഞാനാ ദൃശ്യഭംഗിയിലേക്ക് നടന്നിറങ്ങി.



അലയടിച്ചിരുന്നു ആ കൂറ്റൻ തിരമാലകളുടെ ശബ്ദത്തിനൊപ്പം പ്രദേശവാസികളായ സാധാരണക്കാരുടെ ജീവിത രീതികളും കണ്ട് ആ തീരത്ത് കൂടി ഞാൻ നടന്നു.



അകലെയാ കടൽ തിരകൾക്ക് നടുവിലായി കാണുന്നതാണ് വിവേകാനന്ദ പാറ. ഇവിടെയുള്ള വിവേകാനന്ദസ്വാമികളുടെ പ്രതിമയും ധ്യാന മണ്ഡപം എല്ലാം മുഖ്യ ആകർഷണങ്ങളാണ്. തൊട്ടടുത്ത്തന്നെ തിരുവള്ളുവർ പ്രതിമയും കാണാം .


 ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും തെക്ക് വശമാണ് ഇവിടം. സൂര്യോദയവും സൂര്യാസ്തമയവും ഏതാണ്ട് ഒരേ ദിശയിൽ തന്നെ ഇവിടെ നിന്നാൽ കാണാം എന്ന പ്രത്യേകതയുമുണ്ട്.



ബംഗാൾ ഉൾക്കടലും ഇന്ത്യൻ മഹാസമുദ്രവും അറബിക്കടലും കൂടിച്ചേരുന്ന ത്രിവേണി  സമുദ്രസംഗമം ഇവിടെനിന്നാൽ കാണാം.

 ആ തിരകളെ തൊട്ട് കടൽക്കാറ്റ് ഏറ്റ് തീരത്തുകൂടി ഒരുപാട് നടന്നു. അകലെയായി കാറ്റാടിപ്പാടങ്ങളും നോക്കെത്താ ദൂരത്ത് വിശാലമായ സമുദ്രവും.



മത്സ്യത്തൊഴിലാളികളും. മത്സ്യബന്ധന ബോട്ടുകളും നിരവധിയാണ്  കരകൗശല വസ്തുക്കളുടെ വില്പനശാലകളും, കടൽ വസ്തുക്കൾ കൊണ്ടുണ്ടാക്കിയ അലങ്കാര വസ്തുക്കളും പഴങ്ങളും മറ്റു കച്ചവട സാധനങ്ങളും കൊണ്ടും നിറയെ കച്ചവടക്കാരെ കൊണ്ടും ഫോട്ടോ ഗ്രാഫഴ്സിനെ കൊണ്ടും സഞ്ചാരികളെ കൊണ്ടും അവിടം നിറഞ്ഞിരിക്കുന്നു.



അവിടമാകെ ചുറ്റി നടന്നു കണ്ട് പതിനൊന്നരയോടെ തിരികെ നടന്നു. ബസ് സ്റ്റാൻഡിലേക്ക് രണ്ട് കിലോമീറ്റർ നടക്കണം. നല്ല വെയിലുമുണ്ട്. പ്രദേശവാസിയായ ഒരാളുടെ ബൈക്കിന്റെ പിന്നിൽ ലൈഫ്റ്റടിച്ച് സ്റ്റാൻഡ് വരെ എത്തി.



ഭാഗ്യം; ബസ് കിടക്കുന്നുണ്ട്..

ബസിൽ കയറി "തക്കലെ" എന്ന സ്ഥലത്തിന് ടിക്കറ്റ് എടുത്തു. "പത്മനാഭപുരം കൊട്ടാരം" ആണ് ലക്ഷ്യം.



അവിടുത്തെ അനുഭവങ്ങൾ അടുത്ത ഭാഗത്തിൽ എഴുതാം.

പിന്നീട് എങ്ങോട്ടെന്ന് അവിടെ ചെന്നിട്ട് തീരുമാനിക്കാം..

ബസ് മുന്നോട്ടെടുത്തു. പതിയെ കന്യാകുമാരിയോട് വിടചൊല്ലി അകന്നു.


കാഴ്ചകൊണ്ട് മാത്രമല്ല അറിവും അനുഭവങ്ങൾ കൊണ്ടും ഒരുപാട് ഇഷ്ടപ്പെട്ടൊരു പ്രദേശം.







 


സ്വപ്നവിത്തുകൾ

കാലം കെട്ടിപ്പൊക്കിയ ചിതലരിച്ച പരിഷ്കാരങ്ങളിൽ കുടുങ്ങി നീർവറ്റി വരണ്ടുകീറിയ തടങ്ങളിൽ കൂടി എന്റെ സ്വപ്നങ്ങളങ്ങനെ വേച്ചു വേച്ചു നടന്നു കിതച്ചു...