![]() |
| പത്മനാഭപുരം കൊട്ടാരസമുച്ഛയം |
ഒരു കന്യാകുമാരി യാത്ര -2
പത്മനാഭപുരം
25/06/2022
ചിലപ്പോഴെല്ലാം ഭീകരമായി ഏകാന്തത ആഗ്രഹിച്ചുപോകാറുണ്ട്. അപ്പോഴൊക്കെ എങ്ങോട്ടെന്നില്ലാതെ യാത്ര ചെയ്യാറുമുണ്ട്.ഒറ്റക്കുള്ള യാത്രകളിൽ കിട്ടുന്ന നിമിഷങ്ങൾ ഒരുപാട് ആസ്വാദ്യകരമാണ് . പലപ്പോഴും ഇതുപോലെ ചെറുതായെങ്കിലും എഴുതാൻ പ്രേരിപ്പിക്കുന്നതും ആ നിമിഷങ്ങളുടെ ഓർമകളാണ്.
കന്യാകുമാരിയോട് വിട പറഞ്ഞു ബസ് മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്നു. തിരികെ വരുന്ന വഴിയിലെ കാഴ്ചകൾ ഓരോന്നും അത്രമേൽ സുന്ദരം തന്നെ.
കുറച്ചകലെ ഉയരത്തിൽ മലകളും പാറക്കെട്ടുകളും താഴെ വിശാലമായ കൃഷിഭൂമിയും ആമ്പൽകുളങ്ങളും.
കന്യാകുമാരി - നാഗർ കോവിൽ റൂട്ടിന്റെ ഭംഗി വിവരിച്ചാൽ തീരുകയില്ല.
ബസ്സ് 'തക്കലെ' സ്റ്റാൻഡിലെത്തി. ഇവിടെ നിന്നും രണ്ടു കിലോമീറ്റർ മാറിയാണ് പ്രശസ്തമായ പത്മനാഭപുരം കൊട്ടാരം.
നട്ടുച്ച സമയം. നല്ല വെയിൽ. നടപ്പ് തല്ക്കാലം വേണ്ടെന്നുവെച്ചു ഒരു ഓട്ടോ പിടിച്ചു പോകാമെന്നു വെച്ചു.
അങ്ങനെ കൊട്ടാരത്തിനടുത്തെത്തി.തമിഴ്നാട്ടിൽ ആണെങ്കിലും കേരള സർക്കാരിന്റെ അധീനതയിലാണ് കൊട്ടാരം. കേരള പുരാവസ്തു വകുപ്പാണ് കൊട്ടാരത്തിലെ ഭരണകാര്യങ്ങൾ നിർവഹിക്കുന്നത്. തിരുവനന്തപുരത്തു നിന്നും 65 കിലോ മീറ്ററോളം അകലെയാണ് പത്മനാഭപുരം കൊട്ടാരം. മുൻപ് തിരുവിതാംകൂർ രാജ്യത്തിന്റെ ഭരണ തലസ്ഥാനമായിരുന്നു ഇവിടം.
പല നാടുകളിൽ നിന്നുള്ള സഞ്ചാരികളെ കൊണ്ട് നിറഞ്ഞിരിക്കുന്ന ഈ കൊട്ടാരത്തിന്റെ ഓരോ കോണുകളിലും കേരളത്തിന്റെ സംസ്കാരികത നിറഞ്ഞുനിൽക്കുത് കാണാം. ചെയ്തിരിക്കുന്ന കൊത്തുപണികളും ശില്പങ്ങളും ചുവർചിത്രങ്ങളും എല്ലാം മനോഹരമാണ്.
ആറ് ഏക്കർ സ്ഥലത്താണ് ഈ കൊട്ടാര സമുച്ചയം സ്ഥിതിചെയ്യുന്നത്.
![]() |
| പൂമുഖം |
കൊട്ടാരത്തിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ ആദ്യം കാണുന്നത് പൂമുഖം ആണ്. കൊത്തിവച്ചിരിക്കുന്ന ഓരോ പൂവുകളും ഒന്നിനൊന്ന് വ്യത്യസ്തമാണ്. പടവുകൾ കയറി നടക്കുമ്പോൾ മന്ത്രശാല, നാടകശാല, മണിമേട തുടങ്ങി കൊട്ടാരമാളികക്ക് പല ഭാഗങ്ങൾ ഉണ്ട്.ഓരോയിടത്തും ചുവർചിത്രങ്ങളാലും വൈവിധ്യങ്ങളായ കൊത്തുപണികൾ കൊണ്ടും വിസ്മയക്കാഴ്ച ഒരുക്കിയിരിക്കുകയാണ്.
![]() |
| കൊത്തിവെച്ചിരിക്കുന്ന ഓരോ പൂക്കളും ഒന്നിനൊന്ന് വ്യത്യസ്തമാണ് |
നിറയെ ആളുകളുണ്ട്. പല നാടുകളിൽ നിന്നുള്ളവർ. പല ഭാഷകൾ പല സംസ്കാരങ്ങൾ.
കൊട്ടാരത്തിന്റെ ഉൾവശത്തുകൂടി അവർക്കിടയിലൂടെ ഞാനും മുന്നോട്ട് നടന്നു.
പഴയകാല ഗൃഹോപകരണങ്ങളുടെ ഒരു കലവറ തന്നെയുണ്ട് ഇവിടെ.
രാജാക്കന്മാർ ഉപയോഗിച്ചിരുന്ന പലതരം വസ്തുക്കൾ, 64 ഔഷധ മരത്തടികൾ കൊണ്ടുണ്ടാക്കിയ ഡച്ചുകാർ സമ്മാനിച്ച കട്ടിൽ , രാജാവിന്റെ പള്ളി അറയും, ഖജനാവും, ആയുധങ്ങളും, വസ്ത്രങ്ങളും , ഒരേ സമയത്ത് ആയിരക്കണക്കിന് ആളുകളെ ഇരുത്തി ഭക്ഷണം നൽകാവുന്ന വലിയ ഊട്ടുപുരയും, നാണയങ്ങളും തുടങ്ങി ഒരുപാട് പുരാതനമായ വസ്തുക്കളും. കൊട്ടാര സൂക്ഷിപ്പുകളും പ്രാധാന്യത്തോട് കൂടി തന്നെ ഇവിടെ സംരക്ഷിച്ചു പോരുന്നു.
![]() |
| 6 4 ഔഷധ തടികൾ കൊണ്ടുണ്ടാക്കിയ മനോഹരമായ കൊതുപണികളോടെ ഉള്ള കട്ടിൽ. ഡച്ചുകാർ സമ്മാനിച്ചത് |
കറുത്തിരുണ്ട മിനുസമായ തറയാണ് ഇവിടെ പലയിടത്തും . ചിരട്ടക്കരി ആറ്റുമണൽ കുമ്മായം കരുപ്പെട്ടി തുടങ്ങി എന്തൊക്കെയോ ചേർത്തുണ്ടാക്കിയ അപൂർവമായ മിശ്രിതമാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത് എന്ന് സൂക്ഷിപ്പുകാരായ ആളുകൾ പറഞ്ഞു തന്നു.
1741 ലെ കുളച്ചൽ യുദ്ധത്തിനു ശേഷം മാർത്താണ്ഡവർമ്മ ആണ് ഇന്ന് കാണുന്ന രീതിയിൽ കൊട്ടാരം പുനർനിർമ്മിച്ചത്. വീരമാർത്താണ്ഡവർമ്മ യുടെയും സൈന്യത്തെയും വീര കഥകൾ ഇവിടെ പലയിടത്തും ചിത്രരൂപത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
![]() |
| കുളച്ചിൽ യുദ്ധത്തിന് ശേഷം മാർത്താണ്ട വർമ്മയ്ക്ക് മുന്നിൽ ഡച് സൈന്യാധിപൻ കീഴടങ്ങുന്ന ചിത്രം |
ആപൽഘട്ടങ്ങളിൽ കൊട്ടാരത്തിൽനിന്ന് രക്ഷപ്പെടുവാനുള്ള രഹസ്യ മാർഗ്ഗങ്ങൾ തുരങ്കങ്ങൾ ഒക്കെ ഇതിനുള്ളിൽ ഉണ്ടത്രേ.
പഴയ ഒരു കുളവും സരസ്വതി ക്ഷേത്രവും ഒക്കെ കൊട്ടാരത്തിനുള്ളിൽ ഉണ്ട് . കൊട്ടാരത്തിന്റെ നിർമാണ രീതി ആകർഷകമാണ്.കൊട്ടാരവും പരിസരവും വളരെ നല്ല ഒരു അന്തരീക്ഷമായിരുന്നു. കൊട്ടാരത്തിലും ചുറ്റുപാടുമുള്ള ഒരുപാട് കാര്യങ്ങളെ കണ്ടും അറിഞ്ഞും പുറത്തിറങ്ങി തിരികെ നടന്നു .
കൊട്ടാരത്തിനു പുറത്തും ഒരുപാട് കരകൗശല വസ്തുക്കളെ കൊണ്ടും കച്ചവടക്കാരെ കൊണ്ടും നിറഞ്ഞിരുന്നു.
തക്കലെ സ്റ്റാൻഡിലേക്ക് നടന്നു. എങ്ങും തമിഴ് മലയാളം ഇടകലർന്ന ജീവിതരീതി.സ്റ്റാന്ഡിലെത്തി തിരികെയുള്ള ബസിനായി കുറച്ചു സമയം കാത്തിരിക്കേണ്ടി വന്നു. ബസ് വന്നു.അതിൽ കയറി തിരുവനന്തപുരത്തേക്ക് ടിക്കറ്റെടുത്തു.
അടുത്തിരുന്ന ആളോട് കുറെയൊക്കെ സംസാരിച്ചു. അവിടത്തെ വിശേഷങ്ങളൊക്കെ ചോദിച്ചങ്ങനെ ഇരുന്നു .ഇടക്കെപ്പോഴോ നന്നായിട്ടൊന്ന് ഉറങ്ങി.
അടുത്തിരുന്ന ആൾ തട്ടി വിളിച്ചപ്പോഴാണ് എഴുന്നേൽക്കുന്നത് . അയാൾക്ക് ഇറങ്ങേണ്ട സ്ഥലം ആയത്രേ. ബസ് ഇപ്പോൾ പാറശ്ശാല സ്റ്റാൻഡിലാണ്.
ബസ്സിൽ ഒരുവിധം തിരക്ക് കുറഞ്ഞിട്ടുണ്ട്. ഫോണിൽ ഗൂഗിൾ മാപ്പ് എടുത്തു വെറുതെ നോക്കി. കണ്ണിൽ ആദ്യം ഉടക്കിയ സ്ഥലമാണ് വിഴിഞ്ഞം. ഹാർബറും ലൈറ്റ് ഹൌസും വിഴിഞ്ഞം പള്ളിയും പിന്നെ തൊട്ടടുത്ത് തന്നെയുള്ള കോവളം ബീച്ചും മനസ്സിനെ അങ്ങോട്ട് ആകർഷിച്ചു . ഇപ്പോൾ തന്നെ സമയം ഒരുപാട് വൈകി. ഈ പറഞ്ഞ സ്ഥലത്ത് എല്ലാം എത്താൻ പറ്റുമോ എന്ന് അറിയില്ല. എന്നാലും ഒന്ന് പോകണം എന്ന് തോന്നി.
ബാലരാമപുരം എന്ന സ്ഥലത്ത് ബസ് ഇറങ്ങി. ചെറുതായ് ഒന്ന് ആഹാരം കഴിച്ചിട്ട് വിഴിഞ്ഞത്തിന് ബസ്സിനായി കാത്തിരുന്നു. ബസ് വന്നില്ല. ജീപ്പ് വന്നു. ബസ് കുറവായത് കൊണ്ട് അങ്ങോട്ട് ഇടക്കൊക്കെ ജീപ്പ് സർവീസ് ഉണ്ട് എന്ന് അവർ പറഞ്ഞു .
ജീപ്പ് നിറഞ്ഞു ആളുകൾ ഉണ്ട് ഞാനും അവരുടെ കൂടെ ഒരു സൈഡിൽ തൂങ്ങിനിന്ന് യാത്ര തുടർന്നു..
വിഴിഞ്ഞത്തെ കാഴ്ചകളും ആ രാത്രിയിലെ അനുഭവങ്ങളും ഒരുപാട് പറയാനുണ്ട്. അതൊക്കെ അടുത്ത ഭാഗത്തിലാവട്ടെ.
..........











🌼🌼
മറുപടിഇല്ലാതാക്കൂ