2021 ഫെബ്രു 6

GTHSS പൂമാല ❤️ ഒരു സുന്ദര കാലത്തിന്റെ ഓർമ്മക്ക് (1)

 മലയും പുഴയും വെള്ളച്ചാട്ടങ്ങളും മഞ്ഞും മരങ്ങളും എല്ലാം നിറഞ്ഞ സുന്ദരമായ പ്രദേശത്ത് തലമുറകൾക്ക് അക്ഷരവെളിച്ചമേകി തലയുയർത്തി നിൽക്കുന്ന കലാലയം. 

GTHSS പൂമാല 



ഓർമ്മിക്കാൻ ഒരുപാട് സമ്മാനിച്ചയിടം. 

സ്കൂളിനെ മൂടുന്ന പുലർകാല മഞ്ഞുപോലെ കുളിരുള്ളതാണ് ഓർമകളും. 



2011 ൽ സ്കൂൾ കുട്ടികളുടെ ഒരു പ്രതിഷേധ സമരം. മുല്ലപ്പെരിയാർ വിഷയത്തിൽ തലക്ക് മുകളിൽ ജലബോംബ് എന്ന തലക്കെട്ടിന്റെ കീഴിൽ മൗനജാഥ നടത്താൻ അധ്യാപകർ തീരുമാനിക്കുന്നു. എല്ലാകുട്ടികൾക്കും വായ്മൂടിക്കെട്ടാൻ കറുത്ത റിബൺ നൽകുന്നു. ജാഥ തുടങ്ങിയപ്പോൾ ഹയർസെക്കണ്ടറി വിഭാഗത്തിലെ കുട്ടികൾക്ക് അടുത്തേക്ക് ഒരു അധ്യാപകൻ വന്നിട്ട് പറയുന്നു  

"വായ്മൂടിക്കെട്ടി പോകാൻ ഇത് മരണജാഥ അല്ല. നമുക്കായുള്ള സമരമാണ്. നാടിന്റെ പലസ്ഥലങ്ങളിലും പ്രതിഷേധങ്ങൾ കത്തുമ്പോൾ വിദ്യാർത്ഥികൾ വായ്മൂടിക്കെട്ടരുത്" നിങ്ങള് മുദ്രാവാക്യം വിളിക്കെടാ മക്കളേ " എന്ന്. 

ഇങ്ങനൊരു അധ്യാപകന്റെ അസാന്നിധ്യം പലയിടത്തും വായ്മൂടിക്കെട്ടിയ ഒരു സമൂഹത്തെ ഉണ്ടാക്കിയിട്ടുണ്ടാകാം. 


"നിങ്ങളറിഞ്ഞോ നാട്ടാരേ 

നിങ്ങളറിഞ്ഞോ അധ്യാപകരെ 

നാല്പത് ലക്ഷം ജീവന് ഭീഷണി 

മുല്ലപ്പെരിയാർ അണക്കെട്ട് "

വായ്മൂടിക്കെട്ടാൻ തന്ന കറുത്ത റിബണുകൾ കൈകളിൽ കെട്ടി മുദ്രവാക്യം വിളികളുമായി തന്റെ വിദ്യാർത്ഥികൾ തെരുവുകളിലൂടെ നടക്കുമ്പോൾ കഴിഞ്ഞുപോയ ഒരു വസന്തകാലത്തിന്റെ ഓർമകളെ ആ കുട്ടികളിലൂടെ തിരികെനേടാൻ ശ്രമിച്ചുകൊണ്ട് ബലിഷ്ടമായ കൈകളാൽ മുഷ്ടിചുരുട്ടി ഏറ്റു വിളിക്കുന്നുണ്ടായിരുന്നു ആ അധ്യാപകൻ . 



ആരാണ് വിദ്യാർത്ഥി? വിദ്യയെ അഭ്യസിക്കുന്നവനോ? അതോ വിദ്യയെ ആഗ്രഹിക്കുന്നവനോ? 

രണ്ടുമല്ലത്രെ വിദ്യയെ അർത്ഥിക്കുന്നവൻ അഥവാ യാചിക്കുന്നവൻ ആയിരിക്കണമത്രേ വിദ്യാർത്ഥികൾ. 

എല്ലാ ബാച്ചിലേയും തന്റെ ആദ്യ ക്ലാസ്സിൽ അദ്ദേഹം പകർന്നു നൽകിയിരുന്ന ആദ്യ അറിവ് ആയിരുന്നു അത്. ഒരുപക്ഷെ അതുകൊണ്ടൊക്കെ ആയിരിക്കാം സാറിന്റ ക്ലാസ്സിലിരുന്ന കുട്ടികളിൽ കാലമെത്ര കഴിഞ്ഞിട്ടും ഓർമയിലെവിടെയോ ആ മുഖം ഇന്നും മറയാതെ നിൽക്കുന്നതും. 


രാഷ്ട്രമീമാംസ പഠിപ്പിച്ചിരുന്നതുകൊണ്ടാണോ കാര്യങ്ങളെ ഗ്രഹിച്ചു സംസാരിക്കാനുള്ള കഴിവ്‌കൊണ്ടോ എന്നറിയില്ല മുൻഷി എന്നൊരു വിളിപ്പേര് വിദ്യാർത്ഥികൾക്കിടയിൽ ആ അധ്യാപകന് ഉണ്ടായിരുന്നതായി ഓർക്കുന്നു. ആദ്യമൊക്കെ ദേഷ്യത്തിലും പിന്നീട് ഒരല്പം കൗതുകത്തോടെയും പിന്നെപ്പിന്നെ പുഞ്ചിരിയോടെയും ഇത്തരം ഇരട്ടപേര്കളെ മനസ്സിൽ സ്വീകരിച്ചവരാവാം പല അധ്യാപകരും 



"ഞാൻ ആരെങ്കിലുമൊക്കെ ആയിത്തീരണമെന്ന് എനിക്ക് ആഗ്രഹം ഉണ്ടെങ്കിൽ ഞാൻ ആദ്യം ചെയ്യേണ്ടത് എന്റെ ഇന്നുകളെ വിമർശിക്കുകയാണ്" ഹൃദയത്തിൽ തട്ടിയ വാക്കുകൾ എന്ന് പറഞ്ഞ് സാർ എപ്പോഴും ആവർത്തിക്കാറുണ്ടായിരുന്ന വാക്കുകളാണിവ. ഒരുപക്ഷെ എന്നെപ്പോലെ ഒരുപാട് പേരുടെ കാതുകളിൽ കാലമെത്ര കഴിഞ്ഞിട്ടും മുഴങ്ങിക്കൊണ്ടിരിക്കുന്ന വാക്കുകൾ. 

ആരുമാവാൻ സാധിച്ചില്ലെങ്കിലും അടിക്കടി ആത്മപരിശോധനക്ക് പത്രമാവേണ്ടിവരുന്നതും ഇതുകൊണ്ടൊക്കെ ആയേക്കാം. 


പലപ്പോഴും അത്ഭുതമായിരുന്നു ഓരോ ചുവടിലും കൃത്യമായ ലക്ഷ്യങ്ങളോടെ നടന്നുനീങ്ങുന്ന ഒരു തലമുറയെ സ്വപ്നം കണ്ട് പാഠഭാഗങ്ങൾ പറഞ്ഞുതരുന്ന ആ അധ്യാപകൻ. 

ഓർമയിൽ ഇന്നുമുണ്ട് കറുത്ത പാന്റിൽ ഇൻസേർട് ചെയ്ത ഇളം കളർ ഷർട്ടും ഇട്ട് ചെറു പുഞ്ചിരിയോടെ ക്ലാസിലേക്ക് കടന്നുവരുന്ന  മനോജ് സാർ ന്റെ മുഖം . പുസ്തകത്തിൽ നോക്കി ഒരിക്കലും പഠിപ്പിച്ചിരുന്നില്ല പാഠഭാഗം തലക്കെട്ട് മാത്രം നോക്കും എന്നിട്ട് തനിക്കറിയാവുന്നത് എല്ലാം കുട്ടികളിലേക്ക് പകർന്നുകൊടുക്കും. പാഠഭാഗങ്ങളെല്ലാം വാഗ്മയചിത്രം കണക്കെ ഒരു നല്ല സിനിമ കണ്ടുതീർത്ത പോലെ മനസ്സിൽ തെളിഞ്ഞുവരും. 


ആദ്യ ദിനം പടികൾ കയറി ചെന്നത് ഒരു പുതിയ ലോകത്തേക്കായിരിക്കുമെന്ന് ഏതൊരു വിദ്യാർത്ഥിയെയും പോലെ ഞാനും കരുതിയിരുന്നില്ല. സത്യത്തിൽ പത്താം ക്ലാസ് വരെ കാര്യമായി സ്കൂൾ ജീവിതം ആസ്വദിക്കാൻ സാധിച്ചിരുന്നില്ല. വിശാലമായ സ്കൂൾ മൈതാനത്തിന് അപ്പുറം പ്രകൃതി ദേവത കനിഞ്ഞരുളിയ ദൃശ്യവിസ്മയങ്ങളോടെ  മലമടക്കുകൾക്കിടയിൽ കോടമഞ്ഞിന്റെ ഗംഭീര അകമ്പടിയോടെ തലയെടുപ്പോടെ നിൽക്കുന്ന സ്കൂൾ കെട്ടിടം. ഒന്നാം ക്ലാസ് മുതൽ അവിടെ പഠിക്കാൻ ! അല്ല ജീവിക്കാൻ സാധിച്ചവർ എത്ര ഭാഗ്യവാന്മാർ എന്നൊരുവട്ടം ചിന്തിച്ചുപോകുന്നു. 



ഇന്നലെകളിലെ എന്നെ ഞാൻ നഷ്ടപ്പെടുത്തിയത് എവിടെയാണ്. ഓരോ ദിനങ്ങളും കടന്നുപോയിരുന്നത് എത്ര സുന്ദരമായാണ്.

പലപ്പോഴും പിടിതരാത്ത ചോദ്യങ്ങൾക്ക് ഉത്തരം തേടി അലയുമ്പോഴും തിരികെ എത്തുന്നത് പണ്ടൊരിക്കൽ നടന്ന് തീർത്ത ഈ വഴിയരികിൽ തന്നെ. കളിപറഞ്ഞ ഈ ക്ലാസ് മുറികളിലേക്ക് തന്നെ... 


സ്കൂളിനെ പറ്റി പറയുമ്പോൾ നമ്മുടെ സ്വന്തം ഞണ്ടിറുക്കി എങ്ങനെയാണ് വിട്ടുകളയാൻ തോന്നുന്നത്, 

 സ്കൂളിന് സമീപം തന്നെ പാറക്കൂട്ടങ്ങള്ഈക്കിടയിൽ കുത്തിഒഴുകുന്ന ഈ വെള്ളച്ചാട്ടത്തിൽ ഒരിക്കലെങ്കിലും കുറച്ചു നേരം കൂട്ടുകാരോടൊത്ത് ചെലവഴിക്കാത്തവർ ആരുണ്ട്.

  കണ്ണിനു കുളിരായ് ഒരുപാട് അനുഗ്രഹങ്ങൾ കൊണ്ട്  ധന്യമായിരുന്നു നമ്മുടെ സ്കൂൾ. ചുറ്റുപാടും തിങ്ങി നിറഞ്ഞ വന പ്രദേശങ്ങൾക്കിടയിൽ ഇന്നും തലയെടുപ്പോടെ നിൽക്കുന്ന നമ്മുടെ സുവർണ കാലം.... 

....💚🧡💙

ഓർമയിൽ ഒരുപാടുണ്ട്. ഒരിക്കലും മടങ്ങി വരാത്ത വിധം ആ മനോഹരമായ കാലത്തിന്റെ വാതിൽ എനിക്ക് മുന്നിൽ കൊട്ടിയടക്കപ്പെട്ടപ്പോഴും ഈ ഒര്മാകളിലൂടെ വീണ്ടെടുക്കാൻ ശ്രമിക്കാറുണ്ട്. നഷ്ടമായ പലതിനെയും.  

2011-13 ബാച്ചിൽ പഠിചിറങ്ങിയ ഞങ്ങൾക്ക് ഓർമ്മയിൽ ഒരുപാടുണ്ട്. എഴുതാനും ഒരുപാടുണ്ട്. വേറെയും നല്ല അധ്യാപകരും ഉണ്ട് ഓർമ്മകൾ ഒന്നും ഇവിടെ അവസാനിക്കുന്നില്ല....

പറയാനിനിയുമേറെ...💛

Hakki〽️  💚💚💙💙🖤🖤



.


7 അഭിപ്രായങ്ങൾ:

സ്വപ്നവിത്തുകൾ

കാലം കെട്ടിപ്പൊക്കിയ ചിതലരിച്ച പരിഷ്കാരങ്ങളിൽ കുടുങ്ങി നീർവറ്റി വരണ്ടുകീറിയ തടങ്ങളിൽ കൂടി എന്റെ സ്വപ്നങ്ങളങ്ങനെ വേച്ചു വേച്ചു നടന്നു കിതച്ചു...