2022 ഓഗ 4

ഒരു കന്യാകുമാരി യാത്ര - 1

 



 വളരെക്കാലമായി ആഗ്രഹിക്കുന്ന ഒന്നായിരുന്നു ഒറ്റക്ക് ഒരു കന്യാകുമാരി യാത്ര. കൊറോണ യുടെ പശ്ചാത്തലത്തിൽ മുടങ്ങിക്കിടന്ന യാത്ര പെട്ടെന്നൊരു ദിവസം പോകാൻ തീരുമാനിച്ചു.


 രണ്ടു ദിവസത്തേക്ക് ആവശ്യമായ സാധനങ്ങൾ എല്ലാം എടുത്തു ടിക്കറ്റ് ബുക്ക് ചെയ്തു രാത്രി ഒരു പന്ത്രണ്ടരയോടെ KSRTC യുടെ മിന്നൽ ബസിന് അങ്ങ് കയറി.



 വെളുപ്പിന് 5 മണിയായപ്പോഴേക്കും തിരുവനന്തപുരത്തെത്തി. കൃത്യം ഒരു ചായ കുടിക്കാനുള്ള സമയം കിട്ടി. അപ്പോഴേക്കും കന്യാകുമാരിക്ക് ഉള്ള ബസ് വന്നു. ചെറുതായി മഴ പെയ്യുന്നുണ്ട്. കേരളത്തിന്റെയും തമിഴ്നാടിന്റെയും സംസ്കാരങ്ങൾ ഇടകലർന്ന ഒരുപാട് കാഴ്ചകളിൽ ഒരുപാട് അറിവും അനുഭവങ്ങളുമായി ഒരു നല്ല യാത്ര.





 നിറയെ ആമ്പൽ കുളങ്ങളും വയലുകളും തടാകങ്ങളും മലകളും ഒക്കെയായി സൗന്ദര്യത്താൽ സമ്പന്നമായ നാഗർകോവിൽ പ്രദേശത്തിന്റെ ഭംഗി എടുത്തുപറയേണ്ടതാണ് 

 അങ്ങനെ ആ നല്ല യാത്രയ്ക്ക് അവസാനം. രാവിലെ ഏഴരയോടെ കന്യാകുമാരി മുനമ്പിൽ എത്തി . നല്ല ഒരു ചായ കുടിച്ച് കടൽത്തീരത്തെക്ക് ഇറങ്ങി.



 വീശിയടിക്കുന്ന തിരമാലകളുടെ ശബ്ദത്തിനൊപ്പം തെരുവ് കച്ചവടക്കാരിലേക്കുള്ള ആൾ തിരക്കും ഏറിവന്നു.തിരക്കുകൾക്ക് നടുവിലൂടെതന്നെ ഞാനാ ദൃശ്യഭംഗിയിലേക്ക് നടന്നിറങ്ങി.



അലയടിച്ചിരുന്നു ആ കൂറ്റൻ തിരമാലകളുടെ ശബ്ദത്തിനൊപ്പം പ്രദേശവാസികളായ സാധാരണക്കാരുടെ ജീവിത രീതികളും കണ്ട് ആ തീരത്ത് കൂടി ഞാൻ നടന്നു.



അകലെയാ കടൽ തിരകൾക്ക് നടുവിലായി കാണുന്നതാണ് വിവേകാനന്ദ പാറ. ഇവിടെയുള്ള വിവേകാനന്ദസ്വാമികളുടെ പ്രതിമയും ധ്യാന മണ്ഡപം എല്ലാം മുഖ്യ ആകർഷണങ്ങളാണ്. തൊട്ടടുത്ത്തന്നെ തിരുവള്ളുവർ പ്രതിമയും കാണാം .


 ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും തെക്ക് വശമാണ് ഇവിടം. സൂര്യോദയവും സൂര്യാസ്തമയവും ഏതാണ്ട് ഒരേ ദിശയിൽ തന്നെ ഇവിടെ നിന്നാൽ കാണാം എന്ന പ്രത്യേകതയുമുണ്ട്.



ബംഗാൾ ഉൾക്കടലും ഇന്ത്യൻ മഹാസമുദ്രവും അറബിക്കടലും കൂടിച്ചേരുന്ന ത്രിവേണി  സമുദ്രസംഗമം ഇവിടെനിന്നാൽ കാണാം.

 ആ തിരകളെ തൊട്ട് കടൽക്കാറ്റ് ഏറ്റ് തീരത്തുകൂടി ഒരുപാട് നടന്നു. അകലെയായി കാറ്റാടിപ്പാടങ്ങളും നോക്കെത്താ ദൂരത്ത് വിശാലമായ സമുദ്രവും.



മത്സ്യത്തൊഴിലാളികളും. മത്സ്യബന്ധന ബോട്ടുകളും നിരവധിയാണ്  കരകൗശല വസ്തുക്കളുടെ വില്പനശാലകളും, കടൽ വസ്തുക്കൾ കൊണ്ടുണ്ടാക്കിയ അലങ്കാര വസ്തുക്കളും പഴങ്ങളും മറ്റു കച്ചവട സാധനങ്ങളും കൊണ്ടും നിറയെ കച്ചവടക്കാരെ കൊണ്ടും ഫോട്ടോ ഗ്രാഫഴ്സിനെ കൊണ്ടും സഞ്ചാരികളെ കൊണ്ടും അവിടം നിറഞ്ഞിരിക്കുന്നു.



അവിടമാകെ ചുറ്റി നടന്നു കണ്ട് പതിനൊന്നരയോടെ തിരികെ നടന്നു. ബസ് സ്റ്റാൻഡിലേക്ക് രണ്ട് കിലോമീറ്റർ നടക്കണം. നല്ല വെയിലുമുണ്ട്. പ്രദേശവാസിയായ ഒരാളുടെ ബൈക്കിന്റെ പിന്നിൽ ലൈഫ്റ്റടിച്ച് സ്റ്റാൻഡ് വരെ എത്തി.



ഭാഗ്യം; ബസ് കിടക്കുന്നുണ്ട്..

ബസിൽ കയറി "തക്കലെ" എന്ന സ്ഥലത്തിന് ടിക്കറ്റ് എടുത്തു. "പത്മനാഭപുരം കൊട്ടാരം" ആണ് ലക്ഷ്യം.



അവിടുത്തെ അനുഭവങ്ങൾ അടുത്ത ഭാഗത്തിൽ എഴുതാം.

പിന്നീട് എങ്ങോട്ടെന്ന് അവിടെ ചെന്നിട്ട് തീരുമാനിക്കാം..

ബസ് മുന്നോട്ടെടുത്തു. പതിയെ കന്യാകുമാരിയോട് വിടചൊല്ലി അകന്നു.


കാഴ്ചകൊണ്ട് മാത്രമല്ല അറിവും അനുഭവങ്ങൾ കൊണ്ടും ഒരുപാട് ഇഷ്ടപ്പെട്ടൊരു പ്രദേശം.







 


3 അഭിപ്രായങ്ങൾ:

സ്വപ്നവിത്തുകൾ

കാലം കെട്ടിപ്പൊക്കിയ ചിതലരിച്ച പരിഷ്കാരങ്ങളിൽ കുടുങ്ങി നീർവറ്റി വരണ്ടുകീറിയ തടങ്ങളിൽ കൂടി എന്റെ സ്വപ്നങ്ങളങ്ങനെ വേച്ചു വേച്ചു നടന്നു കിതച്ചു...