2021 സെപ്റ്റം 3

പാതിരാമണൽ - ഓളപ്പരപ്പിലെ കൗതുക ലോകം

 വേമ്പനാട്ടു കായലാൽ ചുറ്റപ്പെട്ട് പ്രകൃതി ഒരുക്കിയ ഒരു സുന്ദരദ്വീപ്.ചെറിയൊരു തുരുത്താണ് എങ്കിലും അനേകം പക്ഷിജീവജാലങ്ങൾക്ക് ഇവിടം സ്വർഗത്തുല്യം.


മുഹമ്മ തീരത്ത് നിന്നും നോക്കിയാൽ ഒരു സ്വപ്ന തീരം എന്ന് വിശേഷിപ്പിക്കാവുന്ന പാതിരാമണൽ ദ്വീപ്. ആരെയും ആകർഷിക്കുന്ന പ്രകൃതിഭംഗി. 



മുഹമ്മ -കുമരകം ജലപാതയിൽ ഉള്ള ഈ ചെറുദ്വീപ് നൂറുകണക്കിന് ദേശാടന പക്ഷികളുടെയും സങ്കേതമാണ്.

 കായൽ ഭംഗി ആസ്വദിച്ചുകൊണ്ട് ദ്വീപിലേക്കുള്ള ബോട്ട് യാത്ര മറക്കാനാവാത്ത ഒരു അനുഭവമായിരുന്നു. ബോട്ടിൽ നിന്ന് നോക്കുമ്പോൾ കായലിന് മുന്നിൽ കിടക്കുന്ന ഒരു ചെറു പച്ചത്തുരുത്ത്.



കായലോളങ്ങളെ കീറിമുറിച്ചുകൊണ്ട് ബോട്ട് ദ്വീപിലേക്ക് അടുക്കുന്തോറും ആ സ്വപ്നഭൂമിയിലെ അത്ഭുതങ്ങൾ കാണാനുള്ള ആകാംഷയും കൂടിവന്നു.


 ദ്വീപിൽ ഇറങ്ങി മുന്നോട്ടു നടന്നു.ഇടതൂർന്ന വള്ളിപ്പടർപ്പുകളും വന്മരങ്ങളും കണ്ടൽക്കാടുകളും ചതുപ്പുനിലങ്ങളും വ്യത്യസ്തങ്ങളായ സസ്യഗണങ്ങളാലും  സമ്പന്നമായ ഈ ദ്വീപ് വേമ്പനാട്ടുകായലിന്റെ മുഖ്യ സൗന്ദര്യമായി നിലകൊള്ളുന്നു .



 കല്ലുപാകിയ സുന്ദരമായ നടപ്പാതയിലൂടെ ഉള്ള യാത്രയിൽ എപ്പോഴും ഒരു കാടിന്റെ നറുമണം  ആസ്വദിക്കാൻ സാധിച്ചു.



 ഇടക്കൊക്കെ നിശബ്ദതയെ മാറ്റിനിർത്തി ക്കൊണ്ട് പേരറിയാത്ത ഏതൊക്കെയോ പക്ഷികളുടെ പാട്ട് 



 കയറിവരുമ്പോൾ തന്നെ ദ്വീപിലെ വിവരങ്ങളടങ്ങിയ ഒരു ബോർഡ് നമുക്ക് കാണാം(school of environmental studies "mahathmagandhi university") അതിൽ പറഞ്ഞിരിക്കുന്നത് പ്രകാരം,നൂറ്റി അറുപതിയൊന്ന് സപുഷ്പികളായ സസ്യങ്ങൾ ഒൻപതോളം പന്നൽ സസ്യങ്ങൾ 53 മരങ്ങളും 22 കുറ്റിച്ചെടികൾ 73 ചെറുസസ്യങ്ങൾ പതിമൂന്നോളം വള്ളിച്ചെടികൾ 24 ഓളം ഇനത്തിൽപ്പെട്ട തുമ്പികളും 34 ഇനം ചിത്രശലഭങ്ങളും ഇരുപത്തിമൂന്നിൽപരം ചിലന്തികളും 44 ഇനങ്ങളിൽപ്പെട്ട മത്സ്യങ്ങളും 7 ഇനം പാമ്പുകളും 9 ഇനത്തിൽപ്പെട്ട വ്യത്യസ്തങ്ങളായ സസ്തനികളും 93 ഓളം അസ്ഥിര വാസികളായ പക്ഷികളും പലകാലങ്ങളിലായി എത്തുന്ന മറ്റ് ദേശാടനപക്ഷികൾ എല്ലാം കൊണ്ട് സമ്പന്നമാണ് ഇവിടം.



 കാണാൻ സാധിക്കുന്നതിനും അപ്പുറമാണ്. ദ്വീപിന്റെ ഉള്ളറകളിലെ  നിഗൂഢതകൾ.എന്ന് തോന്നിപ്പോകുന്നു. ചതുപ്പുനിലങ്ങൾ ആയതിനാൽ അവിടേക്ക് കടന്നു ചെല്ലൽ ദുഷ്കരമാണ്.


ഒരു കാലത്ത് പതിനാലോളം വീടുകൾ ഉണ്ടായിരുന്നത്രേ ഈ ദ്വീപിൽ. പിന്നീട് സംരക്ഷണത്തിനായി ദ്വീപ് സർക്കാർ ഏറ്റെടുക്കുകയും ദ്വീപിൽ താമസിച്ചിരുന്നവർക്ക് മുഹമ്മ പഞ്ചായത്തിൽ തന്നെ പല സ്ഥലങ്ങളിലായി വേറെ വീടുകൾ നൽകുകയും ചെയ്തു. പക്ഷേ അങ്ങനെയൊരു ചരിത്രത്തിന്റെ യാതൊരുവിധ  ശേഷിപ്പുകളും ഇവിടെ കാണുന്നില്ല. നിറയെ കണ്ടൽ ചെടികളും കാട്ടുവള്ളികളും തോടുകളും ചതുപ്പുകളും ഒക്കെയായി നിറഞ്ഞുനിൽക്കുന്ന സ്ഥലമാണ് ഇപ്പോൾ ഈ പാതിരാമണൽ ദ്വീപ്.


 ഇപ്പോഴിവിടം കേരള ടൂറിസം വകുപ്പിന് കീഴിൽ സഞ്ചാരികൾക്കായി തുറന്നു കൊടുത്തിരിക്കുകയാണ്.




ശാന്തമായി ഒഴുകുന്ന വേമ്പനാട്ടുകായലിലെ അതീവ ശാന്തമായ ഒരു ദ്വീപ് അതാണ് പാതിരാമണൽ.

 സഞ്ചാരികൾ കൊണ്ടുവരുന്ന പ്ലാസ്റ്റിക് കുപ്പികളും മറ്റും ദ്വീപിന്റെ പലസ്ഥലങ്ങളിലും അലക്ഷ്യമായി വലിച്ചെറിഞ്ഞിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു.ഇവിടെ വരുന്നവർ ആ കാര്യം കൂടി ശ്രദ്ധിക്കേണ്ടതാണ്.

 നമ്മുടെ പൂർവികർ ഈ ഭൂമിയിൽ നമുക്കായി പല അത്ഭുതങ്ങളെയും സംരക്ഷിച്ചു വെച്ചു. ഇന്ന് നമുക്ക് അതെല്ലാം കാണാനും ആസ്വദിക്കാനും സാധിക്കുന്നു. മനോഹരമായ ഈ ദ്വീപിനെ വരും തലമുറക്കായി സംരക്ഷിക്കേണ്ടത് നമ്മുടെ ബാധ്യത ആണ്.


പട്ടാപ്പകൽ ഇരുട്ടാകുന്ന പാതിരാവിൽ തിളങ്ങുന്ന ഈ തുരുത്തി ലേക്കുള്ള യാത്ര തീർത്തും ആസ്വാദ്യകരവും കൗതുകം നിറയ്ക്കുന്നതുമായ ഒന്നായിരുന്നു.



2 അഭിപ്രായങ്ങൾ:

സ്വപ്നവിത്തുകൾ

കാലം കെട്ടിപ്പൊക്കിയ ചിതലരിച്ച പരിഷ്കാരങ്ങളിൽ കുടുങ്ങി നീർവറ്റി വരണ്ടുകീറിയ തടങ്ങളിൽ കൂടി എന്റെ സ്വപ്നങ്ങളങ്ങനെ വേച്ചു വേച്ചു നടന്നു കിതച്ചു...